പറവൂർ: വീടിനു പിന്നിലെ മുയൽ ഫാമിൽ വ്യാജമദ്യ നിർമാണം നടത്തിവന്നയാളെ എക്സൈസ് നടത്തിയ പരിശോധനയിൽ അറസ്റ്റു ചെയ്തു. ചേന്ദമംഗലം കോട്ടയിൽ കോവിലകത്തു കൊടിയൻ ബിജു (52) ആണ് അറസ്റ്റിലായത്.
32 ലിറ്റർ ചാരായം, 420 ലിറ്റർ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷ്, വാറ്റുപകരണങ്ങൾ എന്നിവ ഇയാളിൽ നിന്നു പിടികൂടി. ഇയാൾ വൻതോതിൽ ചാരായം നിർമിച്ചു വിൽപന നടത്തിയിരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മൊബൈൽ ഫോണിലൂടെ ലഭിക്കുന്ന ഓർഡർ പ്രകാരം ലിറ്ററിന് 2,000 രൂപ നിരക്കിൽ വീട്ടിൽ എത്തിക്കുകയാണു ചെയ്തിരുന്നത്. രണ്ട് വാറ്റ് കേസുകളിൽ അന്വേഷണം നേരിടുന്നയാളാണു ബിജു.
ഇയാളുടെ കൂട്ടാളികളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് നിജുമോൻ, അസിസ്റ്റന്റ് ഇൻസ്പെക്ടർ വി. എം. ഹാരിസ്, ഉദ്യോഗസ്ഥരായ വി. എസ്. ഹനീഷ്, ഒ. എസ്. ജഗദീഷ് സാബു, എൻ.എം. മഹേഷ്, രാജി ജോസ് എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്. ബിജുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.