എം. ലക്ഷ്മി
കൊച്ചി: മജിസ്ട്രേറ്റ് കോടതികളില്‍ കെട്ടിക്കിടക്കുന്ന പെറ്റി കേസുകള്‍ പോലീസ് ഇന്‍സ്പെക്ടര്‍മാരെക്കൊണ്ട് ഫൈന്‍ അടപ്പിച്ച് തീര്‍പ്പാക്കി മജിസ്ട്രേറ്റ് കോടതി.
കേട്ടുകേള്‍വി പോലുമില്ലാത്ത ഈ നടപടിയില്‍ പകച്ചു നില്‍ക്കുകയാണ് കൊച്ചിയിലെ ഒരു മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധിക്കു കീഴിലുള്ള പോലീസ് ഇന്‍സ്പെക്ടര്‍മാര്‍.
ഇത്തരത്തിൽ ഒരു ഇന്‍സ്പെക്ടര്‍ സ്റ്റേഷന് പരിധിയില്‍നിന്ന് ചാര്‍ജു ചെയ്ത് കോടതിക്കയച്ചിരുന്ന പെറ്റികേസുകളുടെ ഫൈനായി 20,000 രൂപ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം സ്വന്തം കൈയില്‍നിന്ന് എടുത്ത് അടയ്ക്കേണ്ടിവന്നു.
കെട്ടിക്കിടക്കുന്ന കേസുകൾ പണിയാകും
ഒരാഴ്ച മുമ്പാണ് കൊച്ചിയിലെ ചില പോലീസ് ഇന്‍സ്പെക്ടര്‍മാരെ ഒരു കോടതി വിളിപ്പിച്ച് പെറ്റി കേസുകള്‍ തീര്‍ക്കാന്‍ സഹായം അഭ്യര്‍ഥിച്ചത്.
കോടതിയില്‍ കെട്ടിക്കിടക്കുന്ന പെറ്റി കേസുകളില്‍ മാര്‍ച്ചിനു മുമ്പ് നിശ്ചിത ശതമാനം കേസുകള്‍ തീര്‍പ്പാക്കണമെന്ന് മേല്‍ക്കോടതിയുടെ നിര്‍ദേശമുണ്ടെന്നാണ് ഇന്‍സ്പെക്ടര്‍മാരെ അറിയിച്ചത്.
അതു മറികടക്കുന്നതിനായി സ്റ്റേഷന് പരിധിയില്‍നിന്ന് പിടിച്ച പെറ്റി കേസുകളില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്ന നിശ്ചിത എണ്ണം കേസുകളുടെ പിഴ അതാത് ഇന്‍സ്പെക്ടര്‍മാര്‍ തന്നെ കോടതിയില്‍ പണം അടച്ച് കേസ് തീര്‍ക്കണമെന്ന നിര്‍ദേശം മജിസ്ട്രേറ്റ് നല്‍കുകയായിരുന്നു.
കോടതി നിര്‍ദേശത്തെ എതിര്‍ക്കാന്‍ കഴിയാത്തതിനാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ നടപടിക്ക് വഴങ്ങേണ്ട സാഹചര്യം ഉണ്ടായി.
അതുപ്രകാരമാണ് ഒരു ഇന്‍സ്പെക്ടര്‍ താന്‍ തന്നെ കണ്ടെത്തി കുറ്റം ചുമത്തി കോടതിക്കയച്ചിരുന്ന നൂറിലധികം കേസുകളുടെ പിഴ സ്വന്തം കൈയില്‍ നിന്നും അടയ്ക്കേണ്ടി വന്നത്.
ഇത്തരം സാഹചര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥന് ഫൈന്‍ അടക്കാനായി സ്വന്തം കൈയില്‍നിന്ന് പണം എടുക്കുകയോ അതോ മറ്റേതെങ്കിലും സ്പോണ്സര് ഷിപ്പിലൂടെ പണം കണ്ടെത്തേണ്ട അവസ്ഥയിലേക്കോ കാര്യങ്ങള്‍ നീങ്ങും.
ടാര്‍ഗറ്റ് തികയ്ക്കാൻ
സാധാരണഗതിയില്‍ കോവിഡ് നിയമലംഘനം ഉള്‍പ്പെടെയുള്ള പെറ്റിക്കേസുകളില്‍ പോലീസ് കേസ് ചാര്‍ജ് ചെയ്ത് നിയമലംഘകരെ കൊണ്ട് ഫൈന്‍ അടപ്പിക്കാറുണ്ട്.
തല്സമയമോ, പിന്നീട് സ്റ്റേഷനിലോ ഫൈന്‍ അടക്കാത്ത കേസുകള്‍ കോടതിയിലേക്ക് വിടുകയാണ് പതിവ്.
ഈ കേസുകളില്‍ കുറ്റക്കാര്‍ക്ക് സമന്‍സ് അയച്ച് കോടതിയിലേക്ക് വിളിപ്പിച്ചാണ് നടപടി സ്വീകരിക്കേണ്ടത്.
എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് മേല്‍ക്കോടതി നിശ്ചയിച്ച ടാര്‍ഗറ്റ് തികയ്ക്കാനുള്ള മജിസ്ട്രേറ്റ് കോടതിയുടെ ഈ കുറുക്കുവഴി.
പിഴയടച്ചത് കുറ്റക്കാരൻ അറിയുന്നുപോലുമില്ല
ആരോപണ വിധേയനായ ആള്‍ക്ക് താന്‍ കുറ്റം ചെയ്തിട്ടില്ല എന്ന് വക്കീല്‍ മുഖാന്തരം കോടതിയെ ബോധിപ്പിച്ച് തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരവും ഈ പിഴ അടയ്ക്കലിലൂടെ നിഷേധിക്കപ്പെടുകയാണ്.
അതേസമയം തങ്ങളുടെ പേരില്‍ ആരോ കോടതിയില്‍ ഫൈന്‍ അടച്ചുവെന്ന കാര്യം കുറ്റാരോപിതര്‍ അറിയാതെ പോകുന്ന അവസ്ഥയും ഇതുമൂലം ഉണ്ടാകുന്നുണ്ട്.
ഭാവിയില്‍ തുടര്‍നടപടികള്‍ ഉണ്ടായാല്‍ കുറ്റം ചെയ്തുവെന്നും പിഴ അടച്ചെന്നുമുള്ള രേഖകള്‍ നിലനില്ക്കും.
ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണിത് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടാതെ അഭിഭാഷകരുടെ തൊഴില്‍ നിഷേധത്തിനും ഈ നടപടി കാരണമാവുന്നുണ്ട്.