നടിയെ ആക്രമിച്ച കേസിലെ വിഐപിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പല വഴിയ്ക്ക് പുരോഗമിക്കുമ്പോള്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ സംശയമുനയില്‍ നിര്‍ത്തി ക്രൈംബ്രാഞ്ച്.
ശരത്തിന്റെ ശബ്ദ സാംപിള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്. ശരത്തിന്റെയും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജിന്റെയും വീടുകളില്‍ പോലീസ് പരിശോധന നടത്തി.
നടിയെ അക്രമിച്ചതിലും അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലും നിര്‍ണായകമായ ഇടപെടല്‍ നടത്തിയ ആളാണ് വിഐപി.
ദിലീപുമായി അടുത്ത ബന്ധമുള്ള പലരെയും വിഐപിയുടെ സ്ഥാനത്ത് പ്രതിഷ്ഠിച്ചെങ്കിലും വ്യക്തമായ തെളിവുണ്ടായിരുന്നില്ല.
ഇതിനു പിന്നാലെയാണ് ശരത്തിലേയ്ക്ക് അന്വേഷണം നീണ്ടത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശരത്തിനോട് ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല.
ഇതിനെത്തുടര്‍ന്നാണ് കോടതിയില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം ആലുവ തോട്ടുമുഖത്തുള്ള വീട്ടില്‍ റെയ്ഡ് നടത്തിയത്. ആറു മണിക്കൂറാണ് റെയ്ഡ് നീണ്ട് നിന്നത്.
ഈ സമയം ശരത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. ശരത്ത് ഒളിവിലാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇതും സംശയമുന ശരത്തിലേക്ക് നീളാന്‍ കാരണമാകുന്നു.
വിഐപിയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് സംവിധാകന് ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
ശരത്തിന്റെ ശബ്ദ സാംപിള്‍ പരിശോധിച്ച് വിഐപി ആണോയെന്ന് വ്യക്തത വരുത്താനാണ് പോലീസിന്റെ നീക്കം.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശരത്ത് കോടതിയെ സമീപിച്ചിട്ടുണ്ട്.
അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജിന്റെ കത്രക്കടവിലുള്ള ഫ്ലാറ്റില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.
അതേസമയം, നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന് ദിലീപ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകള്‍ വിലക്കണമെന്ന ദിലീപിന്റെയും അപേക്ഷയും കോടതി പരിഗണിയ്ക്കും. നടന് ദിലീപിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നിര്‍ണായകമാണ് ഹൈക്കോടതി വിധി.