ചേര്‍ത്തല: വിശുദ്ധിയുടെ പുണ്യസ്മരണകളുമായി തലയുയർത്തി നിൽക്കുകയാണ് അര്‍ത്തുങ്കല്‍ ബസിലിക്കയിലെ പഴയ പള്ളി.
ഇവിടെ തീര്‍ഥാടനത്തിനെത്തുന്ന വിശ്വാസികള്‍ മറക്കാതെ സന്ദര്‍ശിക്കുന്നതാണു പുതിയ പള്ളിക്കു പിന്നിലെ പഴയപള്ളി.
ശതാബ്ദങ്ങളുടെ വിശ്വാസ പാരമ്പര്യത്തിന്റെ കഥകള്‍ പറയുന്ന പള്ളി എന്ന നിലയിലാണു പഴയപള്ളി ഇന്നും പ്രൗഢിയോടെ നിലകൊള്ളുന്നത്. അര്‍ത്തുങ്കലില്‍ 1581ല്‍ ആണ് ആദ്യമായി പള്ളി സ്ഥാപിക്കപ്പെടുന്നത്.
ദേവാലയം നിര്‍മിക്കാന്‍ അനുവാദം തരണമെന്ന ആവശ്യവുമായി ഒരു സംഘം വിശ്വാസികള്‍ 1560 ല്‍ കൊച്ചി രാജാവിനു നിവേദനം നല്കി.
തുടര്‍ന്ന് 1581 നവംബര്‍ 30നു തടിയും ഓലയും കൊണ്ടു വിശുദ്ധ അന്ത്രയോസിന്റെ നാമധേയത്തില്‍ ആദ്യ പള്ളി നിര്‍മിക്കപ്പെട്ടു.
ജസ്യൂട്ട് പുരോഹിതനായിരുന്ന ഫാ. ഗാസ്പര്‍ പയസ് ആദ്യ വികാരിയായി നിയമിക്കപ്പെട്ടു. പിന്നീട് 1601 ല്‍ കല്ലുകെട്ടി പള്ളി പുതുക്കിപ്പണിതതു ഫാ. ഫെനീഷ്യോയുടെ നേതൃത്വത്തിലായിരുന്നു.
1647 ല്‍ അര്‍ത്തുങ്കല്‍ തീരത്തുകൂടെ കടന്നുപോയ ഇറ്റാലിയന്‍ പായ്ക്കപ്പലില്‍ നിന്നാണ് ഇപ്പോള്‍ അള്‍ത്താരയില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള വിശുദ്ധ സെബസ്ത്യാനോസിന്റെ അദ്ഭുത തിരുസ്വരൂപം പള്ളിയിലെത്തുന്നത്.
1910 ല്‍ പള്ളി പുതുക്കിപ്പണിയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇപ്പോള്‍ കാണുന്ന കരിങ്കല്ലില്‍ തീര്‍ത്ത ദേവാലയം 1967 ല്‍ ആണ് ആശീര്‍വദിക്കപ്പെടുന്നത്.
അര്‍ത്തുങ്കലില്‍ എത്തുന്ന എല്ലാവരും പഴയ പള്ളിയില്‍ അല്പസമയം ചെലവഴിക്കുക പതിവാണ്. പള്ളിയുടെ മധ്യഭാഗത്താണു പ്രസംഗപീഠം സ്ഥാപിച്ചിട്ടുള്ളത്.
മൈക്രോഫോണ്‍ ഇല്ലാതിരുന്ന കാലത്ത് എല്ലാവരും കേള്‍ക്കെ പ്രസംഗം നടത്തുന്നതിന് ഇതു സഹായകമായിരുന്നു. അള്‍ത്താര പഴയകാല ശില്പകലാ മാതൃകയിലുള്ളതാണ്.