സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്ത് മയക്കുമരുന്ന് കടത്ത് അനുദിനം വര്‍ധിക്കുമ്പോഴും ലഹരി വിരുദ്ധ ബോധവത്കരണത്തിന് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ‘വിമുക്തി’ മിഷന് സ്വന്തമായി ഓഫീസില്ല, ജീവനക്കാരില്ല.
സ്കൂളുകളിലും കോളജുകളിലും പോയി ബോധവത്കരണം നടത്താന്‍ സ്വന്തമായി വാഹനമില്ല.
ഡ്രൈവറുമില്ല. നാട്ടില്‍ വ്യാജമദ്യവും മയക്കുമരുന്നും പിടികൂടുന്നതിനു നിയോഗിച്ച എന്‍ഫോഴ്സമെന്റ് ഉദ്യോഗസ്ഥരാണ് നിലവില്‍ ബോധവത്കരണത്തിനു പോകുന്നത്.
ഇത് സേനയുടെ സാധാരണ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.
അടിസ്ഥാന സൗകര്യങ്ങളില്ല
ടി.പി. രാമകൃഷ്ണന് എക്സൈസ് മന്ത്രിയായിരിക്കെ 2017-ലാണ് സംസ്ഥാനത്ത് വിമുക്തി മിഷന് തുടക്കമിട്ടത്.
യുവതലമുറയില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം തടയുന്നതിനു നിരന്തരബോധവത്കരണം നടത്തുകയായിരുന്നു ഇതിന്റെ ലക്ഷ്യം.
സംസ്ഥാനത്ത് ആയിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോളജുകളിലും ബോധവല്‍ക്കരണം നടത്താന്‍ വിമുക്തിക്ക് കഴിഞ്ഞിട്ടുണ്ട്.
റസിഡന്‍ഷ്യല്‍ അ േസാസിയേഷനുകളുമായി സഹകരിച്ചും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി.
എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളൊന്നും ഈ ഓഫീസുകള്ക്കില്ല. അസി.എക്സൈസ് കമ്മിഷണര്‍ തസ്തിക സൃഷ്ടിച്ച് വിമുക്തി മാനേജര്മാരാക്കിയാണ് ഓഫീസുകളുടെ പ്രവര്‍ത്തനം തുടങ്ങിയത്. സ്വന്തമായി ഓഫീസ് ഇല്ല.
താളം തെറ്റി പ്രവർത്തനം
14 ജില്ലകളിലും വിമുക്തി മാനേജര്‍മാരുണ്ട്. എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ ജോലിചെയ്യുന്ന ഒന്നും രണ്ടും ഉദ്യോഗസ്ഥരെ എക്സൈസ് റേഞ്ച് ഓഫീസുകളില്‍ നിന്നും സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നും നിയോഗിച്ചാണ് വിമുക്തിയുടെ പ്രവര്‍ത്തനം നടത്തുന്നത്.
സംസ്ഥാനത്ത് ഓരേ റേഞ്ചിലും സര്ക്കിളിലുമായി ഏതാണ്ട് ഇരുന്നൂറോളം എന്ഫോഴ്സമെന്്റ് ഉദ്യോഗസ്ഥരെ ബോധവത്കരണത്തിനായി നിയോഗിച്ചതായാണ് വിവരം.
ഇതു എക്സൈസ് വകുപ്പിന്റെ സാധാരണ പ്രവര്‍ത്തനം താളംതെറ്റിക്കുന്നു. റെയ്ഡിനും പരിശോധനകള്‍ക്കും പോകാന്‍ വേണ്ടത്ര സേനാംഗങ്ങളില്ലാത്ത അവസ്ഥ സംജാതമാകുന്നു.
എന്തെല്ലാം ചെയ്യണം
സ്കൂളുകളിലും കോളജുകളിലും ലഹരിവിരുദ്ധ കലാപരിപാടികള്‍ സംഘടിപ്പിക്കുക, റാലി നടത്തുക, ക്ലാസെടുക്കുക തുടങ്ങിയവയാണ് പ്രധാന ചുമതല.
പഞ്ചായത്ത് തലത്തില്‍ വാര്‍ഡ്തല കമ്മിറ്റികള്‍ ഉണ്ടാക്കി ബോധവത്കരണം നടത്തേണ്ട ചുമതലയും ഇവര്‍ക്കാണ്.
ഒരു താലൂക്കിന്റെ ബോധവത്കരണ ചുമതല എക്സൈസിന്റെ ഒരു സര്‍ക്കിള്‍ ഓഫീസിനാണ്.
ഒരു സര്‍ക്കിള്‍ ഓഫീസില്‍ അഞ്ച് സിവില്‍ എക്സൈസ് ഓഫീസര്‍മാരും രണ്ട് പ്രിവന്റീവ് ഓഫീസര്‍മാരും ഒരു സിഐയും ഒരു ഡ്രൈവറുമാണ് ഉള്ളത്. മൊത്തം ഒമ്പതുപേര്‍.
ഇവര്‍ക്ക് സാധാരണ ഡ്യൂട്ടിക്കു പുറമേയാണ് അധിക ചുമതലയും നല്‍കിയിട്ടുള്ളത്. ഇതു സാധാരണ ഓഫീസ് പ്രവര്‍ത്തനം താളംതെറ്റിക്കുന്നു.
വാഹനമുണ്ട് ഡ്രൈവറില്ല
എക്സൈസില്‍ നിലവില്‍ 1017 പ്രിവന്റീവ് ഓഫീസര്‍മാരാണുള്ളത്. 3000 സിവില്‍ എക്സൈസ് ഓഫീസര്‍മാരും. ഇതില്‍ 562 പേര് വനിതകളാണ്. സംസ്ഥാനത്ത് ആയിരത്തോളം ഗ്രാമപഞ്ചായത്തുകളാണുള്ളത്.
ഒരു ഗ്രാമപഞ്ചായത്തിലേക്ക് ഒരു പ്രിവന്റീവ് ഓഫീസറെ നിയോഗിക്കാന്‍ പറ്റാത്ത അാസ്ഥയാണ്. 1017 ഓഫീസര്‍മാരില്‍ 400 പേര് ഡിവിഷന് ഓഫീസുകളിലും കമ്മിഷണേററ്റിലും ക്ലറിക്കല്‍ തസ്തികയില്‍ ജോലി ചെയ്യുന്നുണ്ട്.
ബാക്കിയുള്ളത് 700 പേരാണ്. ഫീല്‍ഡില്‍ ജോലി ചെയ്യാന്‍ 300 പ്രിവന്റീവ് ഓഫീസര്‍മാരുടെ കുറവുണ്ട്. സിവില്‍ എക്കൈസ് ഓഫീസര്‍മാരുടെ എണ്ണവും കുറവാണ്.
ഇവയെല്ലാം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് സ്റ്റാഫ് അസോസിയേഷന് സര്‍ക്കാറിന് നിവേദനം നല്‍കിയിരുന്നുവെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
ഡ്രൈവര്‍മാരുടെ ക്ഷാമവും വകുപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. 40 ഓഫീസുകളില്‍ നിലവില്‍ ഡ്രൈവര്‍മാരില്ല. എന്നാല്‍ ഇവിടെയെല്ലാം വാഹനങ്ങള്‍ ഉണ്ടെന്നതാണ് പ്രത്യേകത.