ചാവക്കാട്: യുവതി ജീവനൊടുക്കിയതു ഭർത്താവിന്റെ മാനസികപീഡനംമൂലമാണെന്നു യുവതിയുടെ വീട്ടകാർ ആരോപിച്ചു.
ഒരുമനയൂർ ഒറ്റത്തെങ്ങ് കറുപ്പംവീട്ടിൽ നിസാറിന്റെ ഭാര്യയും പാടൂർ അറക്കൽ അലിമോന്റെ മകളുമായ ഹാഫിസയെ (27) കഴിഞ്ഞ ദിവസമാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അബുദാബിയിലായിരുന്ന നിസാറും ഹാഫിസയും രണ്ടു കുട്ടികളും ഒരാഴ്ചമുന്പാണ് നാട്ടിലെത്തിയത്.
അഭിപ്രായവ്യത്യാസത്തെ തുടർന്ന് മുറിയിൽ കയറിയ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവത്രെ. കബറടക്കം മണത്തലയിൽ നടത്തി.
ഇതിനു പിന്നാലെയാണ് ഭർത്താവിന്റെ മാനസിക പീഡനമാണ് മരണകാരണമെന്നു പരാതിയുമായി യുവതിയുടെ വീട്ടുകാർ എത്തിയത്.
മാതാവ് മുംതാസിന്റെ പരാതിയിൽ ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.