മെൽബണ്‍: ഇന്ത്യൻ വനിതാ ടെന്നീസിന്റെ മുഖമായ സാനിയ മിർസ കോർട്ടിനോട് വിടപറയുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ താരമായ സാനിയ ഈ സീസണ് അവസാനിക്കുന്നതോടെ വിരമിക്കും.
സീസണിലെ ആദ്യ ഗ്രാൻസ്ലാം ആയ ഓസ്ട്രേലിയൻ ഓപ്പണ്‍ വനിതാ ഡബിൾസ് ആദ്യറൗണ്ടിൽ പരാജയപ്പെട്ട് പുറത്തായതിനു പിന്നാലെയാണ് മുപ്പത്തഞ്ചുകാരിയായ സാനിയ തന്റെ വിരമിക്കൽ തീരുമാനം അറിയിച്ചത്.
സ്ലോവേനിയൻ കൂട്ടുകെട്ടായ തമാറ സിദാൻഷെക് – കജ യുവാൻ കൂട്ടുകെട്ടിനോടാണ് സാനിയ മിർസ – യുക്രെയ്നിന്റെ നാദിയ കിചെനോക്ക് സഖ്യം ആദ്യ റൗണ്ടിൽ പരാജയപ്പെട്ടത്. സ്കോർ: 4-6, 6-7 (5-7). ഓസ്ട്രേലിയൻ ഓപ്പണിൽ മിക്സഡ് ഡബിൾസിൽ രാജീവ് റാമിനൊപ്പം സാനിയ കളത്തിലിറങ്ങുന്നുണ്ട്.
ലോക ഒന്നാം നന്പർ
ആറ് ഗ്രാൻസ്ലാം ഡബിൾസ് കിരീടങ്ങൾ നേടിയ സാനിയ 2015 ഏപ്രിലിൽ ഡബിൾസ് ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തായിരുന്നു. ഈ നേട്ടം കരസ്ഥമാക്കിയ ആദ്യ ഇന്ത്യൻ വനിതയാണ് സാനിയ. വനിതാ സിംഗിൾസിൽ 2003 മുതൽ 2013ൽ വിരമിക്കുന്നതുവരെ ഇന്ത്യയിലെ ഒന്നാം നന്പറായിരുന്നു.
2003ൽ സീനിയർ വിഭാഗത്തിൽ അരങ്ങേറിയ സാനിയ 10 വർഷത്തോളം നീണ്ട സിംഗിൾസ് കരിയറിൽ മുൻ ലോക ഒന്നാം നന്പറായ മാർട്ടിന ഹിൻഗിസ്, വിക്ടോറിയ അസാരെങ്ക, ദിനാര സഫീന, സ്വെറ്റേലിന കുസ്നെറ്റ്സോവ, വേര സ്വനരേവ തുടങ്ങിയ വന്പൻ താരങ്ങളെ തോൽപ്പിച്ചിട്ടുണ്ട്.
2007 ഓഗസ്റ്റിൽ ഡബ്ല്യുടിഎ ലോകറാങ്കിംഗിൽ 27-ാം സ്ഥനത്ത് എത്തി ഇന്ത്യയിൽനിന്ന് ഏറ്റവും ഉയർന്ന റാങ്കിലെത്തുന്ന റിക്കാർഡ് കുറിച്ചു.
ഇന്ത്യയിൽനിന്ന് ഡബ്ല്യുടിഎ സിംഗിൾസ് കിരീടം നേടുന്ന ആദ്യ വനിതാ ടെന്നീസ് താരം, ഗ്രാൻസ്ലാം നേടുന്ന ആദ്യ ഇന്ത്യൻ വനിത തുടങ്ങിയ ഒരുപിടി റിക്കാർഡുകളും സാനിയയുടെ പേരിലുണ്ട്.
ഡബിൾസ് സൂപ്പർ സ്റ്റാർ
ഡബിൾസിൽ ശ്രദ്ധകേന്ദ്രീകരിച്ച സാനിയ സ്വിസ് ഇതിഹാസതാരം മാർട്ടിന ഹിൻഗിസിനൊപ്പം 2015ൽ വിംബിൾഡൻ, യുഎസ് ഓപ്പണ്‍ വനിതാ ഡബിൾസ് കിരീടങ്ങൾ സ്വന്തമാക്കി. 2016ൽ ഓസ്ട്രേലിയൻ ഓപ്പണും ഈ സഖ്യത്തിനായിരുന്നു.
2009ൽ ഇന്ത്യയുടെ മഹേഷ് ഭൂപതിക്കൊപ്പം മിക്സഡ് ഡബിൾസ് ഓസ്ട്രേലിയൻ ഓപ്പണ്‍ നേടിയതാണ് സാനിയയുടെ ആദ്യ ഗ്രാൻസ്ലാം. മഹേഷ് ഭൂപതി – സാനിയ കൂട്ടുകെട്ട് 2014 ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിൾസിലും കിരീടം സ്വന്തമാക്കി.
2014ൽ ബ്രസീലിന്റെ ബ്രൂണോ സുവാരസിനൊപ്പം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിൾസ് കിരീടവും സാനിയ നേടി.
ഗ്രാൻസ്ലാം ടൂർണമെന്റുകൾക്കു പുറമേ ഏഷ്യൻ ഗെയിംസിലും ആഫ്രോ ഏഷ്യൻ ഗെയിംസിലും സ്വർണവും കോമണ്‍വെൽത്ത് ഗെയിംസിൽ വെള്ളിയും സ്വന്തമാക്കിയിട്ടുണ്ട്.
പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിന്റെ ഭാര്യയായ സാനിയ, 2018ൽ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് കളത്തിൽനിന്ന് വിട്ടുനിന്നെങ്കിലും 2020ൽ തിരിച്ചെത്തി.
എന്നാൽ, പഴയ ഫോമിലേക്ക് എത്താൻ സാധിച്ചില്ല. ഖേൽരത്നയും അർജുന അവാർഡും നൽകി രാജ്യം സാനിയയെ ആദരിച്ചിട്ടുണ്ട്.