കോട്ടയം: കോട്ടയം നഗരം വീണ്ടും ഗുണ്ടാ സംഘങ്ങളുടെ പിടിയിലേക്കോ? അടുത്ത നാളിൽ ചെറുതും വലുതുമായ നിരവധി ഗുണ്ടാ സംഘങ്ങളാണ് നഗരത്തിൽ തലപൊക്കിയിരിക്കുന്നത്.
കഞ്ചാവ്, മയക്കുമരുന്ന് കച്ചവടത്തിന്റെ മറവിലാണ് ഗുണ്ടാ സംഘങ്ങൾ പെരുകിയിരിക്കുന്നത്. കഞ്ചാവ് മയക്കു മരുന്ന് ലോബി തങ്ങളുടെ കച്ചവടത്തിനായി ഗുണ്ടാ സംഘത്തിനെയാണ് ഉപയോഗിക്കുന്നത്.
കോളജ് വിദ്യാർഥികളാണ് കൂടുതലും ഗുണ്ടാസംഘത്തിലെത്തുന്നത്.പണത്തിനായി എത്തുന്ന ഇവർ ഗുണ്ടാ സംഘം പറയുന്ന എന്തും ചെയ്യാൻ തയാറായിട്ടാണ് എത്തുന്നത്.
സ്കൂൾ, കോളജ് കേന്ദ്രീകരിച്ച് വൻ തോതിലാണ് കഞ്ചാവിന്റെയും മയക്കുമരുന്നിന്റെ കച്ചവടം നടക്കുന്നത്. ബസ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും കഞ്ചാവ് കച്ചവടം വ്യാപിച്ചിരിക്കുകയാണ്.
തിരുനക്കര മൈതാനം, പഴയ പോലീസ് സ്റ്റേഷൻ മൈതാനം, കെഎസ്ആർടിസി ബസ്റ്റാൻഡ്, ടിബി റോഡ് എന്നിവിടങ്ങളിലെല്ലാം സാമൂഹ്യവിരുദ്ധരും ഗുണ്ടകളും അഴിഞ്ഞാടുകയാണ്.