വടക്കഞ്ചേരി: കുരുമുളകിന്റെ വിളവെടുപ്പായതോടെ മലയോരമേഖലകളെല്ലാം തിരക്കുകളിലേക്ക് വഴിമാറി. ഇനി ഒന്നുരണ്ട് മാസക്കാലം മുളകു പറിക്കലും ഉണക്കലും വൃത്തിയാക്കലുമായി കുരുമുളകിന്റെ ചൂരിലലിയും, കുറഞ്ഞ സ്ഥലത്ത് ഏറ്റവും കൂടുതൽ മുളക് ഉത്പാദനം നടക്കുന്ന പാലക്കുഴി ഉൾപ്പെടുന്ന മലന്പ്രദേശങ്ങൾ.
കൈയും മെയ്യും മറന്ന് മണ്ണിൽ അധ്വാനിച്ചതിന്റെ വിളവെടുപ്പുകാലമാണിത്. മലയോരത്തു കുരുമുളകുകൊടികളില്ലാത്ത തോട്ടങ്ങളോ വീട്ടുപരിസരങ്ങളോ ഉണ്ടാകില്ല.
വിസ്തൃതികളിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകാമെങ്കിലും എല്ലാവർക്കുമുണ്ടാകും മുളകുകൃഷി. റബർവിലയിലെ ചാഞ്ചാട്ടം മൂലം ഇടവേളയ്ക്കുശേഷം കുരുമുളകിനെയാണ് കർഷകർ ഇപ്പോൾ പ്രിയപ്പെട്ട വിളയാക്കി പരിപാലിക്കുന്നത്.
മുളകുവള്ളികളിൽ തിരിയിടുന്നതു മുതൽ വിളവും വിലയുമെല്ലാം കുടിയേറ്റ ഗ്രാമങ്ങളുടെ സാന്പത്തികഭദ്രതയുടെ അളവുകോലാണ്.
മുളകിന്റെ വിളവിലോ വിലയിലോ വ്യതിയാനമുണ്ടായാൽ അത് ഓരോ കുടുംബങ്ങളുടെയും ഒരു വർഷത്തെ കുടുംബ ബജറ്റുകളെ സ്വാധീനിക്കും.
മക്കളുടെ പഠനം, വിവാഹം, ചികിത്സ, വീടു നിർമാണം, വാഹനം പുതുക്കൽ, നല്ല ഭക്ഷണം തുടങ്ങി എല്ലാം നിയന്ത്രിക്കുന്നത് ഈ കറുത്തപൊന്നിനെ ചുറ്റിപ്പറ്റിയാണ്. ഇക്കുറി ചില തോട്ടങ്ങളിൽ നല്ല വിളവുണ്ടെന്നു പാലക്കുഴിയിലെ കർഷകനും പത്ര ഏജന്റുമായ തെള്ളകത്ത് ജോർജ് (കുഞ്ഞേട്ടൻ ) പറഞ്ഞു.
എന്നാൽ ചില തോട്ടങ്ങളിൽ തിരി കൊഴിച്ചിലും കൊടിക്കു വേരുചീച്ചിലുമായി വിളവ് നന്നേ കുറവാണ്. മഞ്ഞളിപ്പുരോഗവും പടരുന്നുണ്ട്.
വലിയ ലാഭകരമാകുംവിധമുള്ള വില ഇല്ലെങ്കിലും കുരുമുളകിന് ഭേദപ്പെട്ട വില ഉള്ളതിനാൽ വലിയ പ്രതീക്ഷയാണ് മലയോര വാസികൾക്ക് ഇക്കുറിയുള്ളത്.
കിലോക്ക് 470 രൂപ മുതൽ 500 കടന്നും വിലയുണ്ട്. ഗുണവും ഡിമാൻഡും കൂടുതലുള്ള പാലക്കുഴി, മംഗലംഡാം മലയോര മേഖലകൾ പ്രത്യേകിച്ച് കടപ്പാറ, കളികക്കല്ല് തുടങ്ങിയ പ്രദേശത്തെ കുരുമുളകിനു പത്തോ പതിനഞ്ചോ രൂപ കൂടുതൽ കിട്ടും.
എക്സ്പോർട്ട് ക്വാളിറ്റിയുള്ള മുളകാണ് ഇവിടെ വിളയുന്നതെന്നതാണ് പ്രത്യേകത. വലിപ്പക്കൂടുതൽ, തൂക്കക്കൂടുതൽ, കാണാനുള്ള ഭംഗി തുടങ്ങി സവിശേഷതകൾ ഏറെയുണ്ട് മലന്പ്രദേശത്തെ മുളകിന്.
കരിമുണ്ട, കരിമുണ്ടി, നീലമുണ്ടി തുടങ്ങിയ കുരുമുളക് ഇനങ്ങളാണ് പാലക്കുഴിയിൽ കൂടുതലുള്ളതെന്നു വലിയതോതിൽ മുളകുകൃഷിയുള്ള വെളിയാംകണ്ടം രാജു പറഞ്ഞു.
കാലാവസ്ഥ ഉൾപ്പെടെയുള്ള ഘടകങ്ങളെ ആശ്രയിച്ചാണ് മുളക് ഉത്പാദനം. എല്ലാം അനുകൂലമാണെങ്കിൽ പിന്നെ വിളവ് കുറയില്ല. പല മൂപ്പിലുള്ള മുളകായതിനാൽ ഓരോ കൊടികളിലും രണ്ടോ മൂന്നോ തവണ മുളക് പറിക്കേണ്ടിവരുമെന്നു മുളകുപറിക്കൽ വിദഗ്ധനായ ജോണി പറയുന്നു.
മുന്പൊക്കെ സീസണിൽ തമിഴ്നാട്ടിൽ നിന്നുള്ളവർ കൂട്ടത്തോടെ പാലക്കുഴി പോലെയുള്ള മലന്പ്രദേശങ്ങളിൽ എത്തിയിരുന്നു. ഇപ്പോൾ തൊഴിൽ തേടിയെത്തുന്നവർ കുറഞ്ഞു. ഇതിനാൽ ഉടമകൾതന്നെ മുളകുപറിക്കലുമായി അതിരാവിലെ തോട്ടത്തിലിറങ്ങണം.
വലിയ മുണ്ടുകൾ സഞ്ചി പോലെ കെട്ടി അതിലാണ് മുളക് പറിച്ചിടുക. നിശ്ചിത മൂപ്പെത്തിയാൽ മുളകെല്ലാം പറിച്ചെടുക്കണം.
അതല്ലെങ്കിൽ പഴുത്ത് മണികൾ കൊഴിഞ്ഞ് നഷ്ടം കൂടും. പറിച്ചെടുക്കുന്ന തിരിയോടുകൂടിയ മുളകു ചവിട്ടി മണി മാറ്റിയെടുത്ത് നാലോ അഞ്ചോ ദിവസം നല്ല വെയിലിൽ നിരത്തി ഉണക്കിയെടുക്കണം.
നല്ല മൂപ്പും നല്ല ഉണക്കവുമുള്ള കുരുമുളക് എത്ര കാലം വേണമെങ്കിലും കേടുകൂടാതെ സൂക്ഷിക്കാമെന്ന് കർഷകർ പറയുന്നു.