പറപ്പൂർ: തെരുവുനായ്ക്കുട്ടികളും അത്ര മോശക്കാരല്ലെന്നത് ആളുകൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കയാണ്. അവയെ ദത്തെടുക്കാനും വളർത്താനുമൊക്കെ തയാ റായി ഇപ്പോൾ ആളുകൾ കേരളത്തിലെവിടെയും എത്തുന്നു.
കഴിഞ്ഞ ദിവസം പറപ്പൂരിലാണ് അത്തരമൊരു ദത്തെടുക്കൽ നടന്നത്. പറപ്പൂർ സ്വദേശി നവീൻ പുത്തൂരിന്റെ വീട്ടിലെത്തിയ തെരുവുപട്ടി പ്രസവിച്ചു. നാലു നായ്ക്കുട്ടികൾ.
വളർത്തുന്നതിനു സൗകര്യമില്ലാത്തതിനാൽ ക്ഷണിക്കാതെ എത്തിയ അതിഥികളെ ഉപേക്ഷിക്കേണ്ട സാഹചര്യം വന്നപ്പോഴാണ് വാട്സാപ്പ് ഗ്രൂപ്പുകളിൽ വാർത്ത നല്കിയത്. ഇതു കണ്ട മലപ്പുറം സ്വദേശി അഗിൻ പറപ്പൂരിലെത്തി.
ഒരു നായ്ക്കുട്ടിയെ മാത്രം ദത്തെടുക്കാനാണ് അഗിൻ എത്തിയത്. പക്ഷേ, മൂന്ന് നായ്ക്കുട്ടികളെയും കൊണ്ടാണ് മലപ്പുറത്തേക്കു മടങ്ങിയത്.
നാലാമത്തെ നായ്ക്കുട്ടിയെ മറ്റൊരു പറപ്പൂർക്കാരൻ ദത്തെടുക്കുവാൻ സന്നദ്ധത അറിയിച്ചതിനാൽ തെരുവുനായ്ക്കൾക്കു വീണ്ടും തെരുവിലേക്കിറങ്ങേണ്ടി വന്നില്ലെന്നതാണ് ആശ്വാസം.
ഇത്തരത്തിൽ തെരുവുനായ്ക്കളെ ദത്തെടുക്കാൻ ആളുകൾ തയാറായാൽ ഒരു പരിധിവരെ തെരുവുനായ് ശല്യം കുറയ്ക്കുവാൻ സാധിക്കുമെന്നും നവീൻ പറയുന്നു.
തെരുവുനായയാണെന്നു കരുതി തിരിഞ്ഞുനോക്കാതിരിക്കരുത്. നല്ല ഭക്ഷണം നൽകിയാൽ മറ്റു നായ്ക്കളെക്കാളും ആരോഗ്യമുള്ളവയായി ഇവരും വളരും.