ഗാന്ധിനഗർ: മധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തമായ ആതുരാലയമാണ് കോട്ടയം മെഡിക്കൽ കോളജ്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നുള്ള പാവപ്പെട്ടവരും, സാധാരണക്കാരുമായ നൂറുകണക്കിന് രോഗികളുടെ ആശ്രയ കേന്ദ്രം.
രോഗികളോടൊപ്പം അവരുടെ സഹായികളായി എത്തുന്നവരും ഉൾപ്പെടെ ദിവസേന 5000ത്തിലധികം ജനങ്ങളാണ് ഇവിടെ വന്നു പോകുന്നത്. കൂടാതെ കിടത്തി ചികിത്സ വേണ്ടി വരുന്ന 2500ഓളം ആളുകൾ വേറെയും.
ഇവരെ ചൂഷണം ചെയ്യുന്ന രീതിയിൽ ഭിക്ഷാടന മാഫിയകളും മെഡിക്കൽ കോളജ് പരിസരം ഉപയോഗിക്കുകയാണ്.പ്രധാന പ്രവേശന കവാടത്തിൽ മാത്രമല്ല, ആശുപത്രി കോന്പൗണ്ടിനുള്ളിലും ഇവർ സ്വൈരവിഹാരം നടത്തുന്നു.
പലപ്പോഴും ഒപി ടിക്കറ്റുകളും ഇവരുടെ കൈവശമുണ്ടാകും. അതുകൊണ്ടു തന്നെ രോഗിയെന്ന പരിവേഷത്തിലാണ് ഇവർ ആശുപത്രിക്കുള്ളിൽ അലഞ്ഞു തിരിഞ്ഞ് ഭിക്ഷാടനം നടത്തി വരുന്നത്.
സന്നദ്ധ സംഘടനകൾ നല്കി വരുന്ന പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും ഇവർ പരാമവധി പ്രയോജനപ്പെടുത്തുന്നുമുണ്ട്.
ഉച്ച കഴിയുന്പോൾ ഭിക്ഷയെടുത്തു കിട്ടിയ പണവുമായി മദ്യം വാങ്ങി കഴിച്ച ശേഷം അസഭ്യവർഷവും തമ്മിൽ തല്ലും ഇവരുടെ സ്ഥിരം പരിപാടിയുമാണ്.
കച്ചവടക്കാരും നാട്ടുകാരും വിവരമറിയിച്ച് പോലീസ് എത്തുന്പോഴേക്കും ഒന്നുകിൽ ഇവർ അവിടെ നിന്നും മുങ്ങിയിരിക്കും. അല്ലെങ്കിൽ രോഗിയാണെന്നു സാക്ഷ്യപ്പെടുത്തുന്ന ഒപി ചീട്ടു കാണിച്ച് രക്ഷപ്പെടും.
ഇത് ഇക്കൂട്ടരുടെ സ്ഥിരം പരിപാടിയായി മാറിയിരിക്കുകയാണ്.കഴിഞ്ഞ ദിവസം ഇക്കൂട്ടത്തിൽപെട്ട ഒരാൾ മദ്യപിച്ച ശേഷം മോർച്ചറിയുടെ സമീപത്തുകിടന്ന രോഗികളുടെ കൂട്ടിരിപ്പുകാരോട് തർക്കിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.
ഇക്കൂട്ടരെ ആശുപത്രി പരിസരത്തുനിന്നും ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിന്നും നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.