പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയിൽ ജീവനക്കാരുടെ അഭാവം മൂലം ബസ് സർവീസുകൾ റദ്ദാക്കേണ്ടിവരുന്നു. ഇതു മൂലം വരുമാനത്തിൽ കാര്യമായ നഷ്ടം ഉണ്ടാകുന്നു.
ദക്ഷിണമേഖലയിൽ ഇന്നലെ 150 ലധികം സർവീസുകളാണ് റദ്ദ് ചെയ്യേണ്ടി വന്നത്. ലാഭകരമായ സർവീസുകളുടെ പട്ടികയിൽപ്പെടുന്ന എ, ബി വിഭാഗങ്ങളിൽപ്പെട്ട സർവീസുകളും മുടങ്ങി .
എന്നാൽ ലാഭകരമല്ലാത്ത സർവീസുകൾ അയച്ചതായും കണ്ടെത്തി.സർവീസുകൾ റദ്ദാക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് ദക്ഷിണമേഖല എക്സിക്യൂട്ടീവ് ഡയറക്ടർ യൂണിറ്റ് അധികൃതർക്ക് നിർദ്ദേശം നല്കി.
ഓപ്പേറേറ്റിംഗ് വിഭാഗം ജീവനക്കാരെ കൊണ്ട് നിർബന്ധമായും 20 ഫിസിക്കൽ ഡ്യൂട്ടി ചെയ്യിക്കണം. 2019 -ൽ ഓപ്പറേറ്റ് ചെയ്തിരുന്നതും എ, ബി, പൂളിൽപ്പെടുന്നതുമായ ഷെഡ്യൂളുകൾ യാതൊരു കാരണവശാലും റദ്ദാക്കരുത്.
യൂണിറ്റുകളിൽ പ്രതിദിനം അവലോകന യോഗം ചേർന്ന് അടുത്ത ദിവസത്തെ ഷെഡ്യൂളുകൾ നടത്തുന്നതിന് തയാറെടുപ്പുകൾ നടത്തണം. ലഭ്യമായ ജീവനക്കാരെ പരമാവധി പ്രയോജനപെടു ത്തി സർവീസുകൾ മുടക്കമില്ലാതെ നടത്തണം.
ജീവനക്കാരുടെ കുറവുണ്ടെങ്കിൽ ആ ഷെഡ്യൂളുകൾ ജീവനക്കാർ അധികമുള്ള ഡിപ്പോകളിലേയ്ക്ക് മാറ്റുമെന്നും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.