ആഹാരപദാർഥങ്ങളിലെ മായവും വിഷച്ചേരുവകളുമാണ് കേരളീയരെ അലട്ടുന്ന മറ്റൊരു വലിയ പ്രശ്നം. മലയാളികളുടെ “ഭക്ഷണഭ്രാന്ത്’ മനസിലാക്കിയ അയൽസംസ്ഥാനക്കാർ ആവുംവിധം വ്യാജന്മാരെ ഇങ്ങോട്ടിറക്കുമതിചെയ്യുന്നു.
അമോണിയ കലർത്തിയ മത്സ്യം
ഹോർമോൺ കുത്തിവച്ച കോഴി, അമോണിയ കലർത്തിയ മത്സ്യം, കീടനാശിനികൾ വിതറിയ പഴങ്ങളും പച്ചക്കറികളും, കലർപ്പ് ചേർന്ന എണ്ണ, കൃത്രിമ പാൽ, മായം കലർന്ന തേയിലപ്പൊടി, അശുദ്ധമായ കുടിവെള്ളം.
ഇതൊക്കെപ്പോരേ മലയാളികളുടെ ആരോഗ്യത്തെ നിലംപരിശാക്കാൻ. ഭാവിയിൽ കാൻസറോ ജീവിത ശൈലി രോഗങ്ങളോ ഉണ്ടാകുന്പോൾ നാമെന്തിന് അദ്ഭുതപ്പെടുന്നു?
ഭക്ഷണം പാകം ചെയ്യാൻ മടി!
വീട്ടിൽ ശുദ്ധഭക്ഷണം പാകപ്പെടുത്തുന്നതിനു മലയാളിക്കു മടിയാണ്. പറ്റുമെങ്കിൽ ഭക്ഷണം ഹോട്ടലിലോ അല്ലെങ്കിൽ പാഴ്സലോ…അങ്ങനെ പോകുന്നു ഇവിടത്തെ ഭക്ഷണ വികൃതികൾ.
വീട്ടിലെ പറന്പിൽ പഴങ്ങളും പച്ചക്കറികളും കൃഷിചെയ്തു വിഷമില്ലാത്ത ഭക്ഷണം പാകപ്പെടുത്തി കഴിക്കുന്ന നമ്മുടെ പഴയ കാലം പോയ്മറഞ്ഞു.
ജീവിതശൈലീരോഗങ്ങൾ
ഇന്ത്യയിൽ സംഭവിക്കുന്ന 62 ശതമാനം മരണവും ജീവിതശൈലീ രോഗങ്ങൾ മൂലമാണ്. ഇതുതന്നെയാണ് കേരളത്തിന്റെ ശാപവും.
പ്രധാന ജീവിതശൈലീരോഗങ്ങളായ ഹൃദ്രോഗം, പ്രമേഹം, അമിത രക്തസമ്മർദം, അർബുദം തുടങ്ങിയവയുടെ
ദേശീയ തലസ്ഥാനം കേരളം തന്നെയെന്നു പറഞ്ഞാൽ ഞെട്ടരുത്.
കാൻസർ – പ്രധാന കാരണങ്ങൾ
2020ൽ ഇന്ത്യയിൽ 1.73 ദശലക്ഷം പുതിയ കാൻസർ രോഗികളുണ്ടായി. കാൻസറുണ്ടാകാൻ പ്രധാന കാരണങ്ങളായി കണ്ടെത്തിയത് അന്തരീക്ഷ മലിനീകരണം, പുകവലി, മദ്യപാനം, വികലമായ ഭക്ഷണക്രമം തുടങ്ങിയവ. 35 ദശലക്ഷംആസ്തമരോഗികളുണ്ടായതു വായുമലിനീകരണംകൊണ്ടുതന്നെ.
ഹൃദ്രോഗാനന്തര മരണസംഖ്യകൂടുന്നു
2019ലെ ഒരു സർവേ പ്രകാരം കേരളത്തിൽ 40നും 69നും വയസിനിടയ്ക്കുള്ളവരിലുള്ള ഹൃദ്രോഗാനന്തര മരണസംഖ്യ 37.8 ശതമാനം വരെയെത്തി. 70 കഴിഞ്ഞവരിൽ ഈ സംഖ്യ 45.7 ശതമാനത്തോളമായി.
ഏതാണ്ട് 65,000 പേരുണ്ട് ഹാർട്ട് അറ്റാക്ക് മൂലം കേരളത്തിൽ പ്രതിവർഷം മരണമടയുന്നത്. ഇന്ത്യയിൽ ശരാശരി 29 ശതമാനം പേർ ഹൃദ്രോഗാനന്തരം മരിക്കുന്പോൾ കേരളത്തിലത് 40 ശതമാനത്തിൽ കൂടുന്നു.
ഹൃദയധമനീരോഗങ്ങൾ: ആപത്ഘടകങ്ങൾ
ഹൃദയധമനീ രോഗങ്ങളിലേക്കു നയിക്കുന്ന പ്രധാന ആപത്ഘടകങ്ങളുടെ കാര്യമെടുത്താലും മലയാളികൾ തലകുനിക്കുന്നു. അമിതരക്തസമ്മർദം (51.32 ശതമാനം), പ്രമേഹം (33.3 ശതമാനം), വർധിച്ച കൊളസ്ട്രോൾ (41 ശതമാനം), വ്യായാമക്കുറവ് (31 ശതമാനം), ജനിതകപ്രവണത (25.29ശതമാനം) തുടങ്ങിയവയും അമിത ഭാരവും ഒടുങ്ങാത്ത സ്ട്രെസും മദ്യപാനവും എല്ലാം ഹൃദ്രോഗത്തിലേക്കുള്ളവഴിമരുന്നായി കേരളീയരിൽ ഏറിനിൽക്കുന്നു.
(തുടരും)
വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ
MD, FACC, FRCP
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി,എറണാകുളം