സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോവിഡ് മുക്തരായവർ മൂന്നു മാസത്തിനു ശേഷം മാത്രമേ വാക്സിൻ സ്വീകരിക്കാൻ പാടുള്ളുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
ഒന്നാം ഡോസ്, രണ്ടാം ഡോസ്, കരുതൽ ഡോസ് എന്നിങ്ങനെയുള്ള ഏതു വാക്സിനുകൾ സ്വീകരിക്കുന്നത്തിനും കോവിഡ് പോസിറ്റീവ് ആയവർ മൂന്നു മാസം കാത്തിരിക്കണം.
കോവിഡ് ബാധിച്ചവർക്ക് കരുതൽ ഡോസ് നൽകുന്നതിനെക്കുറിച്ച് വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മാർഗനിർദേശങ്ങൾ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിർദേശം.
നിലവിൽ 15-18 പ്രായക്കാർക്ക് ഈ മാസം മൂന്നു മുതൽ ആദ്യ ഡോസും ആരോഗ്യ പ്രവർത്തകർ, മുൻനിര കോവിഡ് പോരാളികൾ അറുപതു വയസിന് മുകളിലുള്ള മറ്റു രോഗാവസ്ഥകൾ ഉള്ളവർ തുടങ്ങിയവർക്ക് പത്തു മുതൽ കരുതൽ ഡോസ് വാക്സിനും നൽകി വരികയാണ്.
രണ്ടാം ഡോസ് സ്വീകരിച്ച് ഒൻപത് മാസം അഥവാ 39 ആഴ്ചകൾക്കു ശേഷമേ കരുതൽ ഡോസ് നൽകാൻ പാടുള്ളു.
എന്നാൽ കോവിഡ് രോഗ ബാധിതരായവർക്ക് കരുതൽ ഡോസ് നൽകുന്നത്തിനുള്ള മാർഗനിർദേശങ്ങൾ പ്രതിരോധ കുത്തിവയ്പിനുള്ള ദേശീയ സാങ്കേതിക സമിതിയുടെ ശിപാർശകൾ അനുസരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുമ്പ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അഡീഷണൽ സെക്രട്ടറിയും ദേശീയ ആരോഗ്യ മിഷൻ ഡയറക്ടറുമായ വികാസ് ശീൽ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു.
കോവിഡ് പോസിറ്റീവ് പരിശോധനാ ഫലം കൈവശം ഉള്ളവർക്ക് കരുതൽ ഡോസ് അടക്കമുള്ള വാക്സിൻ രോഗമുക്തി നേടി മൂന്നു മാസങ്ങൾക്കുശേഷം മാത്രമേ നൽകാൻ പാടുള്ളുവെന്നും കത്തിൽ വ്യക്തമാക്കുന്നു.