തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഞായറാഴ്ച നിയന്ത്രണം ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. ഇതിന്റെ ഭാഗമായി സംസ്ഥാന അതിര്‍ത്തികളിൽ പരിശോധന കടുപ്പിച്ചു.
അവശ്യ സര്‍വീസുകള്‍ മാത്രമേ ഞായറാഴ്ച അനുവദിക്കൂ. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസും പിഴയുമുണ്ടാകും. അവശ്യ സർവീസുകൾക്കെല്ലാം ഇളവുണ്ട്.
നിശ്ചയിച്ച വിവാഹച്ചടങ്ങൾക്കും മരണാനനന്തര ചടങ്ങുകൾക്കും 20 പേരെ മാത്രം പങ്കെടുപ്പിച്ചു നടത്താൻ അനുമതിയുണ്ട്. യാത്രക്കാരുടെ ആവശ്യാനുസരണം സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. അടിയന്തര വാഹന അറ്റകുറ്റപ്പണികൾക്കായി വർക്ക് ഷോപ്പുകൾ തുറക്കാം.
ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ബേക്കറികളിലും രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ ഭക്ഷണം പാഴ്സലായി വീടുകളിലെത്തിച്ചും നൽകാം. ഭക്ഷണ പദാർഥങ്ങൾ, പലവൃഞ്ജനങ്ങൾ, പഴം, പച്ചക്കറികൾ, പാലും പാലുത്പന്നങ്ങളും വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ, ഇറച്ചിക്കടകൾ, കള്ളുഷാപ്പുകൾ തുടങ്ങിയവ രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ തുറക്കാം.
അത്യാവശ്യ ഘട്ടങ്ങളിൽ ജനങ്ങൾക്ക് അടുത്തുള്ള കടകളിൽ മാത്രം പോകാൻ അനുമതിയുണ്ടാകും. ഇതിനായി സത്യവാങ്മൂലം കരുതണം. കൊറിയർ, ഇ- കോമേഴ്സ് പ്രവർത്തനങ്ങൾ രാവിലെ ഏഴു മുതൽ രാത്രി ഒൻപതുവരെയാകാം.
നേരത്തെ ബുക്ക് ചെയ്ത വിനോദ സഞ്ചാരികളുടെ കാറുകളും ടാക്സി വാഹനങ്ങളും അനുവദിക്കും. ഹോട്ടലിലേയും റിസോർട്ടിലേയും സ്റ്റേ വൗച്ചേഴ്സ് അടക്കം ഹാജരാക്കണം. ഞായറാഴ്ച ജോലി നോക്കേണ്ടി വരുന്ന സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, കന്പനികൾ അടക്കമുള്ളവയിലെ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡുമായി സഞ്ചരിക്കാൻ അനുമതിയുണ്ട്. മാധ്യമപ്രവർത്തകർക്കും സഞ്ചരിക്കാം.
നിശ്ചയിച്ചിട്ടുള്ള വിവിധ പരീക്ഷകളിൽ പങ്കെടുക്കാനുള്ളവർക്ക് അഡ്മിറ്റ് കാർഡുകൾ അടക്കം ഹാജരാക്കിയാൽ സഞ്ചാരം തടയില്ല. ആരോഗ്യ മേഖലയിലേയും മെഡിക്കൽ സ്റ്റോറുകൾ, ആംബുലൻസ് സർവീസുകൾ, സാനിറ്റേഷൻ ജീവനക്കാർ അടക്കമുള്ളവർക്കും ഇളവുണ്ട്.
ദീർഘദൂര യാത്ര കഴിഞ്ഞെത്തുന്നവർ ട്രെയിൻ, ബസ്, വിമാന യാത്രാരേഖ കാട്ടിയാൽ സഞ്ചരിക്കാം. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, വിമാനത്താവളം എന്നിവിടങ്ങളിൽ എത്തുന്നവർക്ക് ഓട്ടോ, ടാക്സി സംവിധാനം ഉപയോഗിക്കാം.
അടിയന്തര ആശുപത്രി ആവശ്യങ്ങൾ, വാക്സിനേഷൻ തുടങ്ങിയ ആവശ്യങ്ങൾക്കായി ആവശ്യമായ രേഖകളുമായി പുറത്തിറങ്ങാം. അടുത്ത ഞായറാഴ്ചയും സമാന നിയന്ത്രണങ്ങളുണ്ടാകും.