കൊച്ചി: യു ടൂബറും നടനുമായ ശ്രീകാന്ത് വെട്ടിയാറിനെതിരേ ബലാത്സംഗക്കുറ്റത്തിന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
ശ്രീകാന്തിനെതിരേ പരാതി നല്കിയ കൊല്ലം സ്വദേശിനിയുടെ രഹസ്യമൊഴി എറണാകുളം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി -2 ആണ് രേഖപ്പെടുത്തിയത്.
2021 ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ളാറ്റില്‍ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍വച്ചും ശ്രീകാന്ത് തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി.
ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതി ഒളിവിലാണ്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെയും സുഹൃത്തുക്കളുടെയും മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്.
എട്ടു വയസുള്ള കുട്ടിയുടെ അമ്മയായ യുവതി കൊച്ചിയില്‍ താമസിക്കവെയാണ് ശ്രീകാന്തുമായി പരിചയപ്പെടുന്നത്.
യൂട്യൂബ് വ്ളോഗിംഗിലൂടെയും ട്രോള്‍ വീഡിയോകളിലൂടെയും അറിയപ്പെടുന്ന ശ്രീകാന്തിനെതിരെ ഫേസ്ബുക്ക് പേജിലൂടെയാണ് യുവതി മീ ടൂ ആരോപണം ഉന്നയിച്ചത്.