ജോമി കുര്യാക്കോസ്
ദിവസം രണ്ടു മണിക്കൂറെങ്കിലും എഴുത്തിനായി മാറ്റിവയ്ക്കാതെ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയ്ക്ക് ഉറക്കം വരില്ല. തിരക്കുക ൾക്കിടയിലും വായനയും എഴുത്തും തപസ്യയാക്കിയ ശ്രീധരൻപിള്ള ഇതിനോടകം വിവിധ വിഷയങ്ങളിലായി എഴുതിയത് 143 പുസ്തകങ്ങൾ. മാസത്തിൽ ഒരു പുസ്തകമെങ്കിലും എഴുതി പ്രസിദ്ധീകരിക്കുകയെന്ന ശ്രമകരമായ അധ്വാനത്തിന് ഇദ്ദേഹം വിശ്രമം നൽകാറില്ല.
സജീവ രാഷ്ട്രീയ പ്രവർത്തകർ വായനയിലും പുസ്തക രചനയിലും ശ്രദ്ധ കേന്ദ്രീകരിക്കുക അപൂർവമാണ്. രാഷ്ട്രീയവും അഭിഭാഷകജോലിയും നിലവിൽ ഗവർണർ പദവിയും വഹിക്കുന്ന പി.എസ്. ശ്രീധരൻപിള്ള ഇത്തരത്തിലാണ് വ്യത്യസ്തനാകുന്നത്.
എഴുത്തിന്റെ ഗഹനതയിലും പ്രസംഗത്തിന്റെ പാണ്ഡിത്യത്തിലും കയ്യൊപ്പു ചാർത്തിയശേഷമാണ് ഭരണഘടനാ പദവിയായ ഗവർണർ സ്ഥാനത്തേക്ക് അഡ്വ. പി.എസ്. ശ്രീധരൻപിള്ള കടന്നുവന്നത്.
മിസോറാം ഗവർണറായി എത്തിയശേഷം തന്റെ രചനകൾ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാക്കാൻ ഒരിക്കലും താത്പര്യപ്പെട്ടിട്ടില്ല. തീക്ഷ്ണമായ ജീവിതാനുഭവങ്ങളും അഭിഭാഷക – രാഷ്ട്രീയമേഖലകളിൽ കണ്ടറിഞ്ഞ വാസ്തവങ്ങളും നേർക്കാഴ്ചകളുമാണ് തന്നിലെ എഴുത്തുകാരനെ ഉത്തേജിപ്പിക്കുന്നതെന്ന് ശ്രീധരൻ പിള്ള പറയുന്നു.
വേറിട്ട രചനാശൈലി
സ്വന്തം പേരടയാളമുള്ള 143 പുസ്തകങ്ങളിൽ നിയമസംഹിതകളും ഇന്ത്യൻ ചരിത്രസംഭവങ്ങളും സാമൂഹ്യ സാംസ്കാരിക ഇതിവൃത്തങ്ങളും സാഹിത്യവുമൊക്കെ ഉൾച്ചേർന്നിരിക്കുന്നു. എഴുത്തിന്റെ ഇടങ്ങളിലും ആശയ വിനിമയത്തിലും ആനന്ദകരമായ തരംഗദൈർഘ്യവും ചാലകശക്തിയും എല്ലായ്പ്പോഴും അനുവാചകരിലേക്ക് ശ്രീധരൻപിള്ള സൃഷ്ടിച്ചെടുക്കുന്നുണ്ട്.
യാത്രകൾ, ഭാരതീയത, നിയമം, സോഷ്യലിസം, സാംസ്കാരിക ത്തനിമ, തത്വചിന്ത, വ്യക്തിസ്വാതന്ത്ര്യം, സാന്പത്തികം എന്നിങ്ങനെ വിവിധങ്ങളായ ചിന്തകളാണ് അക്ഷര ജ്വാലകളിൽ ഈ പ്രതിഭയെ പ്രചോദിപ്പിക്കുന്നത്.
കോളജ് പഠന സമയത്താണ് എഴുത്തിലേക്ക് എത്തുന്നത്. പൊതു പ്രവർത്തനവും എഴുത്തിനെ സ്വാധീനിച്ചു. കോഴിക്കോട് ലോ കോളജിൽ പഠിക്കുന്പോൾ ആദ്യ വർഷം കോളജ് മാഗസിൻ എഡിറ്ററായിരുന്നു. പിന്നീട് വൈസ് ചെയർമാനുമായി.
‘അഭിഭാഷകനായിരുന്നപ്പോഴും പൊതുപ്രവർത്തന രംഗമായിരുന്നു എന്റെ ഇടം. അവിടെ കണ്ടും അനുഭവിച്ചറിഞ്ഞതുമായ ഇടപെടലാണ് എന്നിലെ എഴുത്തുകാരനെ മുന്നോട്ടു നയിച്ചത്. രാഷ്ട്രീയം എന്നതിനപ്പുറം സാമൂഹിക ഇടപെടലുകൾ നൽകിയ അനുഭവങ്ങളും പച്ചയായ ജീവിതങ്ങളും എന്നിലെ എഴുത്തുകാരനെ വിവിധ ചിന്താ മേഖലകളിലേക്ക് എത്തിക്കുകയായിരുന്നു.
അഭിഭാഷകനെന്ന നിലയിൽ ഞാനിടപെടുന്ന കേസുകൾ പോലും എന്റെ എഴുത്തിന്റെ പ്രേരണകളായി. ലോ കോളജ് പഠന കാലത്തുതന്നെ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ എഴുതുമായിരുന്നു. അക്കാലത്താണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ’
അന്നും പൊതു പ്രവർത്തന രംഗത്ത് സജീവമായിരുന്നതിനാൽ എഴുതിയ പലതും നശിപ്പിച്ചു കളയേണ്ടിവന്നിട്ടുണ്ട്. എണ്പതുകളിലാണ് കവിതാലോകത്തേക്ക് ചുവടുവെയ്ക്കുന്നത്. 1999 ൽ ചന്ദ്രിക മാഗസിനിൽ നിന്ന് കവിതയ്ക്കു ലഭിച്ച നൂറു രൂപയാണ് എഴുത്തിനു ലഭിച്ച ആദ്യ പ്രതിഫലം.
എം.ടി. വാസുദേവൻ നായർ അവതാരിക എഴുതി 2004-ൽ പുറത്തിറങ്ങിയ കാലദാനം എന്ന കവിതാ സമാഹാരമാണ് ആദ്യം പുറത്തിറങ്ങുന്നത്. പിന്നീട് പഴശിസ്മൃതി, നോവും നനവും, ഉദകുംഭം, മർമരങ്ങൾ, മന്ദാരങ്ങൾ, നീർത്തുള്ളികൾ, ഓ മിസോറാം തുടങ്ങിയ സമാഹാരങ്ങൾ. മിസോറാം ഗവർണറായിരിക്കുന്പോഴാണ് ഓ മിസോറാം എന്ന പുസ്തകം ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്നത്.
മിസോറാം അനുഭവങ്ങൾ
മിസോറാമിലെ ജീവിതവും സംസ്കാരവും പാരന്പര്യവും അനുഭവങ്ങളാണ് ആ രചനയ്ക്കു കാരണമായത്. പിന്നീടത് ഹിന്ദിയിലും മലയാളത്തിലും വിവർത്തനം ചെയ്തിരുന്നു.
ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവാണ് ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കിയത്. പിന്നീട് കഥാ രചനയുടെ ലോകത്തേക്കും എത്തി. ഗവർണർ പദവിയില് പുതിയ ഉത്തരവാദിത്വങ്ങളിലേക്കു കടന്നപ്പോഴും എഴുത്ത് മാറ്റി നിർത്താൻ കഴിയുമായിരുന്നില്ല.
2019 നവംബറിൽ മിസോറാം ഗവർണർ പദവിയില് എത്തിയതിനു ശേഷം 34 പുസ്തകങ്ങൾ എഴുതി.കഴിഞ്ഞ രണ്ടു വർഷം കോവിഡ് കാലമായതിനാൽ എഴുത്തിന്റെ ലോകത്ത് കൂടുതൽ സമയം വിനിയോഗിക്കാൻ അവസരം ലഭിച്ചു.
എഴുത്തിന്റെ ഇടങ്ങളെക്കുറിച്ച് ശ്രീധരൻ പിള്ള മനസ് തുറക്കുന്നത് ഇങ്ങനെയാണ്. ’ആശയം ഉള്ളിൽ ജനിച്ചു കഴിച്ചാൽ പിന്നെ എഴുത്ത് വേഗത്തിൽ നടക്കും. രാപകൽ വ്യത്യാസമില്ലാതെ ആശയങ്ങളെ പകർന്നിടും.
എഴുത്തിനൊപ്പം പുസ്തകങ്ങൾ വായിക്കാനും കൃത്യമായ സമയം മാറ്റിവയ്ക്കും. എഴുത്തിന്റെ തുടക്കകാലം മുതൽ തന്നെ നിരവധി പത്രമാധ്യമങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതുമായിരുന്നു.
ആദ്യ ബഹുമതി
ദീപിക, രാഷ്ട്രദീപിക പത്രങ്ങ ളിലും വാർഷിക പതിപ്പുകളിലും ഏറെ എഴുതി. മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ക്രൂശിക്കപ്പെടുന്ന നീതി എന്ന ലേഖനത്തിന്് 2000-ൽ മികച്ച നിയമ ഫീച്ചറിനുള്ള കെ. കുഞ്ഞിരാമൻ അവാർഡ് ലഭിച്ചു.
നൂറാമത്തെ പുസ്തകം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുറത്തിറക്കിയത്. അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച് ഇംഗ്ലീഷിൽ എഴുതിയ ഡാർക്ക് ഡെയ്സ് ഓഫ് ഡെമോക്രസി എന്ന പുസ്തകമായിരുന്നു അത്.
2010-ൽ പഴശിരാജയെക്കുറിച്ച് മലയാളത്തിൽ എഴുതിയ കവിതാ സമാഹാരം രാഷ്്ട്രപതി പ്രതിഭാ പാട്ടീലാണ് പ്രകാശനം ചെയ്തതത്. 2006-ൽ ഉപരാഷ്്ട്രപതിയായിരുന്ന മുഹമ്മദ് ഹമീദ് അൻസാരി പഴശിരാജയുടെ 200 -ാം ജൻമദിന ആഘോഷത്തിനു കേരളത്തിൽ എത്തിയപ്പോൾ എന്റെ ഇംഗ്ലീഷ് കവിത ചൊല്ലി പ്രസംഗമാരംഭിച്ചതും ജീവിതത്തിൽ എഴുത്തുകാരൻ എന്ന നിലയിൽ ഏറെ അഭിമാനം നൽകിയ നിമിഷങ്ങളായിരുന്നു.
തുടർച്ചയായ യാത്രകൾ എന്നിലെ എഴുത്തുകാരനെ ഉദ്ദീപിപ്പിക്കുന്നുണ്ട്. 1999- 2000 കാലഘട്ടത്തിലെ വിവിധ യാത്രകളാണ് ലക്ഷദ്വീപ്: മരതക ദ്വീപ് എന്ന യാത്രാ കുറിപ്പ് എഴുതുന്നതിനു ഹേതുവായത്.
1996 കാലഘട്ടത്തിൽ രചിച്ച പുന്നപ്ര, വയലാർ – കാണാപ്പുറങ്ങൾ എന്ന പുസ്തകം ചരിത്രത്തിലെ കാണാക്കാഴ്ചകളെ പകർന്നിടുകയായിരുന്നു. ചരിത്രപരമായ ഉൾക്കാഴ്ചകളാണ് അതിനു പ്രേരിപ്പിച്ചത്. അഭിഭാഷക മേഖലകളിലെ അനുഭവങ്ങളും പാഠങ്ങളും നിരവധി നിയമ ഗ്രന്ഥങ്ങളുടെ രചനകളെ വളരെയധികം സ്വാധീനിച്ചു.
വിമർശനങ്ങളിൽ പതറാതെ
2012 ൽ രമേശ് ചെന്നിത്തല കെപിസിസി നേതൃ സ്ഥാനത്തുള്ള സമയത്ത് കെപിസിസി പുസ്തക പ്രസിദ്ധീകരണം പുനരാരംഭിച്ചു. മുൻകാലത്ത് നിരവധി പുസ്കങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ് കെപിസിസിയുടെ പാരന്പര്യം.
അന്ന് കെപിസിസിയാണ് ഒഞ്ചിയം ഒരു മരണ വാറണ്ട് എന്ന എന്റെ പുസ്തകം പ്രസിദ്ധീകരിച്ചത്. പല വിമർശനങ്ങൾ പിന്നീട് കോണ്ഗ്രസ് പാർട്ടിയിൽ നിന്നും സ്വന്തം പാർട്ടിയിൽ നിന്നും ആ സംഭവത്തെപ്പറ്റി ഉയർന്നെങ്കിലും പുതിയൊരു മാറ്റമായാണ് ഞാനതിനെ കണ്ടത്.
പക്ഷേ, അതു തുടരാൻ കെപിസിസിക്കും മറ്റൊരു രാഷ്ട്രീയപാർട്ടിക്കും കഴിഞ്ഞില്ലെന്നത് നമ്മുടെ രാഷ്ട്രീയ ബോധത്തിന്റെ അപചയം തന്നെയാണ്. രാഷ്ട്രീയക്കാരൻ, അഭിഭാഷകൻ എന്നതിനപ്പുറം എഴുത്തുകാരനായി കേരള സമൂഹം ഇന്നും എന്നെ അംഗീകരിച്ചിട്ടില്ലെന്ന് എനിക്കു തോന്നിയിട്ടുണ്ട്. 2018 വരെ കേരളത്തിലിരുന്നാണ് എന്റെ രചനകളെല്ലാം നിർവഹിച്ചിട്ടുള്ളത്.
ഗവർണറായി മിസോറാമിലും പിന്നീട് ഗോവയിലും എത്തിയപ്പോഴും എഴുത്തുകാരൻ എന്ന വിശേഷണമാണ് എനിക്ക് എല്ലായിടത്തു നിന്നും ലഭിച്ചിട്ടുള്ളത്. എഴുത്തുകാരൻ എന്ന പേരു തന്നെയാണ് ഞാനേറ്റവും ഇഷ്ടപ്പെടുന്ന മേൽവിലാസാവും- ശ്രീധരൻ പിള്ള പറയുന്നു.
തന്റെ ജീവിതത്തെ, അനുഭവങ്ങളെ ഏകാന്ത തടവുകാരനായി രുചിച്ചറിഞ്ഞ് സർഗാത്മകമാക്കുകയാണ് ശ്രീധരൻ പിള്ളയിലെ എഴുത്തുകാരൻ. അവിടെ അനുഭവത്തിന്റെ സൂക്ഷ്മ തലങ്ങളിലൂടെ പ്രകൃതിയോടും സമൂഹത്തോടും രാജ്യത്തോടും ചരിത്രത്തോടുമെല്ലാം ശ്രീധരൻ പിള്ള സംവദിക്കുകയാണ്.