കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിനെതിരേ കൊലപാതക ശ്രമത്തിനുള്ള വകുപ്പുകൂടി ചുമത്തി.
കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചനാ കുറ്റമാണ് ചുമത്തിയത്. നേരത്തെ ഗൂഢാലോചന കുറ്റത്തിനുള്ള 120 ബി ചുമത്തിയിരുന്നു. ഇതിനൊപ്പമാണ് കൊലപാതകശ്രമത്തിനുള്ള 302 വകുപ്പ് കൂടി ചേര്‍ത്തത്.
ജാമ്യ ഹർജി നാളെ പരിഗണിക്കും
നേരത്തെ ചുമത്തിയ വകുപ്പുകളില്‍ മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥന് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ഈ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് പോലീസ് നടപടി.
ദിലീപിന്റെ മുന്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കേണ്ടതായിരുന്നു. ഇതാണ് നാളത്തേക്കു മാറ്റിയത്.
രാവിലെ 10.15-ന് ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. അവധി ദിനമായ നാളെ ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജാമ്യഹർജി പരിഗണിക്കുന്നത്.
ദിലീപ്, സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധുവായ അപ്പു, അടുത്ത സുഹൃത്ത് ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ശരത് എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ നല്‍കിയിട്ടുള്ളത്.
ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് ജാമ്യഹര്‍ജികള്‍ പരിഗണിക്കുന്നത്. ദിലീപിന് ജാമ്യം നല്‍കുന്നത് നേരത്തെ പ്രോസിക്യൂഷന് എതിര്‍ത്തിരുന്നു.
ദിലീപ് നല്‍കിയത് 57 ഹര്‍ജികള്‍
വിചാരണയുടെ ഓരോ ഘട്ടത്തിലും ദിലീപ് നിസാരവും ബാലിശവുമായ പരാതികളുമായി നിയമനടപടികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും സ്റ്റേറ്റ്മെന്റില്‍ പറയുന്നു.
വിചാരണക്കോടതി മുതല്‍ സുപ്രീം കോടതി വരെ ദിലീപ് നല്കിയ 57 ഹര്‍ജികളുടെ വിവരങ്ങള്‍ പട്ടിക തിരിച്ച് സ്റ്റേറ്റ്മെന്റിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പിനു വേണ്ടി ദിലീപ് ഹര്‍ജി നല്‍കിയതിനെയും അന്വേഷണ സംഘം വിമര്‍ശിക്കുന്നുണ്ട്. എതിര്‍വാദത്തിനായി ദൃശ്യങ്ങളുടെ പകര്‍പ്പു വേണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടത്.
നിര്‍ണായക തെളിവുകളുമായി ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്നാണ് അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കിയത്.
ഈ കേസില്‍ ദൃക്സാക്ഷിതന്നെ മൊഴിയുമായി രംഗത്തെത്തി. ശബ്ദരേഖയടങ്ങിയ ഓഡിയോ ക്ലിപ്പുകളും ലഭിച്ചു. ഇതു ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ദിലീപിന്റെയും സഹോദരന്റെയും വീടുകളില്‍ റെയ്ഡ് നടത്തി മൊബൈല്‍ ഉള്‍പ്പെടെ 19 സാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇവയില്‍നിന്നുള്ള തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കു കൊച്ചിയിലെ റീജണല്‍ ഫോറന്‍സിക് ലാബില്‍ നല്‍കിയിട്ടുണ്ട്.
പ്രതികൾ ഉന്നത സ്വാധീനമുള്ളവർ
സത്യം പുറത്തുകൊണ്ടുവരാന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്നത്.
സമൂഹത്തില്‍ ഉന്നത സ്വാധീനമുള്ളവരും അന്വേഷണത്തില്‍ ഇടപെടാനും സാക്ഷികളെ സ്വാധീനിക്കാനും കഴിവുള്ളവരാണ് പ്രതികള്‍.
ദിലീപിനെ സഹായിക്കുന്ന തരത്തില്‍ ഇരുപതോളം സാക്ഷികള്‍ കൂറുമാറിയെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് രണ്ടു കേസെടുത്തിരുന്നു. ഒരാളെ അറസ്റ്റ് ചെയ്തു.
വിചാരണക്കോടതിയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാനാവുന്നില്ലെന്നു വ്യക്തമാക്കി സര്‍ക്കാര്‍ നിയോഗിച്ച രണ്ട് സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാര്‍ രാജിവച്ചു.
നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ തുടക്കം മുതല്‍ ദിലീപ് ശ്രമിക്കുന്നുണ്ടെന്നതിന്റെ തെളിവാണിതെല്ലാമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.