കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന് ദിലീപന്റെ അടുത്ത സുഹൃത്ത് ശരത് ജി. നായരെ കണ്ടെത്താനായി ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.
കേസില്‍ ആറാം പ്രതിയായ ഇയാള്‍ ഒളിവിലാണെന്നാണ് സംശയിക്കുന്നത്. അതേസമയം കേസില്‍ ഉള്‍പ്പെട്ട വിഐപി ശരത്താണോയെന്ന് കണ്ടെത്തുന്നതിനായി അന്വേഷണ സംഘം ഇയാളുടെ ശബ്ദ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ദിലീപിനെതിരേ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തുവന്ന സംവിധായകന് ബാലചന്ദ്രകുമാര്‍ ശരത്തിന്റെ ചിത്രം കണ്ടു സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ശബ്ദപരിശോധന.
ഗൂഢാലോചന നടന്നുവെന്നു പറയുന്ന ദിവസം ദിലീപിന്റെ വീട്ടില്‍ ശരത്ത് എന്നയാള്‍ ഉണ്ടായിരുന്നുവെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി.
അന്നു വീട്ടിലുണ്ടായിരുന്ന ദിലീപിന്റെ ബന്ധുവിന്റെ കുട്ടി “ശരത് അങ്കിള്‍’ വന്നു എന്ന് ഉറക്കെ വിളിച്ചു പറഞ്ഞെന്നും മൊഴിയില്‍ സൂചിപ്പിച്ചിരുന്നു.
ശരത്തുമായി ഫോണില്‍ സംസാരിച്ച് ശബ്ദസാമ്പിള്‍ ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഫോണ്‍ ഓഫ് ചെയ്തു മുങ്ങിയതിനാല്‍ സാധിച്ചില്ല. ഒടുവില്‍ റിക്കാര്‍ഡ് ചെയ്യപ്പെട്ട ശബ്ദസാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.
അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശരത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.
നേരത്തെ ചില ചിത്രങ്ങള്‍ കാണിച്ചപ്പോള്‍, ശരത്തിനൊപ്പം ദിലീപിന്റെ മറ്റൊരു ബിസിനസ് പങ്കാളിയായ കോട്ടയം സ്വദേശി മെഹ്ബൂബിന്റെ ചിത്രത്തിലും ബാലചന്ദ്രകുമാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് മെഹ്ബൂബിന്റെ ശബ്ദം പരിശോധിക്കുകയും വിഐപി അയാളല്ലെന്നു ക്രൈംബ്രാഞ്ച് സ്ഥിരീകരിക്കുകയും ചെയ്തു. ഒരു മാഡം പറഞ്ഞിട്ടാണ് താന്‍ അകത്തായതെന്നു ദിലീപ് പറഞ്ഞതായും സംവിധായകന്റെ മൊഴിയിലുണ്ട്. ഈ മാഡത്തെ കണ്ടെത്തുന്നതിനും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അന്വേഷണം ഒരാളിലേക്കുകൂടി
കേസിലെ പ്രധാന ദൃശ്യങ്ങള്‍ പോലീസിനു നല്‍കാതെ ഒളിപ്പിച്ച വ്യക്തിയിലേക്കും അന്വേഷണം നീളുന്നു. സംവിധായകന് ബാലചന്ദ്രകുമാര്‍, ദിലീപിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ മെഹ്ബൂബ് പി. അബ്ദുള്ള എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇയാളിലേക്ക് അന്വേഷണം നീളുന്നത്.
പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെ കോപ്പി കണ്ടെത്തിയതോടെ ഇതിന്റെ ഒറിജിനല്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ പോലീസ് ഉപേക്ഷിച്ചിരുന്നു.
ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ അഭിഭാഷകരെ ഏല്‍പ്പിച്ചെന്നു മുഖ്യപ്രതി പള്‍സര്‍ സുനി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഇതേത്തുടര്‍ന്നു രണ്ട് അഭിഭാഷകരെ എഫ്ഐആറില്‍ പ്രതിചേര്‍ത്തിരുന്നെങ്കിലും പിന്നീടു പ്രതിപ്പട്ടികയില്‍നിന്ന് ഇവരെ നീക്കംചെയ്യുകയായിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച
അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.
ഹര്‍ജിയില്‍ വാദത്തിനായി പ്രോസിക്യൂഷന് സമയം തേടിയതു കണക്കിലെടുത്താണ് ജസ്റ്റീസ് പി. ഗോപിനാഥ് ഹര്‍ജികള്‍ മാറ്റിയത്.
ദിലീപിനു പുറമെ സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും കേസിലെ ആറാം പ്രതിയുമായ ശരത് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
പള്‍സര്‍ സുനി മാനസികസമ്മര്ദത്തിലെന്ന് അമ്മ
ഗൂഢാലോചന സംബന്ധിച്ചു പുതിയ വെളിപ്പെടുത്തലുകള്‍ വന്നതോടെ പള്‍സര്‍ സുനി കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്ന് സുനിയുടെ അമ്മ ശോഭന വെളിപ്പെടുത്തി. സുനിയെ എറണാകുളം സബ്ജയിലില്‍ സന്ദര്‍ശിച്ച ശേഷമാണ് ശോഭനയുടെ ഈ വെളിപ്പെടുത്തല്‍.
ശോഭനയുടെ രഹസ്യമൊഴി ഇന്നലെ രേഖപ്പെടുത്താനിരുന്നെങ്കിലും ആലുവ മജിസ്ട്രേറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ രഹസ്യമൊഴി രേഖപ്പെടുത്താനായില്ല. സുനിയെ വീണ്ടും ചോദ്യം ചെയ്യാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം വിചാരണക്കോടതിയെ സമീപിച്ചിട്ടുണ്ട്. വ്യാഴാഴ്ച കോടതി ഇതു പരിഗണിക്കും.