ഡൊമനിക് ജോസഫ്
മാന്നാർ: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുർന്ന് കർശന നിയന്ത്രണങ്ങൾ വരും ദിനങ്ങളിൽ ഉണ്ടാകുമെന്ന വാർത്ത പുറത്ത് വന്നതോടെ ബിവറേജസ് ഔട്ട് ലെറ്റുകളിൽ വൻ തിരക്ക്.
നിയന്ത്രണങ്ങൾ ശക്തമായാൽ അത് വിദേശ ചില്ലറ വിൽപ്പന ശാലകളെയും ബാധിക്കുമെന്ന മുൻ വിധിയോടെയാണ് മദ്യപൻമാർ കൂട്ടമായി ഇവിടങ്ങളിലേക്ക് എത്തുന്നത്.കഴിഞ്ഞ രണ്ട് ദിവസമായി വൻ തിരക്കാണ് എല്ലാ ഔട്ട് ലെറ്റുകളിലും ഉണ്ടായിരിക്കുന്നത്.
കൂടുതൽ സംഭരിക്കാൻ…
കഴിഞ്ഞ ലോക് ഡൗൺ കാലത്ത് ഇരട്ടിയിലധികം തുക നൽകിയാണ് വ്യാജമദ്യങ്ങൾ വരെ ഒരോത്തർ വാങ്ങിയത്.ഒരോയിടങ്ങളിലും ധാരാളം വ്യാജ മദ്യവിൽപ്പന കേന്ദ്രങ്ങളും ഉണ്ടായിരുന്നു.
മുൻ കാലങ്ങളിൽ ഉണ്ടായ അനുഭവം ഉണ്ടാകാതിരിക്കുവാനാണ് മുൻ കൂട്ടി ഇഷ്ട ബ്രാൻഡ് വാങ്ങി വയ്ക്കുവാനായി ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലേക്ക് എത്തുന്നത്.
ലോക് ഡൗൺ മുന്നിൽ കണ്ട് മദ്യ വിൽപ്പനക്കാരുടെ സംഘവും സജീവമായി രംഗത്തുണ്ട്. ഇവർ പലരെ വിട്ട് വില കുറഞ്ഞ മദ്യം വാങ്ങി കൂട്ടുന്നുണ്ട്.
ഒരാൾക്ക് മൂന്ന് ലീറ്റർ മദ്യം മാത്രമേ ഔട്ട് ലെറ്റുകളിൽ നിന്ന് ലഭിക്കുകയുള്ളൂ. അതിനാലാണ് ഇത്തരക്കാർ പലരെ കൊണ്ട് മദ്യം വാങ്ങിപ്പിക്കുന്നത്.
വില കുറഞ്ഞ മദ്യം ഇത്തരം വിൽപ്പനക്കാർ വാങ്ങി കൂട്ടിയതിനാൽ പല ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലും മദ്യത്തിൻ്റെ സ്റ്റോക്ക് ഇല്ലാതായി.
കൊള്ളലാഭം മുന്നിൽക്കണ്ട്…
ഒരു ലീറ്ററിന് 850 രുപയ്ക്ക് ലഭിക്കുന്ന മദ്യം കഴിഞ്ഞ ലോക് ഡൗൺ സമയത്ത് 2500 രൂപ തൊട്ട് മുകളിലേക്കായിരുന്നു വില.
ഈ ലാഭം മുന്നിൽ കണ്ടാണ് കച്ചവടക്കാർ കൂടുതൽ കരുതൽ ശേഖരം തയാറാക്കുന്നത്. എന്നാൽ കഴിഞ്ഞ തവണ ഇത്തരക്കാരുടെ കൈയിൽ നിന്ന് മദ്യം വാങ്ങി കൈ പൊള്ളിയവരും ചെറിയ കരുതൽ എന്ന നിലയിൽ മദ്യം വാങ്ങുന്നതിനാലാണ് ഔട്ട് ലെറ്റുകളിൽ തിരക്കുണ്ടാകാൻ കാരണമാകുന്നത്.