ചേര്‍ത്തല: പണ്ട് അര്‍ത്തുങ്കല്‍ ഗ്രാമത്തിന്റെയും സമീപ പ്രദേശങ്ങളുടെയും ഘടികാരമായിരുന്നു അര്‍ത്തുങ്കല്‍ പള്ളിയില്‍ സ്ഥാപിച്ചിരുന്ന മണി.
പൂര്‍ണമായും വിദേശനിര്‍മിതമായ മണിയുടെ നാദം എട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ വരെ കേള്‍ക്കാമായിരുന്നു. കെട്ടിടങ്ങളും മറ്റും പെരുകിയതോടെയാണു മണിനാദത്തിന്റെ വ്യാപനം കുറഞ്ഞത്.
വാച്ചുകളും ക്ലോക്കുകളും വ്യാപകമല്ലാതിരുന്ന കാലത്തു പുലര്‍ച്ചെ അഞ്ചിനുള്ള മണിനാദമാണു ജനങ്ങളെ പ്രഭാതത്തിന്റെ വരവറിയിച്ചിരുന്നത്.
തുടര്‍ന്ന് ഉച്ചയ്ക്ക് 12നും സന്ധ്യയ്ക്കും രാത്രി എട്ടിനും മണിനാദം മുഴങ്ങും. പഴയപള്ളിയില്‍ 1867ല്‍ സ്ഥാപിക്കപ്പെട്ട ഈ അദ്ഭുതമണിയില് യേശുവിന്റെ ക്രൂശിതരൂപവും ഉണ്ണിയേശുവിനെ വഹിക്കുന്ന മാതാവിന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്.
ഒരു മീറ്ററിലേറെ വ്യാസവും ഒരു ടണ്ണോളം ഭാരവുമുള്ള മണി തൂക്കിയിടാനുള്ള ഭാഗത്ത് ആറു മനുഷ്യമുഖങ്ങള്‍ കൊത്തിയിട്ടുണ്ട്.
2012 ല്‍ പുതിയ മണി സ്ഥാപിച്ചു. അന്നുമുതല്‍ പഴയമണി തീര്‍ഥാടകര്‍ക്കു കാഴ്ച വിസ്മയമൊരുക്കി പഴയപള്ളിയുടെ ബാല്‍ക്കണിയില്‍ പ്രത്യേകമായി സജ്ജീകരിച്ചിരിക്കുകയാണ്.