മംഗലം ശങ്കരൻകുട്ടി
ഒറ്റപ്പാലം: വിധിയേ ശപിച്ച് ഒളിച്ചിരിക്കാനല്ല, ഭാവിഭാഗധേയം തിരുത്തിക്കുറിക്കാനായിരുന്നു രാമചന്ദ്രന്റെ തീരുമാനം. രംഗബോധമില്ലാതെ കടന്നുവന്നൊരു കോമാളിയേ പോലെ വിധി പാലപ്പുറം എസ് ആർ കെ നഗർ സ്വദേശി രാമചന്ദ്രന്റെ (34 ) ചലനശേഷിയെ തളർത്തുകയായിരുന്നു.
അരയ്ക്കുതാഴെ തളർന്ന് കാലുകൾക്കു ശേഷി നഷ്ടപ്പെട്ടതോടെ ഇദ്ദേഹത്തിനു ഭാവി വലിയോരു ചോദ്യചിഹ്നമായി. പരസഹായം കൂടാതെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയേ ഇഛാശക്തികൊണ്ട് പൊരുതി തോൽപ്പിക്കാനായിരുന്നു രാമചന്ദ്രന്റെ തീരുമാനം.തളർന്നുകിടക്കുന്ന കാലുകളെ തളരാത്ത മനസുമായി രാമചന്ദ്രൻ എതിരിട്ടു.
ഉൗന്നുവടികളുടെ സഹായത്തോടെ നടക്കാൻ തന്നെയായിരുന്നു തീരുമാനം. ആദ്യമാദ്യം ശരീരം ഇതിനു വഴങ്ങി കൊടുത്തില്ലെങ്കിലും അവസാനം രാമചന്ദ്രൻ തന്നെ വിജയിച്ചു.
മനസു ചെല്ലുന്നിടത്ത് ശരീരമെത്തിക്കാനുള്ള തീരുമാനത്തിൽ ഇദ്ദേഹം വിജയിക്കുകയും ചെയ്തു. നിർധന കുടുംബത്തിലെ അംഗമായ രാമചന്ദ്രൻ വിധിയോടു സമരസപ്പെടാതെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള വഴികളാണ് പിന്നീടാലോചിച്ചത്.
അങ്ങനെയാണ് തന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കരകൗശലക്കാരനായ സർഗപ്രതിഭയെ ഇദ്ദേഹം കണ്ടെത്തിയത്. ബോട്ടും തീവണ്ടികളും നൗകയും വാഹനങ്ങളും ചന്തമൂറുന്ന പൂക്കളും രാമചന്ദ്രന്റെ കൈപടയിൽ ഉയിർ കൊണ്ടു. ഇവയെല്ലാം വിറ്റഴിക്കാനുള്ള വിപണി കണ്ടെത്തുകയായിരുന്നു മറ്റൊരു വെല്ലുവിളി.
സോഷ്യൽ മീഡിയകളും നവ മാധ്യമങ്ങളുമാണ് ഇവിടെ രാമചന്ദ്രനു രക്ഷയായത്. കരകൗശല വസ്തുക്കൾക്ക് ആവശ്യക്കാരെറെയെത്തി.നൂതനമായ ആശയമെന്ന നിലയ്ക്കാണ് ഇദ്ദേഹം ചിനക്കത്തൂർ കുതിരക്കോലങ്ങളെ നിർമിക്കാൻ തുടങ്ങിയത്.
രാമചന്ദ്രന്റ കരവിരുതിൽ കെട്ടിലമ്മയും ഏറാൾപ്പാടും അന്പാടി കോവിലകവും കൊച്ചി രാജാവുമെല്ലാം ഒർജിനിലിനെ വെല്ലുന്ന രൂപങ്ങളായി പുനർജനിച്ചു.വള്ളുവനാടിന്റെ തനതു പ്രതീകങ്ങളാണ് ഈ പൊയ്കുതിര രൂപങ്ങൾ. രാമചന്ദ്രന്റെ കുതിരരൂപങ്ങൾക്ക് ആവശ്യക്കാരെയൊണ്.
ചിനക്കത്തൂർ ഭഗവതിയുടെ പ്രതീകമായി കണ്ട് ഇതിനെ പൂജാമുറിയിൽ വാങ്ങി വയ്ക്കുന്നവരും ഏറെയുണ്ട്.മറ്റൊരു ചിനക്കത്തൂർ പൂരം കൂടി വരാനിരിക്കെ രാമചന്ദ്രന്റെ കുതിരരൂപങ്ങൾക്കും ആവശ്യക്കാർ ഏറുകയാണ്.
തെർമോകോളും നൂലും മരവും അലങ്കാര തുണികളും ഉപയോഗിച്ചാണ് രാമചന്ദ്രൻ കുതിര രൂപങ്ങൾ സൃഷ്ടിക്കുന്നത്. ആവശ്യക്കാർക്കനുസരിച്ച് ഇവ നിർമിച്ചു കൊടുക്കുന്നതിൽ വ്യാപൃതനാണ് ഇദ്ദേഹം.
കഷ്ടപ്പാടും വേദനയും യാതനകളും നിറഞ്ഞ ജീവിതത്തിന്റെ കയ്പ്പേറിയ യാഥാർഥ്യത്തെ മനശക്തി കൊണ്ടെതിരിട്ട ജീവിതകഥയാണിദ്ദേഹത്തിന്റേത്.
ഒന്നും തനിക്കന്യമല്ലന്നും തന്റെ ജീവിതവും അതിമനോഹരമാണെന്നും കാലത്തെ ബോധ്യപ്പെടുത്തിയ രാമചന്ദ്രനു ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന സന്തുഷ്ടമായ കുടുംബവുമുണ്ട്.