പിറവം: പതിമൂന്നുകാരിയായ സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. പിറവത്തെ സ്കൂളിൽ പഠിക്കുന്ന രാമമംഗലം സ്വദേശിനിയെ കടത്തിക്കൊണ്ടുപോകാനായിരുന്നു ശ്രമം.
സ്കൂളിലെ ആയയാണെന്നു പറഞ്ഞ് ഇന്നലെ രാവിലെ ഒരു സ്ത്രീ കുട്ടിയുടെ അച്ഛന്റെ ഫോണിലേക്ക് വിളിച്ചിരുന്നു.
സ്കൂൾ ബസ് വരില്ലെന്നും പകരം ഓട്ടോറിക്ഷ അയയ്ക്കാമെന്നും പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ഓട്ടോറിക്ഷയിൽ ഒരു സ്ത്രീ വീടിന് മുന്നിലെത്തി.
ഇതിനു തൊട്ടുമുമ്പ് സ്കൂൾ ബസ് എത്തുകയും കുട്ടി അതിൽ കയറിപ്പോകുകയും ചെയ്തിരുന്നു. ഇക്കാര്യം പറഞ്ഞപ്പോൾ സത്രീ ഓട്ടോറിക്ഷയിൽതന്നെ തിരിച്ചുപോയി.
സംശയം തോന്നിയ വീട്ടുകാർ രാമമംഗലം പോലീസിൽ പരാതി നൽകി. സ്ത്രീ വന്ന ഓട്ടോറിക്ഷ രാമമംഗലം കടവ് ഭാഗത്തുള്ള സ്റ്റാൻഡിൽ ഓടുന്നതാണെന്ന് കണ്ടെത്തി ഡ്രൈവറെ ചോദ്യം ചെയ്തു.
സ്ത്രീയെക്കുറിച്ച് അറിയില്ലെന്നാണ് ഡ്രൈവർ പറഞ്ഞത്. ഫോൺ നമ്പർ പിന്തുടർന്നു സ്ത്രീയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.