ഭോപ്പാൽ: വംശനാശഭീഷണി നേരിടുന്ന ഈജിപ്ഷ്യൻ കഴുകന്മാരെ കടത്താനുള്ള ശ്രമം തടഞ്ഞു.
ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്ന് മഹാരാഷ്ട്രയിലെ മാലേഗാവിലേക്ക് ട്രെയിനിൽ കടത്തുകയായിരുന്ന ഏഴ് ഈജിപ്ഷ്യൻ കഴുകന്മാരെയാണ് മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിൽ നിന്നും രക്ഷിച്ചത്. സംഭവത്തിൽ യുപിയിലെ ഉന്നാവോ സ്വദേശിയായ ഫരീഖ് ഷെയ്ഖ് എന്നയാളെ പോലീസ് പിടികൂടി.
സുൽത്താൻപൂർ-മുംബൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ രണ്ടാം ക്ലാസ് സ്ലീപ്പർ കോച്ചിലെ യാത്രക്കാർ തങ്ങളുടെ കമ്പാർട്ടുമെന്റിൽ നിന്ന് ദുർഗന്ധവും പക്ഷികളുടെ ശബ്ദവും കേൾക്കുന്നതായി പരാതിപ്പെട്ടിരുന്നു.
തുടർന്ന് നടത്തിയ തെരച്ചിലിൽ പ്ലാസ്റ്റിക് കവറുകളിലാക്കിയ നിലയിലാണ് കഴുകന്മാരെ കണ്ടെത്തിയത്.
ചോദ്യം ചെയ്യലിൽ സമീർ ഖാൻ എന്നയാളാണ് കാൺപൂർ സ്റ്റേഷനിൽ തനിക്ക് ഈ കഴുകന്മാരെ നൽകിയതെന്ന് ഫരീദ് ഷെയ്ഖ് പറഞ്ഞു.
മലേഗാവിലുള്ള ഹാസിം എന്നുപേരുള്ളയാൾക്ക് കഴുകന്മാരെ കൈമാറാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നും ഇതിനായി തനിക്ക് സമീർ ഖാൻ 10,000 രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഫരീദ് ഷെയ്ഖ് പറഞ്ഞു.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെയും (ആർപിഎഫ്) സംസ്ഥാന വനം വകുപ്പിന്റെയും സംയുക്ത സംഘമാണ് കഴുകന്മാരെ രക്ഷിച്ചത്.
സംഭവത്തിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴുകന്മാരെ വനംവകുപ്പിന് കൈമാറി.