വെമ്പായം: ആൾ താമസമില്ലാതെ വീടിനു പിന്നിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് വേങ്കവിള ആര്യാഭവനിൽ അനിൽ (50) നെയാണ് മരിച്ച നിലയിൽ കണ്ടത്.
രാവിലെ ഈ വീടിനു സമീപത്ത് കൂടി പോയ നാട്ടുകാരനാണ് ഒരാൾ വീണ് കിടക്കുന്നതായി കണ്ടത്. തേക്കട പള്ളിക്ക് സമീപമുള്ള രാജേഷിന്റെ ഉടമസ്ഥതയിലുള്ള വീടിന് പിറകുവശത്തായി കമഴ്ന്നു കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടത്.
മദ്യപിച്ചു തിങ്കൾ രാത്രി ഏഴിന് നെടുമങ്ങാട് നിന്നും ബസിൽ കയറിയ അനിലിനെ ബസിൽ നിന്നും തേക്കട ഇറക്കി വിടുകയായിരുന്നു.
മദ്യലഹരിയിൽ ആയിരുന്ന അനിൽ ഏറെ നേരം ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിൽ കിടക്കുകയും രാത്രി 9.30 തോടെ എണീറ്റ് അടുത്തുള്ള കടക്കാരോട് വേങ്കവിള പോകുന്ന വഴി ചോദിക്കുകയും ചെയ്തിരുന്നതായി നാട്ടുകാർ പറഞ്ഞു.
തുടർന്ന് അനിൽ അവിടെ നിന്നും പോകുകയും ചെയ്തു.വീട്ടിലേക്ക് പോകുന്ന വഴിയാണെന്നു കരുതി മൺ തിട്ടയിലേക്ക് കയറിയ ഇയാൾ ഇവിടെ നിന്ന് കാൽ വഴുതി വീണതാകാമെന്ന് വട്ടപ്പാറ പോലീസ് പറഞ്ഞു.
വീടിന്റെ അടുക്കള ഭാഗത്തുള്ള പടിയിൽ തലയടിച്ച് രക്തം വാർന്ന നിലയിലായിരുന്നു. ഈ വീട്ടിൽ കഴിഞ്ഞ ഒരാഴ്ചയായി ആൾ താമസം ഇല്ലായിരുന്നു. നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു.
പോലീസ് എത്തി മരിച്ച ആളെ തിരിച്ചറിയാനായി ഫോട്ടോ സോഷ്യൽ മീഡിയ വഴി വേങ്കവിളയിലെ വാർഡ് അംഗത്തിനും മറ്റും അയച്ചു കൊടുക്കുകയും തുടർന്ന് അനിലിന്റെ മകൻ എത്തി അനിലിനെ തിരിച്ചറിയുകയുമായിരുന്നു.
അമിതമായി മദ്യപിച്ചാൽ അനിലിന് ഓർമ നഷ്ടപ്പെടുമെന്നും വഴി തെറ്റി പോകാറുണ്ടെന്നും അനിലിന്റെ മകൻ പറഞ്ഞതായി പോലീസ് പറഞ്ഞു.
തുടർന്ന് നെടുമങ്ങാട് ഡിവൈഎസ്പി സുൽഫിക്കറും വട്ടപ്പാറ പോലീസും, ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി. അനിലിന്റെ ഭാര്യ മഞ്ജുഷ. മകൻ: അനൂപ്.