തൃശൂർ: സിപിഎം സമ്മേളനം കഴിഞ്ഞാൽ തൃശൂർ ജില്ലയെയും കടുത്ത നിയന്ത്രണത്തിലാക്കുമെന്ന പ്രവചനം സത്യമായി. ജില്ലയെ ബി കാറ്റഗറിയിലാക്കിയതായി കളക്ടർ ഹരിത വി. കുമാർ അറിയിച്ചു.
രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, സാമുദായിക, മതപരമായ പൊതു പരിപാടികൾ ഉൾപ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓണ്‍ലൈനായി മാത്രം നടത്തണം.
വിവാഹം, മരണാനന്തര ചടങ്ങുകൾക്കു പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂവെന്നും കളക്ടറുടെ ഉത്തരവിൽ ഉണ്ട്.
ഇന്നലെ കോവിഡ് ജില്ലയിൽ കുറവാണ്. എന്നാ ൽ ഇതിനുമുന്‍പ് അയ്യായിരത്തിൽ കൂടുതലായിരുന്നു രോഗികൾ. അന്നൊന്നും ഇത്തരം നിയന്ത്രണങ്ങൾ ജില്ലയ്ക്കു ബാധകമായിരുന്നില്ല.
സിപിഎം സമ്മേളനം നടക്കുന്നതിനാൽ എല്ലാ നിയന്ത്രണങ്ങളും മാറ്റിവച്ചിരിക്കയായിരുന്നു. എല്ലാം കഴിഞ്ഞതോടെ മരണാനന്തര ചടങ്ങുകൾക്കു പോലും 20 പേരേ പാടുള്ളൂവെന്നാണു കളക്ടറുടെ നിബന്ധന.
അന്‍പതു പേർ മാത്രമേ കൂടാവൂവെന്ന് കളക്ടർ നിർദേശിച്ചിരുന്നപ്പോഴാണു 175 പേരെ വച്ച് സിപിഎം സമ്മേളനം നടത്തിയത്. അതിനെതിരെ കളക്ടർ ഇനിയും മിണ്ടിയിട്ടില്ലെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.
ആളും തരവും നോക്കി നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതിനോടു വൻ പ്രതിഷേധമാണ് ഉയരുന്നത്. ജാഗ്രതയും കരുതലും വേണ്ട കോവിഡിന്റെ പേരിലും ഇത്തരം നടപടികൾമൂലം ആളുകളെ അസ്വസ്ഥരാക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും വിവിധ സംഘടനാ നേതാക്കളും പ്രതികരിച്ചു.