കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് സംബന്ധിച്ചു നടന് ദിലീപിനെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുന്നു.
കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ ഒമ്പതിനു തന്നെ ദിലീപ്, സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, മാനേജര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമ്മനാട് എന്നിവർ എത്തിച്ചേർന്നു.
ദിലീപ്, സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവരെ ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് സൂപ്രണ്ട് മോഹനചന്ദ്രന് നായരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടത്തുന്നത്.
മൂന്നുപേരും ഗൂഢാലോചനയിലെ മുഖ്യകണ്ണികളെന്ന് ക്രൈംബ്രാഞ്ച് സംഘം വെളിപ്പെടുത്തി. മൂന്നു ദിവസങ്ങളിലായി ആകെ 33 മണിക്കൂറാണ് ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്.
ബാലചന്ദ്രകുമാറിന്റെ മൊഴികളും ഡിജിറ്റല്‍ രേഖകളും നിരത്തിയാകും തുടര്‍ന്നുള്ള നടപടികള്‍. ഇതുവരെ ഹാജരാക്കിയ തെളിവുകള്‍ക്കപ്പുറം പുതിയതായി ഒന്നും കോടതി മുമ്പാകെ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അന്വേഷണസംഘത്തിന് അതു തിരിച്ചടിയാകും.
മൊഴികളിൽ പൊരുത്തക്കേട്
ദിലീപ്, അനൂപ്, സൂരജ് എന്നിവരുടെ മൊഴികളില്‍ വലിയ പൊരുത്തക്കേടുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. പഠിപ്പിച്ച് വിട്ടപോലെയാണ് ഇവര്‍ പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത്.
ഇന്നലത്തെ ചോദ്യം ചെയ്യലില്‍ മൂന്നു മൊഴികളിലും വലിയ പൊരുത്തക്കേട് ഉള്ളതുകൊണ്ടാണ് അന്വേഷണ സംഘം ഇവരെ ഒരുമിച്ചിരുത്തി ഇന്ന് ചോദ്യം ചെയ്യുന്നത്.
ഇന്നലത്തെ ചോദ്യം ചെയ്യലില്‍ ഇത് കള്ളക്കേസാണെന്ന് ദിലീപ് ആവര്‍ത്തിക്കുകയുണ്ടായി. വ്യക്തമായ തെളിവുകളുള്ള ചോദ്യങ്ങളോട് പോലും ദിലീപ് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്.
കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഇന്നലെ രാവിലെ ഒമ്പതിന് ആരംഭിച്ച ആദ്യ ദിനത്തിലെ ചോദ്യം ചെയ്യല്‍ രാത്രി എട്ടോടെയാണ് അവസാനിച്ചത്.
ചോദ്യംചെയ്യല്‍ വേളയിലുടനീളം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം ദിലീപ് നിഷേധിച്ചിരുന്നു. കേസ് കള്ളക്കേസാണെന്നായിരുന്നു ദിലീപിന്റെ വാദം.
ജീവിതത്തില്‍ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ല. വിചാരണ കോടതിയില്‍ ജഡ്ജി അക്രമദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ അതുവേണ്ടെന്ന് പറഞ്ഞു.
നടിയെ ആ അവസ്ഥയില്‍ കാണാന്‍ കഴിയാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞു. അതേസമയം, ഇതേ ദൃശ്യങ്ങള്‍ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടത് എന്തിനായിരുന്നുവെന്ന് അന്വേഷണസംഘം ചോദിച്ചെങ്കിലും ദിലീപ് മറുപടി നല്‍കിയില്ലെന്നാണ് വിവരം.
ഡിജിറ്റല്‍ തെളിവുകളില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് അന്വേഷണ സംഘം
ദിലീപിന്റെ വീട്ടിലും നിര്‍മാണ കമ്പനി ഓഫീസായ എറണാകുളത്തെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിലും സഹോദരന് അനൂപിന്റെയും സഹോദരി ഭര്‍ത്താവ് സൂരജിന്റെയും വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത തെളിവുകളുടെ ശാസ്ത്രീയ പരിശോധന ഫലം ഇന്നു ലഭിക്കും.
ഇതില്‍ വിശ്വാസം അര്‍പ്പിച്ചാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. ദിലീപിന്റെ രണ്ടു മൊബൈല്‍ ഫോണുകള്‍, മകളുടെ ടാബ്, അനൂപിന്റെ രണ്ട് മൊബൈല്‍ ഫോണുകള്‍ തുടങ്ങിയ ഒമ്പതോളം വസ്തുക്കളാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധനയില്‍ പിടിച്ചെടുത്തത്.
സൂരജ്, അപ്പു, ബൈജു ചെങ്ങമ്മനാട് എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഇതില്‍നിന്ന് നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
അതേസമയം കേസിനാധാരമായ ഡിജിറ്റല്‍ തെളിവുകള്‍ ഇന്നലത്തെ ചോദ്യം ചെയ്യലില്‍ ദിലീപിനെ കാണിച്ചെങ്കിലും ഇതെല്ലാം നടന് നിഷേധിച്ചു. ഇന്നും നാളെയുമായുള്ള ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ പ്രതികളില്‍ നിന്നു ശേഖരിക്കാനാകുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.
സഹകരിച്ചാലും ഇല്ലെങ്കിലും അന്വേഷണത്തിനു ഗുണം ചെയ്യും: എഡിജിപി എസ്. ശ്രീജിത്ത്
ക്രൈംബ്രാഞ്ച് സംഘത്തിന്റെ ചോദ്യംചെയ്യലിനോട് നടന് ദിലീപ് സഹകരിച്ചാലും ഇല്ലെങ്കിലും അന്വേഷണത്തിന് ഗുണം ചെയ്യുമെന്ന് എഡിജിപി എസ്. ശ്രീജിത്ത്.
ചോദ്യംചെയ്യല്‍ നടക്കുമ്പോള്‍ പ്രതിയുടെ സഹകരണം മാത്രമല്ല തെളിവിലേക്കു നയിക്കുക, നിസഹകരണവും വേറൊരു രീതിയില്‍ പോലീസിന് സഹായകരമാകും.
സഹകരിക്കുന്നതോ നിസഹരിക്കുന്നതോ അടിസ്ഥാനമാക്കിയല്ല കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. നിസഹകരണമാണെങ്കില് കോടതിയെ കാര്യങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, ദിലീപിനെതിരേ കൃത്യമായ തെളിവുണ്ടെന്ന സൂചനയും എഡിജിപി നല്കി. തെളിവിനെക്കുറിച്ചു ചോദിച്ചപ്പോള്‍ കഴിഞ്ഞ ദിവസം കോടതിയില്‍ കണ്ടതല്ലേയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെളിവു ശേഖരിക്കലാണ് പോലീസിന്റെ ജോലി.
അതാണിപ്പോള്‍ നടക്കുന്നത്. കോടതിയെ സമീപിച്ചവരെയല്ലാതെ മറ്റുള്ളവരെ ചോദ്യംചെയ്യാന്‍ നിയമപരമായി തടസമില്ല. കോടതി നിര്‍ദേശമനുസരിച്ചാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്. ആറാം പ്രതിയായ വിഐപി ശരത് ആണോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എഡിജിപി പറഞ്ഞു.
വിചാരണ നീട്ടരുതെന്ന് ആവശ്യവുമായി സുപ്രീംകോടതിയില്‍
നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം നീട്ടി നല്‍കരുതെന്ന് ആവശ്യപ്പെട്ട് നടന് ദിലീപ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപേക്ഷ സുപ്രീംകോടതി ഇന്നു പരിഗണിക്കാന്‍ ഇരിക്കെയാണ് ദിലീപ് മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ദിലീപ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ദിലീപിനു വേണ്ടി സീനിയര്‍ അഭിഭാഷകന് മുകുള്‍ റോത്തഗി സുപ്രീംകോടതിയില്‍ ഹാജരാകും.