കണ്ണൂർ: കോവിഡ് പ്രതിരോധ വസ്തുക്കൾ വാങ്ങിക്കുന്നതിന്റെ മറവിൽ ഏതാനും രാഷ്ട്രീയ നേതാക്കളും ഒരു സംഘം കുപ്രസിദ്ധ ഉദ്യോഗസ്ഥരും നടത്തിയ അഴിമതി കൊള്ള പൊതുസമൂഹത്തിൽ ചർച്ചയായില്ലെന്നത് മഹാമാരിയേക്കാൾ വലിയ ദുരന്തമാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
550 രൂപയുള്ള പിപിഇ കിറ്റ് 1550 രൂപയ്ക്ക് വാങ്ങിയതും ഇടപാടുകൾ പലതും ടെൻഡർ വിളിക്കാതെ മുൻകൂർ പണം നൽകി നടത്തിയതും വലിയ അഴിമതി നടത്താനാണ്.
കൈയുറകൾ ഇറക്കുമതി നടത്തിയതിലും ക്രമക്കേടുകൾ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മെഡിക്കൽ സപ്ലൈ കോർപറേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ ലാപ്പ് ടോപ്പിൽ സൂക്ഷിച്ചതും കംപ്യൂട്ടർ നെറ്റ് വർക്കിൽ ഇടപാട് സംബന്ധമായ വിവരങ്ങൾ ലഭ്യമല്ലെന്നതും ഞെട്ടിപ്പിക്കുന്ന സത്യമാണ്.
ഏതാണ്ട് 3000 ഇ- ഫയലുകൾ നശിപ്പിക്കപ്പെട്ടെന്നതും വലിയ അഴിമതികൾ പുറത്തു വരാതിരിക്കാനാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോളറക്കാലത്തെ പ്രണയമല്ല, കോവിഡ്കാലത്തെ കൊള്ള എന്ന തലക്കെട്ടോടെയുള്ള ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് മുല്ലപ്പള്ളി രൂക്ഷമായി വിമർശിച്ചത്.