കൊച്ചി: നടിയെ ആക്രമിച്ച കേസന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന് റാഫിയുടെ വെളിപ്പെടുത്തലുകള്‍ നടന് ദിലീപിന് തിരിച്ചടിയാകുമെന്നു സൂചന.
“പിക്ക് പോക്കറ്റ്’ സിനിമയില്‍നിന്ന് പിന്മാറുന്ന കാര്യം തന്നെ ആദ്യമറിയിച്ചത് ബാലചന്ദ്രകുമാര്‍ ആണെന്നു റാഫി ഇന്നലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോടും വെളിപ്പെടുത്തിയിരുന്നു.
അതേസമയം സംവിധായകന് ബാലചന്ദ്രകുമാറിന്റെ “പിക്ക് പോക്കറ്റ്’ എന്ന സിനിമയില്‍നിന്ന് പിന്മാറിയതിന്റെ വൈരാഗ്യമാണ് നിലവിലെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലെന്ന നടന് ദിലീപിന്റെ വാദങ്ങള്‍ക്ക് തിരിച്ചടിയാണ് റാഫിയുടെ ഈ വെളിപ്പെടുത്തല്‍.
സിനിമയില്‍നിന്ന് ആദ്യം പിന്മാറിയത് താനാണെന്നും അതുകൊണ്ടാണ് വൈരാഗ്യമെന്നുമായിരുന്നു ദിലീപിന്റെ വാദം.
ജയിലില്‍ നിന്നിറങ്ങിയ ശേഷം പോക്കറ്റടിക്കാരന്റെ റോള്‍ ചെയ്യുന്നത് തനിക്ക് ദോഷം ചെയ്യുമെന്ന് ബാലചന്ദ്രകുമാറിനെ അറിയിച്ചിരുന്നുവെന്നും ഇതിന്റെ ദേഷ്യത്തിലാണ് ബാലചന്ദ്രകുമാര്‍ കള്ളപരാതി നല്‍കിയത് എന്നുമാണ് ദിലീപ് പറഞ്ഞിരുന്നത്.
ദിലീപും ബാലചന്ദ്രകുമാറും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന് തോന്നിയിട്ടില്ല. സിനിമ വൈകിയതില്‍ ബാലചന്ദ്രകുമാറിന് വിഷമമുണ്ടായിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് അദ്ദേഹം പിന്മാറിയത്. “പിക്ക് പോക്കറ്റി’ന്റെ തിരക്കഥ റീവര്‍ക്ക് ചെയ്യാനാണ് 2018ല്‍ തന്നെ ഏല്‍പ്പിച്ചത്.
കാര്‍ണിവല്‍ എന്ന കമ്പനിയാണ് ചിത്രം നിര്‍മിക്കാനിരുന്നത്. അവര്‍തന്നെ നിര്‍മിക്കുന്ന സിനിമയാണ് “പറക്കും പപ്പന്’.
അതിന്റെ തിരക്കഥ ആദ്യം എഴുതാന്‍ പറഞ്ഞു. ആ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ഒരുവര്‍ഷം വേണം. ആനിമേഷനും മറ്റുമുണ്ട്.
അപ്പോഴാണ് പിക്ക് പോക്കറ്റ് മാറ്റിവച്ചിട്ട് പറക്കും പപ്പന് എഴുതിയത്’ റാഫി പറഞ്ഞു. ക്രൈംബ്രാഞ്ച് ഇന്നലെ ചോദ്യം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു റാഫി.
ജയിലില്‍നിന്ന് പുറത്തിറങ്ങിയശേഷം നെഗറ്റീവ് ക്യാരക്ടര്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്ന് ദിലീപ് സത്യവാങ്മൂലത്തില്‍ പറഞ്ഞതും റാഫി തള്ളി.
അത്തരമൊരു ബുദ്ധിമുട്ട് പറഞ്ഞിരുന്നില്ലെന്നായിരുന്നു റാഫിയുടെ പ്രതികരണം. കഥ ദിലീപിന് ഇഷ്ടപ്പെട്ടിരുന്നു. സിനിമ നടക്കാതെ പോയത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും റാഫി പറഞ്ഞു.
അതേസമയം ദിലീപ് ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളുടെ ചോദ്യം ചെയ്യല്‍ മൂന്നാം ദിവസമായ ഇന്നും തുടരുകയാണ്. ഇന്നത്തെ 11 മണിക്കൂര്‍ ദിലീപിന് ഏറെ നിര്‍ണായകമാണ്.
കോടതിയില്‍ അന്വേഷണസംഘം നല്കിയ വിവരങ്ങളെ സാധൂകരിക്കുന്ന രേഖകള്‍ പരമാവധി ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
രണ്ടു കവറുകളിലായി തെളിവുകൾ
കേസില്‍ കോടതിയില്‍ രണ്ടു കവറുകളിലായി സമര്‍പ്പിച്ചിട്ടുള്ള തെളിവുകള്‍ ഇന്ന് നിര്ണായകമായേക്കുമെന്നു സൂചന.
ഗൂഢാലോചന സംബന്ധിച്ച ഡിജിറ്റല്‍ തെളിവുകളാണ് കവറിലുള്ളത്. ഡിജിറ്റല്‍ തെളിവുകളില്‍ പ്രതികള്‍ തന്നെയാണ് എ്ന്ന് ഉറപ്പുവരുത്തുന്നതിനായാണ് ഇന്നലെ സംവിധായകന് റാഫി, അരുണ്‍ ഗോപി എ്ന്നിവരെ ക്രൈംബ്രാഞ്ച് സംഘം വിളിച്ചുവരുത്തിയത്. ശബ്ദം ഇവര്‍ തിരിച്ചറിഞ്ഞതായാണ് സൂചന.
സാമ്പത്തിക ഇടപാടുകളില്‍ ചോദ്യം ചെയ്യല്‍
കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ള തെളിവുകളും പ്രതികളുടെ സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ചായിരുന്നു ഇന്നലത്തെ ചോദ്യം ചെയ്യല്‍.
ആദ്യദിനത്തിലേപോലെ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളെ നിഷേധിക്കുന്ന തരത്തില്തന്നെയായിരുന്നു പ്രതികളുടെ മറുപടി.
ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പണമിടപാട് രേഖകളടക്കമുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നു റിപ്പോര്‍ട്ടുണ്ട്.
സുരാജിന്റെ മൊഴികളെ തള്ളുന്നതാണ് ഈ വിവരങ്ങള്‍. സിനിമാ താരങ്ങള്‍ക്ക് സുരാജ് പണം നല്‍കിയതിന്റെ തെളിവ് അന്വേഷണ സംഘത്തിന്റെ കൈവശമുണ്ടെന്നാണ് സൂചന.
ഇത് നടി ആക്രമണക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ഉപയോഗിച്ചതാണോയെന്ന് അന്വേഷണസംഘം പരിശോധിച്ച് വരികയാണ്.
ഇന്നലെ അഞ്ച് പ്രതികളെയും ആദ്യം ഒരുമിച്ചിരുത്തിയും തുടര്‍ന്ന് ദിലീപിനെയും അനൂപിനെയും സുരാജിനെയും ഒരുമിച്ചിരുത്തി ഉച്ചവരെയും ചോദ്യം ചെയ്തു.
ക്രൈം ബ്രാഞ്ച് എസ്പി മോഹനചന്ദ്രന് നായരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. ഉച്ചയ്ക്കുശേഷം മൂവരെയും വീണ്ടും ഒറ്റയ്ക്കിരുത്തി ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ദിലീപില്നിന്നാണ് ഏറെനേരം മൊഴിയെടുത്തത്.
രണ്ട് സംവിധായകരടക്കം ആറ് പേരെ ചോദ്യംചെയ്തു
സംവിധായകരായ റാഫി, അരുണ്‍ ഗോപി, സിനിമാ മേഖലയിലെ അക്കൗണ്ടന്റ് സിജോ, ദിലീപിന്റെ സിനിമാ നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് മാനേജര്‍, രണ്ട് ജീവനക്കാര്‍ എന്നിവരെയും ഇന്നലെ ചോദ്യം ചെയ്തിരുന്നു.
സംവിധായകന് ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ച് സംഘത്തിന് നല്കിയ ഡിജിറ്റല്‍ തെളിവുകളില്‍ റാഫിയുടെ പേര് പരാമര്‍ശിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുന്നതിനാണ് ഇദ്ദേഹത്തെ വിളിച്ചു വരുത്തിയത്.
കേസന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ദിലീപിന്റെ നിര്‍മാണ കമ്പനിയില്‍നിന്നു ചില രേഖകള്‍ അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു.
ഇവ പിന്നീട് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഇതിന്റെ പരിശോധനാ ഫലങ്ങള്‍ ഇന്നലെ പുറത്തു വന്നതിനു പിന്നാലെയായിരുന്നു കമ്പനിയിലെ മൂന്ന് ജീവനക്കാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
നടിയെ ആക്രമിച്ച സംഭവങ്ങള്‍ക്ക് പിന്നാലെ അരുണ്‍ ഗോപിയുടെ സംവിധാനത്തിലൂടെ തിയറ്ററിലെത്തിയ ദിലീപ് ചിത്രമാണ് രാമലീല.
നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടന്നുവെന്ന തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ വന്നതോടെ അന്ന് നടന്നിട്ടുള്ള സംഭവങ്ങള്‍ ചോദിച്ചറിയുന്നതിനായാണ് അരുണ്‍ ഗോപിയെ അന്വേഷണസംഘം ചോദ്യം ചെയ്തതെന്നാണ് വിവരം.
ദിലീപ് അവസാനമായി അഭിനയിച്ച “കേശു ഈ വീടിന്റെ നാഥന്’ എന്ന സിനിമയുടെ അക്കൗണ്ടന്റാണ് സിജോ. സാമ്പത്തിക കാര്യങ്ങളിലെ വ്യക്തത സിജോയില്നിന്ന് തേടി.
കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ അടക്കമുള്ളവരുടെ സാമ്പത്തിക ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതായാണ് സൂചന.
ദിലീപിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി: അന്വേഷണോദ്യോഗസ്ഥന് ബൈജു പൗലോസിന്റെ കൈവശമുള്ള നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ വിചാരണക്കോടതിക്ക് കൈമാറണമെന്ന നടന് ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന് ഹര്‍ജിയും ഇന്നു പരിഗണിക്കുന്നുണ്ട്.