മുംബൈ: 2022 സീസണ് ഐപിഎൽ മെഗാ താരലേലത്തിൽ ഇന്ത്യൻ മുൻ താരവും മലയാളി പേസറുമായ എസ്. ശ്രീശാന്തും.
50 ലക്ഷം രൂപയാണു ശ്രീശാന്തിന്റെ അടിസ്ഥാനവില. കഴിഞ്ഞ സീസണിലും ശ്രീശാന്ത് പേര് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും അവസാന താരലേല പട്ടികയിൽ ഇടം ലഭിച്ചില്ല.
ഫെബ്രുവരി 12, 13 തീയതികളിൽ ബംഗളൂരുവിലാണു മെഗാതാരലേലം. അഹമ്മദാബാദ്, ലക്നോ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ച് രണ്ടു ടീമുകൾകൂടി 2022 സീസണിൽ ഐപിഎല്ലിൽ ഉണ്ട്.
അതുകൊണ്ടു താരലേലം കൊഴുക്കുമെന്നുറപ്പ്. 318 വിദേശ താരങ്ങളും 896 ഇന്ത്യൻ താരങ്ങളും ഉൾപ്പെടെ 1214 കളിക്കാരാണു ലേലത്തിലുള്ളത്.
കെ.എൽ. രാഹുൽ, മാർക്കസ് സ്റ്റോയിൻസ്, രവി ബിഷ്ണോയ് എന്നിവരെ ലക്നോയും ഹാർദിക് പാണ്ഡ്യ, ശുഭ്മാൻ ഗിൽ, റാഷിദ് ഖാൻ എന്നിവരെ അഹമ്മദാബാദും ഇതിനോടകം നിശ്ചിത ക്വോട്ട പ്രകാരം സ്വന്തമാക്കിയിട്ടുണ്ട്.
അടിസ്ഥാന വിലയിൽ ഏറ്റവും ഉയർന്നുനിൽക്കുന്നതു രണ്ടു കോടി രൂപയാണ്. 49 പേരാണു രണ്ട് കോടി രൂപ വിലയുള്ള താരങ്ങൾ.
അതിൽ 17 പേർ ഇന്ത്യക്കാരും 32 പേർ വിദേശ താരങ്ങളുമാണ്. ജോഫ്ര ആർച്ചർ, ക്രിസ് വോക്സ്, ബെൻ സ്റ്റോക്സ്, ക്രിസ് ഗെയ്ൽ, സാം കറൻ, മിച്ചൽ സ്റ്റാർക്ക് തുടങ്ങിയ പ്രമുഖ താരങ്ങൾ ഇത്തവണ ഇല്ല.
ഡേവിഡ് വാർണർ, ശിഖർ ധവാൻ, സ്റ്റീവ് സ്മിത്ത്, മിച്ചൽ മാർഷ്, ആർ. അശ്വിൻ, യുസ് വേന്ദ്ര ചാഹൽ, ദീപക് ചാഹർ, ക്വിന്റണ് ഡി കോക്ക് തുടങ്ങിയ താരങ്ങളുടെ അടിസ്ഥാന വില രണ്ടു കോടി രൂപയാണ്.
ഐപിഎൽ 2022 സീസണ് മാർച്ച് അവസാനത്തോടെ ആരംഭിക്കുമെന്നു ബിസിസിഐ സെക്രട്ടറി ജയ് ഷ അറിയിച്ചു. ഈ സീസണ് ഇന്ത്യയിൽ ആയിരിക്കും മത്സരങ്ങൾ. കാണികൾക്കു പ്രവേശനം ഉണ്ടാകില്ലെന്നാണു സൂചന.