കണ്ണൂർ എരമം-കുറ്റൂർ പഞ്ചായത്തിൽ പെരുവാന്പയിലെ ചെരിയൻപുറത്ത് സി.ടി. തോമസ് തന്റെ പേരക്കുട്ടിക്ക് കളിയിടമായി പണിതുടങ്ങിയതാണ് വീടിന് അരികിലൊരു തുരങ്കം.
വെട്ടുകല്ലു നിറഞ്ഞു ബലവത്തായ സ്ഥലത്തിനുള്ളിലൂടെ തുരന്നുതുരന്നു കയറിപ്പോൾ തുരങ്കം നാട്ടിലെ സംഭവമായി മാറിയിരിക്കുന്നു.
ആറടി ഉയരത്തിലും അത്രതന്നെ വീതിയിലും 25 മീറ്റർ നീളത്തിൽ ആറു മാസംകൊണ്ടു നിർമിച്ച തുരങ്കം സന്ദർശിക്കാനും അതിനുള്ളിൽ വിശ്രമിക്കാനും ഏറെപ്പേരാണ് പെരുവാന്പയിലേക്ക് വന്നുകൊണ്ടിരിക്കുന്നത്.
കമാന ആകൃതിയിൽ വെട്ടിക്കയറിയതും മണ്ണുനീക്കം ചെയ്തതും തോമസ് തനിച്ചാണ്.
കർഷകനായ തോമസിന്റെ മൂത്ത മകൻ ജിസ്മോൻ സിംഗപ്പൂരിലാണ് ജോലി ചെയ്യുന്നത്.
മകന്റെ ജോലിസ്ഥലം സന്ദർശിക്കാൻ പോയ വേളയിൽ ഏതാനും നാൾ തായ്ലൻഡിലും താമസിച്ചിരുന്നു.
ടൂറിസത്തിന് പ്രസിദ്ധമായ തായയ്ലാൻഡിലൂടെ നടത്തിയ ഒരു ബോട്ട്് യാത്രയിൽ മനുഷ്യനിർമിതമായ ഒട്ടേറെ തുരങ്കങ്ങൾ കാണാനിടയായി.
തിരികെ നാട്ടിലെത്തിയപ്പോൾ ഇളയ മകൻ വിമലിന്റെ മകൾ ഇവാനയ്ക്കു കളിക്കാൻ തായ് ലാൻഡ് മാതൃകയിൽ വീടിനോട് ചേർന്നൊരു ചെറുതുരങ്കം നിർമിക്കാൻ തോമസ് തീരുമാനിച്ചു.
വെട്ടുകല്ല് ധാരാളമുള്ള പ്രദേശത്തെ വലിയൊരു മണ്തിട്ടയിലാണ് നിർമാണം തുടങ്ങിയത്.
പിക്ക് ആക്സും തൂന്പയും കന്പിയും ഉപയോഗിച്ച് പൂർത്തിയാക്കിയ 25 മീറ്റർ തുരങ്കം നാട്ടിലെ വിസ്മക്കാഴ്ചയാണിപ്പോൾ.
കഴിഞ്ഞ ലോക്ക്ഡൗണ് വേളയിലാണ് നിർമാണം തുടങ്ങിയത്. കുന്നു തുരന്നുള്ള മുന്നേറ്റം ആവേശവും രസവുമായതോടെ രാപകൽ വ്യത്യാസമില്ലാതെ പതിനാലു മണിക്കൂർവരെ തുരങ്കം നിർമാണത്തിൽ മുഴുകി.
രാത്രിവേളകളിലെ പണികൾക്ക് പ്രത്യകമായി വെളിച്ചം ക്രമീകരിച്ചു. മണ്ണ് പുറത്തേക്കു നീക്കുന്നതുൾപ്പെടെ മറ്റാരുടെയും സഹായം തേടിയില്ല.
മാസങ്ങൾ നീണ്ട അധ്വാനത്തിൽ നൂറു ലോഡ് മണ്ണ് അകത്തുനിന്നു നീക്കം ചെയ്തിട്ടുണ്ട്.
വീട്ടുമുറ്റത്തെ ഒരു വശത്തു നിന്നു തുരങ്കത്തിനുള്ളിലേക്കു കയറിയാൽ 25 മീറ്റർ പിന്നീട്ടശേഷമേ പുറത്തിറങ്ങാനാകൂ.
നട്ടുച്ചയിലെ അതികഠിന ചൂടിൽ യാത്ര ചെയ്ത് വരുന്നവർക്ക് തുരങ്കത്തിനുള്ളിൽ കയറിയാൽ ശീതീകരിച്ച മുറിയിൽ എത്തിയ അനുഭൂതിയാണു തോന്നുക.
തുരങ്കം നിർമാണം ഏറെയും മഴക്കാലത്തായിരുന്നതിനാൽ മണ്ണ് ഇടിഞ്ഞു വീഴുമോ എന്ന ഭീതിയിൽ വീട്ടുകാർ നിരുത്സാഹപ്പെടുത്തിയെങ്കിലും തോമസ് പിൻമാറിയില്ല.
നിർമാണവേളയിൽ പൈപ്പിൽ നിന്ന് വെള്ളം വരുന്നതുപോലെ മണ്ണിനു മുകളിൽ ശബ്ദം കേട്ടിരുന്നെങ്കിലും ധൈര്യമായി മുന്നോട്ടു നീങ്ങി. മണ്ഭിത്തിയിൽ നിന്ന് ഉൗറിയിറങ്ങിയ വെള്ളം തുരങ്കത്തിൽ രണ്ടടിയോളം ഉണ്ടായിരുന്നു.
നാലു പതിറ്റാണ്ട് മുന്പ് മലബാറിലേക്കു കുടിയേറിയ 69 കാരനായ സി.ടി തോമസ് തനിയെയാണ് വീടിന് മതിലും കയ്യാലകളും സമാന നിർമിതികളും നടത്തുന്നത്.
മികച്ച കർഷകനായ തോമസിന്റെ തുരങ്കത്തിനു മുകളിൽ റബർ തോട്ടമാണ്. കാഴ്ചയുടെ വിസ്മയമായിരിക്കുന്ന തുരങ്കത്തിൽ നിന്നും മറ്റൊരു തുരങ്കം കൂടി തുരക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.
കാസർഗോട്ടെ ഗ്രാമങ്ങളിൽ സമാന രീതിയിൽനിർമിക്കുന്ന സുരങ്കകൾ എന്നറിയപ്പെടുന്ന തുരങ്കങ്ങൾ കുടിവെള്ളസ്രോതസുകളായി ഉപയോഗിക്കുന്നവരുണ്ട്.
സുരങ്കകളിൽ നിന്ന് ഇറ്റുവരുന്ന ശുദ്ധമായ ഉറവ വെള്ളം സുരക്ഷകളുടെ പുറത്ത് കിണറുകളിലും കുളങ്ങളിലും ടാങ്കുകളിലും സംഭരിക്കും.
നിലവിൽ 25 മീറ്ററിൽ നിന്ന് 50 മീറ്റർ തുരങ്കം പണിയാനുള്ള പരിശ്രമത്തിലാണ് തോമസ്. തുരങ്കത്തിനുള്ളിൽ തന്നെ വശങ്ങളിലേക്ക് ചെറിയ തുരങ്കങ്ങളും നിർമിക്കുന്നുണ്ട്.
ഫോട്ടോ ഷൂട്ടിനായുള്ള സ്ഥലങ്ങളും ഇതിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. അധ്യാപികയായിരുന്ന ഭാര്യ സാലിയുടെ പിന്തുണയും തോമസിനുണ്ട്.