ബോളിവുഡിലെ കുടുംബപരമായി സിനിമാപാരമ്പര്യമോ മറ്റു ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെ ബോളിവുഡില്‍ കടന്നു വന്ന കൃതി കഠിനാധ്വാനത്തിലൂടെയാണ് ഇന്നത്തെ താരമായി മാറിയത്.
ഇന്നു ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് കൃതി സനന്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മിമി എന്ന ചിത്രത്തിലൂടെ ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാണുന്ന നടിയായി മാറിയിരിക്കുകയാണ് കൃതി.
ഈ വര്‍ഷം നിരവധി സിനിമകളാണ് കൃതിയുടേതായി പുറത്തിറങ്ങാനുള്ളത്.
കുടുംബ വേരുകളൊന്നുമില്ലാതെ കടന്നു വന്ന നടിയായതിനാല്‍ ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കുക എന്നത് കൃതിയെ സംബന്ധിച്ച് ഏറെ പ്രയാസം നിറഞ്ഞ കാര്യമായിരുന്നു.
പലതരത്തിലുള്ള വിവേചനങ്ങളും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് കൃതി പറയുന്നത്.
കരിയറിന്റെ തുടക്കകാലത്ത് പലപ്പോഴും തനിക്ക് ബോഡി ഷെയ്മിംഗ് അടക്കം നേരിടേണ്ടി വന്നിട്ടുണ്ടെന്നും എങ്ങനെയാണ് താന്‍ അതിനെയെല്ലാം നേരിട്ടതെന്ന് പറയുകയാണ് കൃതി.
ഒരഭിമുഖത്തിലാണ് കൃതി മനസ് തുറന്നത്. കുറേ കൂടി വലിയ ചുണ്ടുകള്‍ ആക്കാന്‍ ചുണ്ടില്‍ മാറ്റം വരുത്താന്‍ ചിലര്‍ പറഞ്ഞ സമയമുണ്ട്.
അതെനിക്ക് മനസിലായില്ല. ഞാന്‍ ചിരിക്കുമ്പോള്‍ മൂക്ക് വിടര്‍ന്ന് വരുന്നുണ്ടെന്ന് ചിലര്‍ പറഞ്ഞിരുന്നു. എല്ലാ ഭാഗത്തു നിന്നും വിമര്‍ശനങ്ങളുണ്ടാകും.
ഞാന്‍ ചിരിക്കുമ്പോഴും പൊട്ടിച്ചിരിക്കുമ്പോഴും മൂക്ക് വിടര്‍ന്നേക്കാം. പക്ഷെ അത് സാധാരണയാണ്. ഞാനൊരു പ്ലാസ്റ്റിക് പാവ ഒന്നുമല്ല.
നിന്റേത് ഒതുങ്ങിയ, ഭംഗിയില്ലാത്ത ചിരിയാണെന്ന് പറഞ്ഞിട്ടുണ്ട്. ഞാന്‍ ജനിച്ചത് ഇങ്ങനെയാണ്. എനിക്കതില്‍ ഒന്നും ചെയ്യാനാകില്ല.
നേരിട്ട് ഇത് മാറ്റൂവെന്ന് പറയാതെ ഇങ്ങനെയാണ് അവര്‍ സംസാരിക്കുക. ഇതൊക്കെ എല്ലാവരും കേള്‍ക്കുന്ന കാര്യങ്ങളാണ്.
ഇപ്പോള്‍ ഇത്തരം സമ്മര്‍ദങ്ങളില്ലെന്ന് ചിലര്‍ പറയുന്നത് കേള്‍ക്കാം. പക്ഷെ എനിക്ക് തോന്നുന്നത് സമ്മര്‍ദം കൂടുകയാണെന്നാണ്.
ഈ ഇന്‍സ്റ്റഗ്രാമിന്റെ കാലത്ത് എല്ലാവരും എല്ലായിപ്പോഴും പെര്‍ഫെക്ട് ആയിരിക്കാനാകും ആഗ്രഹിക്കുക. ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്.
എന്നോട് അരക്കെട്ട് ഒതുക്കാന്‍ പോലും ചിലര്‍ പറഞ്ഞിട്ടുണ്ട്. ആളുകള്‍ അങ്ങനെ പലതും പറയും. എന്നാല്‍ നമ്മള് എല്ലാവരും പറയുന്നത് കേള്‍ക്കേണ്ടതില്ല- കൃതി സനന് പറയുന്നു.