കോട്ടയം: ഗുണ്ടാ സംഘത്തിന്റെ അക്രമത്തിൽ കൊല്ലപ്പെട്ട ഷാനിനു അതി കൂര്രമായ മർദ്ദനമാണ് ഏറ്റത്.
ഷാനിന്റെ ദേഹത്ത് ക്രൂരമർദ്ദനത്തിന്റെ നാൽപതോളം അടയാളങ്ങളുണ്ടെന്ന് ഇൻക്വസ്്റ്റ്, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
തലയ്ക്കേറ്റ് അതി കഠിനമായ പരിക്കും തലച്ചോറിലെ ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കീഴൂക്കുന്ന ഭാഗത്തു നിന്നാണ് ഷാനിനെ ഞായറാഴ്ച രാത്രി ഗുണ്ട ജോമോന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്.
രക്തം കട്ടപിടിച്ച്…
തുടർന്ന് മാങ്ങാനം, പാന്പാടി, ആനത്താനം, മണർകാട് പ്രദേശങ്ങളിലെ പോക്കറ്റ് വഴികളിലൂടെ ഓട്ടോയിൽ ഷാനിനെ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.
മാങ്ങാനത്തിനു സമീപമുള്ള ഗ്രൗണ്ടിൽ വച്ചാണ് കൂടുതൽ മർദ്ദനവും നടത്തിയത്. ഷർട്ടും പാന്റും അടിവസ്ത്രവും ഉൗരിമാറ്റി ഷാനിനെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.
കണ്ണു കുത്തി പൊട്ടിക്കാൻ ശ്രമിച്ചു. ഇതിനെ തുടർന്ന് കണ്ണിൽ രക്തം കട്ടപിടിച്ച് വീർത്തു നീരുവച്ച നിലയിലാണ്. വയർ, പുറം, നെഞ്ച് തല തുടങ്ങിയ ഭാഗങ്ങളിലാണ് മുറിവുകൾ ഏറെയും.
മുറിവുകൾക്കു പുറമേ ചതവുകളുമുണ്ട്. കാപ്പിവടി ഉപയോഗിച്ചാണ് അടിച്ചതെന്നും ജോമോൻ പോലീസിനോടു പറഞ്ഞു.
മർദ്ദനത്തിനിടയിൽ ഷാൻ തന്നെ കൊല്ലരുതെന്നു പല തവണ കരഞ്ഞ് ആവശ്യപ്പെട്ടിരുന്നു. ഓട്ടോയിൽ വച്ചും റോഡിലിറക്കിയും മണിക്കൂറുകളോളം മർദ്ദിച്ച ഗുണ്ടാ സംഘം ശബ്ദം പുറത്തു കേൾക്കാതിരിക്കാനായി ഷാനിന്റെ വായ തോർത്തു ഉപയോഗിച്ച് മൂടികെട്ടിയിരുന്നു.
15 പേർ പോലീസ് കസ്റ്റഡിയിൽ
കോട്ടയം: ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ പേരിൽ 19കാരനെ തല്ലിക്കൊന്ന ശേഷം ഗുണ്ട മൃതദേഹം പോലീസ് സ്റ്റേഷനു മുന്നിലിട്ട സംഭവത്തിൽ 15പേർ പോലീസ് കസ്റ്റഡിയിൽ. കോട്ടയം കീഴുക്കുന്ന് ഉറുന്പേത്ത് ഷാൻ ബാബുവിനെയാണു കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട ഷാൻ ബാബുവിനെ കയറ്റികൊണ്ടു പോയ ഓട്ടോറിക്ഷയുടെ ഡ്രൈവർ പാന്പാടി എട്ടാം മൈൽ സ്വദേശി ബിനു, കൊലപാതകത്തിൽ നേരിട്ടു പങ്കാളികളായ അഞ്ചു പേർ, ജോമോന്റെ ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ള ഒന്പതു പേരുമുൾപ്പെടെ 15 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ഇവരെ ചോദ്യം ചെയ്തു വരുകയാണ് ഷാനിനെ കയറ്റി കൊണ്ടു പോയ ഓട്ടോറിക്ഷയേയും ഡ്രൈവറേയും ഇന്നലെ രാത്രിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
രാത്രി 9.30നു ഷാനിനെ ഓട്ടോറിക്ഷയിൽ കയറ്റി മാങ്ങാനത്തിനു സമീപം ആനത്താനത്ത് എത്തിച്ചു മർദ്ദിച്ചു കൊലപ്പെടുത്തിയതെന്നാണ് പോലീസ് ചോദ്യം ചെയ്യലിൽ പ്രതിയായ ജോമോൻ പറഞ്ഞിരിക്കുന്നത്.
തിങ്കളാഴ്ച പുലർച്ചെയാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കാപ്പാ ചുമത്തി നാടുകടത്തിയ കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസിനുസമീപം വാടകയ്ക്കു താമസിക്കുന്ന കോതമന ജോമോൻ കെ. ജോസ് (കെഡി ജോമോൻ-40) ഷാനിനെ മർദിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി പോലീസ് സ്റ്റേഷനിലെത്തിയത്.
ഞായാറാഴ്ച രാത്രി 9.30നു കീഴ്ക്കുന്ന് ഭാഗത്തുനിന്നും ഷാൻ ബാബുവിനെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയി മർദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം പുലർച്ചെ 3.45ന് ഷാൻ ബാബുവിനെ തോളിലേറ്റി താനാണ് കൊന്നതെന്ന വാദവുമായി ജോമോൻ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടർന്ന് ജോമോനെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു