വാഹനഷോറൂമിലെത്തിയ കർഷകനെ അപമാനിച്ച സെയിൽസ്മാൻ പിടിച്ചത് പുലിവാൽ.
കർണാടകയിലെ തുമകൂരിലാണ് സംഭവം. പൂക്കൾ കൃഷിചെയ്യുന്ന കെമ്പഗൗഡയും കൂട്ടുകാരും പിക്അപ് വാങ്ങുന്നതിനായിട്ടാണ് മഹേന്ദ്രയുടെ ഷോറൂമിൽ എത്തിയത്.
സാധാരണക്കാരായ അവരുടെ വേഷവും പെരുമാറ്റവും കണ്ടിട്ട് കൗതുകം തീർക്കാൻ വന്നവരാണ് എന്ന ധാരണയിലാണ് ഷോറൂമിലെ ജീവനക്കാരൻ പെരുമാറിയത്.
10 ലക്ഷത്തിന്റെ വാഹനത്തെ കുറിച്ച് കൊമ്പഗൗഡ ചോദിച്ചു. എന്നാൽ പോക്കറ്റിൽ 10 രൂപ പോലും കാണില്ല അപ്പോഴല്ലേ 10 ലക്ഷം എന്ന പരിഹാസമാണ് ജീവനക്കാരിൽ നിന്ന് മറുപടിയായി കിട്ടിയത്. ഇതോടെ യുവാവിന് ദേഷ്യം വന്നു. പണം തന്നാൽ ഇന്ന് കാർ കിട്ടുമോ എന്ന് കെമ്പഗൗഡ തിരിച്ചുചോദിച്ചു.
10 ലക്ഷം രൂപ ഒരുമിച്ച് കൊണ്ടുവരൂ എന്നാൽ കാർ ഇന്ന് തന്നെ തരാമെന്ന് ജീവനക്കാരനും തിരിച്ച് പറഞ്ഞു.
ശരി എന്ന് പറഞ്ഞ് അവിടെ നിന്നുപോയ യുവാവും കൂട്ടുകാരും 10 ലക്ഷം രൂപയുമായി അരമണിക്കൂറിനകം തിരിച്ചെത്തി. ഇതോടെ ജീവനക്കാരൻ ഞെട്ടി.
ഉടൻ കാർ കൊടുക്കാനുള്ള സാങ്കേതിക തടസങ്ങളും ശനിയും ഞായറും അവധി ദിവസമായതിനാലുള്ള പ്രശ്നങ്ങളും കാർ ഷോറൂമിനെ ആകെ കുടുക്കി.
കിട്ടാതെ പോകില്ലെന്ന് ഉറപ്പിച്ച് യുവാവും സുഹൃത്തുക്കളും സമരം തുടങ്ങി. ഒടുവിൽ തിലക് പാർക്ക് പോലീസ് സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥരെത്തിയാണ് സമരം അവസാനിപ്പിച്ചത്.
തന്നെയും സുഹൃത്തുക്കളെയും അപമാനിച്ചതിന് രേഖാ മൂലം മാപ്പ് ചോദിക്കണമെന്നും ഇനി താൻ ഈ ഷോറൂമിൽ നിന്നും കാർ വാങ്ങാൻ താൽപര്യമില്ലെന്നും വ്യക്തമാക്കിയാണ് കർഷകൻ മടങ്ങിയത്.
സെയിൽസ്മാൻ ഒടുവിൽ മാപ്പു പറഞ്ഞു. താൻ എസ്എസ്എൽസി വരെ പഠിച്ചതാണെന്നും തനിക്ക് ഇതാണ് അവസ്ഥയെങ്കിൽ മറ്റ് കർഷകരുടെ അവസ്ഥ എന്തായിരിക്കുമെന്നും കെമ്പഗൗഡ ചോദിക്കുന്നു.
മഹേന്ദ്ര ചെയർമാൻ ആനന്ദ് മഹേന്ദ്രയുടെ ശ്രദ്ധയിൽ സംഭവം എത്തിക്കണമെന്നാണ് ചിലരുടെ നിലപാട്.