വിഴിഞ്ഞം: അഞ്ച് വർഷം മുൻപ് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മരണം സംബന്ധിച്ച് ദുരൂഹത തുടരുന്നു. പോലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കി. സംഭവം കൊലപാതകമാകാനാണ് സാധ്യതയെന്നാണ് സൂചന.
ഇതു സംബന്ധിച്ച് രണ്ടുപേരെ ഇന്നലെ വിഴിഞ്ഞം പോലീസ് ചോദ്യം ചെയ്തു. മുല്ലൂരിൽ വൃദ്ധയുടെ കൊലപാതകത്തിലെ പ്രതികയായ റഫീക്ക ബീവിയെയും ഇവർക്ക് വീട് വാടകയ്ക്ക് എടുത്ത് നൽകിയ സമീപവാസിയായ ഒരാളെയുമാണ് ഇന്നലെ ചോദ്യം ചെയ്തത്.
ഇരുവരുടെയും മൊഴികളിൽ വൈരുദ്ധ്യമുള്ളതായാണ് സൂചന.യുവതി മരണമടഞ്ഞ ദിവസം റഫീക്ക ബീവി ഈ യുവതിയുടെ വീട്ടിൽ ഉണ്ടായിരുന്നതായും പറയപ്പെടുന്നു.
2016ൽ ആണ് വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി തുംബ്ളിയോടുള്ള വീടിനു സമീപം യുവതിയെ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ അയൽവാസിയായിരുന്ന യുവാവിനെയും റഫീക്കാ ബീവിയെയുമാണ് പോലീസ് ചോദ്യം ചെയ്തത്.
ആദ്യം റഫീക്കാ ബീവി ഇവിടെ താമസിച്ചിരുന്നില്ല എന്നായിരുന്നു മൊഴി നൽകിയത്. എന്നാൽ യുവാവിനൊപ്പം ചോദ്യം ചെയ്തപ്പോൾ മൊഴി തിരുത്തുകയായിരുന്നു.
എന്നാൽ ശാസ്ത്രീയ പരിശോധനകൾക്കും ഡോക്ടറുടെ റിപ്പോർട്ടും ലഭിച്ചാലെ മരണകാരണം കൃത്യമായി അറിയാൻ കഴിയുമെന്ന് പോലിസ് അറിയിച്ചു.
സ്വാഭാവിക മരണമായി കണക്കാക്കിയ സംഭവത്തിൽ അന്നേ നാട്ടുകാർ സംശയമുയത്തിയിരുന്നു. മരണത്തെക്കുറിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ളവ കിട്ടിയാലെ കൂടുതൽ വിവരങ്ങൾ അറിയാനാകുവെന്ന് വിഴിഞ്ഞം എസ്ഐ. കെ.എൽ. സമ്പത്ത് പറഞ്ഞു.