കോട്ടയം: പാലാ കൊട്ടാരമറ്റം സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ ബസിൽ വച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാലായിലെ മൂന്നു ബസ് സ്റ്റാൻഡുകളിലും പോലീസ് പരിശോധന കർശനമാക്കി.
ഇന്നലെ നടത്തിയ പരിശോധനയിൽ കൊട്ടാരമറ്റം ബസ്സ്റ്റാൻഡിലെയും പാലാ ടൗണ്‍ ബസ് സ്റ്റാൻഡിലെയും കംഫർട്ട ്സ്റ്റേഷനിൽ ജീവനക്കാരെ മദ്യപിച്ച നിലയിൽ കണ്ടെത്തി.
ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരമറ്റം കംഫർട്ട് സ്റ്റേഷനിലെ ജീവനക്കാരൻ തങ്കപ്പൻ (60), ടൗണ്‍ ബസ് സ്റ്റാൻഡിലെ ജീവനക്കാരൻ മാത്യു ജോണ്‍ (38)എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഇരുവരും അമിതമായി മദ്യപിച്ച് ലക്കു കെട്ട അവസ്ഥയിലായിരുന്നു. ഇരുവർക്കുമെതിരെ കേസെടുത്തു. സ്ത്രീകൾ ഉൾപ്പെടെ നിരവധി യാത്രക്കാർ കംഫർട്ട് സ്്റ്റേഷനിലെ ജീവനക്കാർക്കെതിരെ പരാതി നൽകിയിരുന്നു.
നഗരസഭ അധികൃതരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. കംഫർട്ട് സ്റ്റേഷൻ കരാറുകാരെ വിളിച്ചു വരുത്തി ജീവനക്കാരുടെ മദ്യപാനത്തിനെതിരെ കർശന നിർദേശം നൽകി.
കഴിഞ്ഞ ശനിയാഴ്ചയാണ് ബസ്റ്റാൻഡിൽ ബസിനുള്ളിൽ പട്ടാപ്പകൽ പീഡനം നടന്നത്. ബസിനുള്ളിൽ ഒരു പെണ്‍കുട്ടിയും ബസ്്ജീവനക്കാരും ഉണ്ടെന്നും ബസിന്റെ ഷട്ടർ അടഞ്ഞാണ് കിടക്കുന്നതെന്നുമാണ് പോലീസിനു ലഭിച്ച വിവരം.
ഇതനുസരിച്ച് പാലാ എസ് എച്ച്ഒ കെ.പി. തോംസന്റെ നേതൃത്വത്തിലുള്ള പോലീസ് ബസിനുള്ളിൽ നിന്നും കുട്ടിയേയും പ്രതിയേയും കണ്ടെത്തുകയായിരുന്നു.