നെടുമ്പാശേരി: കെ-റെയിൽ പദ്ധതിയുടെ ഭാഗമായി പാറക്കടവ് പഞ്ചായത്തിൽ നാട്ടിയ കല്ലുകൾ പിഴുതുമാറ്റി റീത്തുവച്ചു.
ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് പോലീസിന്റെ സഹായത്തോടെ ഉദ്യോഗസ്ഥർ സ്ഥാപിച്ച ആറ് സർവേ കല്ലുകളാണ് പിഴുതുമാറ്റിയിട്ടുള്ളത്.
ഇത് ചെയ്തത് ആരാണന്ന് തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം കല്ലുകൾ പിഴതെറിഞ്ഞവരെ നവ മാധ്യമത്തിലൂടെ റോജി എം. ജോൺ എംഎൽ എ അഭിനന്ദിച്ചു.
പാറക്കടവ് പഞ്ചായത്ത് എളവൂർ ത്രിവേണിയിലാണ് കെ. റെയിൽ പദ്ധതിക്കായുള്ള സർവ്വേ കല്ലുകൾ സ്ഥാപിച്ചത്.
ബുധനാഴ്ച്ച രാവിലെയാണ് പദ്ധതിയുടെ കല്ലുകൾ സ്ഥാപിക്കുവാൻ ഉദ്യോഗസ്ഥർ എത്തിയത്. തുടർന്നു പ്രദേശവാസികളുടെ കടുത്ത എതിർപ്പ്മൂലം ഇവർക്ക് തിരികെ പോരേണ്ടിവന്നു.
ഇതിനെ തുടർന്ന് വ്യാഴാഴ്ച്ച രാവിലെ പത്തോടെ പോലീസിന്റെ സഹായത്തോടെ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി കല്ലുകൾ സ്ഥാപിക്കുകയായിരുന്നു.
റവന്യു ഡെപ്യൂട്ടി തഹസിൽദാർ അശോക് സെൻ, ടെക്നോ വിഷൻ പ്രോജക്ട് മാനേജർ ശശികുമാർ, സർവേയർ ബിനു, കെ ആർഡിസിഎൽ ഫീൽഡ് എൻജിനിയർമാരായ ഗോകുൽ, ശ്രീരാജ്, ആലുവ ഡിവൈഎസ്പി ശിവൻകുട്ടി, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ. റാഫി, അങ്കമാലി സിഐ സോണി മത്തായി എന്നിവർ വലിയസംഘം പോലീസുമായാണ് എത്തിയത്.
പാറക്കടവ് പഞ്ചായത്തിലെ 16, 17, 18 വാർഡുകളിലൂടെയാണ് നിർദിഷ്ട കെ-റെയിൽ കടന്നുപോകുന്നത്.
ഏക്കർ കണക്കിന് കൃഷിയിടങ്ങളാണ് ഇവിടെ മാത്രം ഏറ്റെടുക്കുന്നത്. വീടും സ്ഥലവും നഷ്ടപ്പെടുന്നതിന്റെ ആശങ്കയിലാണ് പ്രദേശവാസികൾ.
പദ്ധതിക്കായി ജില്ലയിലെ ജനവാസമേഖലയിൽ ആദ്യത്തെ സർവേ കല്ലാണ് ഇന്നലെ പാറക്കടവിൽ സ്ഥാപിച്ചത്. നേരത്തെ കാക്കനാട് കടന്പ്രയാറിനു സമീപം ചതുപ്പുനിലത്ത് കല്ലുകൾ സ്ഥാപിച്ചിരുന്നു.