കോട്ടയം: ക്രൂരമായ മർദ്ദനത്തിനിടെ ബോധം മറഞ്ഞു താഴെ വീണ ഷാൻ പലതവണ മരണ വെപ്രാളത്തിൽ ശ്വാസം വലിച്ചു.
കൊടും പീഡനത്തിനിടയിൽ പലതവണ ജീവനുവേണ്ടി വെപ്രാളപ്പെട്ടതിനു ശേഷമാണ് ഷാൻ മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ഗുണ്ടാ സംഘം കൊലപ്പെടുത്തിയ ഷാനിനെ മർദ്ദനത്തിനൊടുവിൽ ആശുപത്രിയിലാക്കുന്ന കാര്യത്തിൽ ഗുണ്ടാ സംഘത്തിലെ ആളുകൾ തമ്മിൽ കശപിശയുണ്ടായി.
ബോധം മറഞ്ഞു വീണു മരണവെപ്രാളത്തിൽ ഷാൻ ശ്വാസം വലിക്കുന്നതു കണ്ടതോടെയാണ് ഗുണ്ടാതലവൻ ജോമോന്റെ സംഘത്തിലുണ്ടായിരുന്ന കിരണും സുധീഷും ഷാനിനെ ആശുപത്രിയിലാക്കാമെന്നു പറഞ്ഞത്.
രാത്രിയിൽ നഗരത്തിൽ ഓട്ടോറിക്ഷ ഓടിക്കുന്ന മീനടം സ്വദേശി ബിനുവിനെ സുഹൃത്തായ ജോമോൻ ഓട്ടം വിളിച്ചു. ലുധീഷും കിരണും സുധീഷും ജോമോനൊപ്പം ഓട്ടോയിൽ കയറി മദ്യപിച്ചു.
ഇതിനിടെയാണ് ലുധീഷിനെ സൂര്യൻ മർദിച്ച വിഷയം ചർച്ചയാകുന്നത്. സൂര്യനെ ഷാൻ വഴി പിടികൂടാനായി തട്ടിക്കൊണ്ടു പോകുകയും മർദ്ദിക്കുകയായിരുന്നു.
ചതുപ്പിലിരുന്നു മദ്യപിക്കുകയും കഞ്ചാവ് ഉപയോഗിക്കുകയും ചെയ്തു. ജോമോന്റെ നേതൃത്വത്തിലുള്ള ക്രൂരമായ മർദ്ദനത്തിനിടെ ബോധം മറഞ്ഞു പലതവണ മരണ വെപ്രാളത്തിൽ ശ്വാസം വലിച്ചു.
കിറുക്കൻ നക്കും, ബ്ലോക്കാകും
ശബ്ദം പുറത്ത് കേട്ടതോടെ ഷാനിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് സംഘത്തിനുള്ളിൽ കശപിശയാകുകയായിരുന്നു.
ഒടുവിൽ ആശുപത്രിയിലാക്കാൻ തീരുമാനിച്ചു. മാങ്ങാനത്തുനിന്നു കെകെ റോഡുവഴി പോയാൽ ‘കിറുക്കൻ നക്കുമെന്നും’ (പോലീസ് പിടിക്കുമെന്ന കോഡ് ഭാഷ) ജില്ലാ ആശുപത്രിയിലെത്തിച്ചാൽ ‘ബ്ലോക്കാകുമെന്നും’ (ആശുപത്രിയിലെ പോലീസ് പിടിക്കുമെന്നും) ജോമോൻ പറഞ്ഞു.
ഒടുവിൽ കഞ്ഞിക്കുഴിയിൽനിന്ന് ഇറഞ്ഞാൽ വഴി കുറുക്കുവഴി എത്തി സബ് ജയിലിനുസമീപം ഓട്ടോറിക്ഷ നിറുത്തി.
ഇതിനിടെ ഷാൻ മരിച്ചതിനാൽ ജോമോൻ മൃതദേഹം ചുമന്ന് പോലീസ് സ്റ്റേഷനിൽ എത്തിക്കുയായിരുന്നു. ഈ സമയം മറ്റുള്ളവർ രക്ഷപ്പെടുകയുമായിരുന്നു.
ഷാൻ വധക്കേസിൽ പോലീസ് പിടിയിലായ അഞ്ചു പ്രതികളെയും റിമാൻഡ് ചെയ്തു. ഒന്നാംപ്രതി ജോമോനെ (കെഡി ജോമോൻ-38)കഴിഞ്ഞദിവസം റിമാൻഡ് ചെയ്തിരുന്നു. ഇന്നലെ മറ്റുപ്രതികളെയും കോടതിയിൽ ഹാജരാക്കി.
രണ്ടും മൂന്നും പ്രതികളായ മണർകാട് ചിറയിൽ ലുധീഷ് (പുൽച്ചാടി, 28), അരീപ്പറന്പ് കുന്നംപള്ളി സുധീഷ് (21) എന്നിവരെ ഇന്നലെ കൊലപാതകം നടന്ന മാങ്ങാനം ആനത്താനത്തെ ചതുപ്പ് നിലത്തിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.
നാലാം പ്രതി വെള്ളൂർ നെടുംകാലായിൽ കിരണ് (23), അഞ്ചാം പ്രതി ഓട്ടോ ഡ്രൈവർ മീനടം മലയിൽ കെ. ബിനു എന്നിവരെ ഇന്നലെ വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പു നടത്തി.
കോട്ടയം ഡിവൈഎസ്പി ജെ. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളുമായി പോലീസ് സംഘം എത്തിയത്. ആദ്യം ലുധീഷുമായി തെളിവെടുത്തു.
ചതുപ്പിലേക്ക് എത്തിച്ചതും മർദ്ദിച്ചതും ലുധീഷ് വിശദീകരിച്ചു. ഇതിനുശേഷമായിരുന്നു സുധീഷുമായുള്ള തെളിവെടുപ്പ്.
കൊലപാതകം, കൊല്ലാൻ വേണ്ടിയുള്ള തട്ടിക്കൊണ്ടു പോകൽ, ഗൂഢാലോചന, അന്യായമായി സംഘം ചേരൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
ഇന്നു ജോമോൻ അടക്കമുള്ള മുഴുവൻ പ്രതികളെയും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും.
ഇതിനുശേഷം ജോമോൻ അടക്കമുള്ള പ്രതികളെ ഒന്നിച്ചിരുത്തി പോലീസ് വീണ്ടും ചോദ്യം ചെയ്യും. ഇതിനു ശേഷമായിരിക്കും കുറ്റപത്രം സമർപ്പിക്കുക.