അമ്പലപ്പുഴ: നാട് കോവിഡ് വ്യാപന ആശങ്കയിൽ വിറങ്ങലിച്ച് നിൽക്കുന്പോൾ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ആരോഗ്യ വകുപ്പുദ്യോഗസ്ഥർ ഉല്ലാസയാത്രയിൽ എന്ന് ആരോപണം.
അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിലെ ആരോഗ്യ വകുപ്പുദ്യോഗസ്ഥരാണ് പഠനയാത്രയുടെ മറവിൽ കുടുംബസമേതം മൂന്നാറിലടക്കം ഉല്ലാസ യാത്ര നടത്തിയതെന്ന് ആക്ഷേപം.
മുൻ കാലത്തേതുപോലെ ഇത്തവണയും അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലടക്കം കോവിഡ് വർധിക്കുകയാണ്.ഇതിന്റെ ടി പി ആർ പോലും പുറത്തു വിടാൻ തയാറാകാത്ത ഉദ്യോഗസ്ഥരാണ് സർക്കാർ നിർദേശം കാറ്റിൽപ്പറത്തി ഉല്ലാസയാത്രക്ക് പോയത്.
ആരോഗ്യ വകുപ്പിൻ്റെ കായകൽപ്പ പുരസ്കാരം നേടിയ മൂന്നാറിന് സമീപമുള്ള ആരോഗ്യ സ്ഥാപനത്തെക്കുറിച്ച് പഠിക്കാനെന്ന പേരിലാണ് ഇവർ ഈ ഉല്ലാസ യാത്ര നടത്തിയത്. ചില ജീവനക്കാർക്ക് മാത്രം പോകാനാണ് അനുമതി നൽകിയിരുന്നത്. എ
ന്നാൽ ഇവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 40ലധികം പേരാണ് രഹസ്യ യാത്ര നടത്തിയത് എന്നാണ് വിവരം.യാത്ര പരമാവധി മറ്റുള്ളവർ അറിയാതിരിക്കാൻ അവധി ദിവസമാണ് ഇവർ തെരഞ്ഞെടുത്തത്.
അമ്പലപ്പുഴ ക്ഷേത്രത്തിൽ പന്ത്രണ്ട് കളഭ മഹോത്സവത്തിന് ആരോഗ്യ വകുപ്പിന്റെ ഹെൽപ്പ് ഡസ്ക് ആരംഭിച്ചിട്ട് ഇത് മാതൃകാപരമായി പ്രവർത്തിപ്പിക്കാൻ പോലും യുഎച്ച് ടിസി അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
കോവിഡ് ആശങ്ക നിലനിൽക്കുമ്പോഴും ഹെൽപ്പ് ഡസ്ക്കിൻ്റെ പ്രവർത്തനം ആശാ വർക്കർമാരെ ഏൽപ്പിച്ച ശേഷം ഉല്ലാസയാത്രക്ക് പോയ ഉദ്യോഗസ്ഥർക്കെതിരെയും ഇതിന് അനുമതി നൽകിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം വേണമെന്ന് നാട്ടുകാരുടെ ആവശ്യം.