സ്വന്തം ലേഖകൻ
പുൽപ്പള്ളി: കടത്തുകാരൻ ഓളത്തിന്റെ താളത്തിൽ പാടുന്പോൾ യാത്രക്കാർ അത് കേട്ടിരുന്നുപോകും. ചലർ കൂടെ മൂളും. ചിലർ താളംപിടിക്കും.
സംഗീത സത്ക്കാരം കഴിയുന്പോഴേക്കും യാത്ര തീർന്നിരിക്കും. എല്ലാവരുടെയും മനംനിറഞ്ഞാകും യാത്ര അവസാനിക്കുക. കേരള-കർണാടക അതിർത്തിയിലെ കബനീനദിയിൽ ഒരു കടത്തുകരനുണ്ട്.
പേര് സെൽവൻ. പെരിക്കല്ലൂർ തോണിക്കടവിലെ പ്രധാന കടത്തുകാരിലൊരാളാണ് സെൽവൻ. തോണിയിൽ യാത്ര ചെയ്യുന്നവരെ പാട്ടുപാടി ആനന്ദിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന സെൽവന്റെ പാട്ടുകൾ വൈറലാകുകയാണ്.
കോവിഡ് വ്യാപനത്തെ തുടർന്ന് അക്കരെ ബൈരക്കുപ്പയിലേക്കുള്ള തോണി സർവീസ് നിലച്ച അവസ്ഥയിലാണ്.
ഈ സാഹചര്യത്തിൽ പെരിക്കല്ലൂരിലെത്തുന്ന സന്ദർശകരെ കേരള ഭാഗത്തു കൂടി കബനീനദിയിലൂടെ തോണിയിൽ കൊണ്ടുപോകാറുണ്ട്.
ഈ സമയത്താണ് ശെൽവൻ തുഴച്ചിലിനൊപ്പം പാട്ടുപാടി സഞ്ചാരികളെ ആഹ്ലാദിപ്പിക്കുന്നത്. വളരെ ചെറുപ്പം മുതൽ പാട്ടുകളെ ഇഷ്ടപ്പെട്ടിരുന്ന സെൽവൻ സംഗീതമൊന്നും അഭ്യസിച്ചിട്ടില്ല.
എന്നാൽ ആരും കേട്ടിരുന്നുപോകുന്ന വിധത്തിൽ ഇന്പമായി സെൽവൻ പാടും. മണൽ വാരലായിരുന്നു ആദ്യം ജോലി.
പിന്നീട് കടത്തുകാരനായി. കഴിഞ്ഞ 15 വർഷമായി പെരിക്കല്ലൂർ തോണിക്കടവിലെ സജീവ സാന്നിധ്യമാണ് സെൽവൻ.
കേൾക്കാൻ ആളുകൾ കൂടിയതോടെ ഒരു ബ്ലൂടുത്ത് മൈക്ക് കൂടി സംഘടിപ്പിച്ച് മൊബൈലിൽ കരോക്കെയിട്ടാണ് ഇപ്പോൾ സെൽവൻ പാട്ട് പാടാറുള്ളത്.
എല്ലാ പാട്ടുകാരെയും ഇഷ്ടപ്പെടുന്ന സെൽവൻ പാടാൻ തെരഞ്ഞെടുക്കാറുള്ളത് യേശുദാസിന്റെ പാട്ടുകൾ മാത്രമാണ്.