മണ്ണാർക്കാട്: സുമേഷിന്റെ മനസിൽ സ്വപ്നങ്ങളേറെയുണ്ട്. പുറത്തിറങ്ങി കണ്നിറയെ മനംകുളിർക്കെ കാഴ്ചകളും കാഴ്ചക്കാരേയും കാണണം, ആളുകളോടു സംസാരിച്ചിരിക്കണം അങ്ങനെ പലതും. എന്നാൽ ജനിച്ചതു മുതൽ കാൽനൂറ്റാണ്ടായി ഈയൊരു കിടപ്പുതന്നെ. എല്ലാം നാലു ചുമരുകൾക്കുള്ളിൽ. അന്നും ഇന്നും കൈക്കുഞ്ഞായി.
അച്ഛനായിരുന്നു സുമേഷിന് വലിയ കൂട്ട്. എടുത്തുകൊണ്ടുപോയി പല കാഴ്ചകളും കാണിക്കുമായിരുന്നു. പക്ഷേ കഴിഞ്ഞ മൂന്നുവർഷമായി ആ ഭാഗ്യം നുണയാൻപോലും സുമേഷിന് ആവുന്നില്ല.
സുമേഷിന്റെ അച്ഛൻ കാഞ്ഞിരപ്പുഴ വെറ്റിലപ്പാറ കുട്ടിപ്പാലൻ അകത്തെ മുറിയിൽ എഴുന്നേറ്റു നടക്കാനാവാത്തവിധം കിടപ്പിലാണ്. മൂന്നു വർഷം മുന്പ് കൂലിപ്പണിയെടുത്തു കൊണ്ടിരിക്കവേ ആഘാതം വന്നു തളർന്നുപോയി.
ഇപ്പോൾ അമ്മ വല്ലപ്പോഴും സുമേഷിനെ എടുത്തു പുറത്തുകൊണ്ടുപോയാലായി. അമ്മ വേശു തൊഴിലുറപ്പടക്കമുള്ള പണികൾക്കു പോയാണ് കുടുംബം പോറ്റുന്നത്.
പകൽസമയം അയൽക്കാരാണ് സുമേഷിന്റെയും കുട്ടിപ്പാലന്റെയും കാര്യങ്ങൾ നോക്കുന്നത്. രണ്ടരയടിയോളമാണ് സുമേഷിന്റെ ശരീരം. കാലുകൾ ചലിപ്പിക്കാനാവില്ല.
ഇച്ഛയ്ക്കൊത്ത് ഒരുവിധം നീങ്ങുന്ന കൈകളും തലയുമാണവന് ആശ്രയം. പത്താം ക്ലാസിൽ പഠിക്കുന്നു എന്നതിനാൽ വിദ്യാലയത്തിൽനിന്നും കിട്ടിയ ലാപ്ടോപ്പും കൈവശമുള്ള മൊബൈൽ ഫോണുമാണ് ഇന്നു സുമേഷിന്റെ നേരന്പോക്കുകളും വൈജ്ഞാനിക ഉറവിടവും.
കഴിഞ്ഞ ദിവസം സക്ഷമ ഭാരവാഹികളും കൃഷ്ണജ്യോതി സ്വാശ്രയ കേന്ദ്രം പ്രവർത്തകരും സുമേഷിന്റെ വീട്ടിലെത്തി. തൊഴിൽ നല്കി സഹായിക്കാനാകുമോ എന്ന വിചാരത്തോടെയായിരുന്നു സന്ദർശനമെന്നു സക്ഷമ ജില്ലാ സെക്രട്ടറി പ്രകാശ് കുറുമാപ്പള്ളി പറഞ്ഞു.
തൊഴിലിലൂടെ ഒരു സ്ഥിരവരുമാനവും സമൂഹത്തിൽ ഇടപെടലും അതായിരുന്നു ലക്ഷ്യം. സുമേഷും ആഗ്രഹിയ്ക്കുന്നത് അതു തന്നെയായിരുന്നു.
പക്ഷേ പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത അച്ഛനും മകനും കിട്ടുന്ന പണിയെടുത്തു കുടുംബം കാക്കുന്ന അമ്മയ്ക്കും അത് സാധ്യമല്ലെന്ന് സുമേഷിന്റെ വീട്ടിലെത്തിയപ്പോൾ ബോധ്യമായെന്ന് സംഘം പറഞ്ഞു.
സുമേഷിനും കുട്ടിപ്പാലനും ആവശ്യമായ മരുന്നെത്തിച്ചു കൊടുക്കുന്നതിനുവേണ്ട സഹായം അടിയന്തരമായി ഏർപ്പെടുത്തുമെന്ന് സംഘത്തിലുള്ളവർ അറിയിച്ചു.
സക്ഷമ സംസ്ഥാന സെക്രട്ടറി വി.വി. പ്രദീപ് കുമാർ, ജില്ലാ സെക്രട്ടറി പ്രകാശ് കുറുമാപ്പള്ളി, ഭാരവാഹികളായ എ.രാധാകൃഷ്ണൻ നന്പ്യാർ, സി.എസ്. മൂർത്തി, കൃഷ്ണജ്യോതി സ്വാശ്രയ കേന്ദ്രം സമിതി അംഗം ജയശ്രീ എന്നിവർ സംഘത്തിലുണ്ടായിരുന്നു.