മാട്ടറ: വർധിച്ചുവരുന്ന കാട്ടാനശല്യത്തെ പ്രതിരോധിക്കാൻ വ്യത്യസ്തമായ പ്രതിരോധവുമായി മാട്ടറയിലെ കർഷകർ. കർണാടക വനത്തോട് ചേർന്നുകിടക്കുന്ന മാട്ടറയിലെ 1.2 കിലോമീറ്റർ വനാതിർത്തിപ്രദേശത്ത് തേനീച്ച പെട്ടികൾ സ്ഥാപിച്ചാണ് പ്രതിരോധം തീർക്കുന്നത്.
തേനീച്ചകളുടെ മൂളൽശബ്ദം ഏറെ ദൂരത്തുനിന്നുതന്നെ കേൾക്കുന്നതിലൂടെ ആനകൾ ഭയന്ന് പിന്തിരിയും എന്നതാണ് ഹണി ഫെൻസിംഗിന്റെ സവിശേഷത. തേനീച്ചകളുടെ ആക്രമണത്തിൽ ആനകൾക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല.
കുടക് മേഖലയിലെ മിക്ക പ്രദേശങ്ങളിലും പരീക്ഷിച്ചു വിജയിച്ച പദ്ധതിയാണിത്. ആനകൾ ഇറങ്ങുന്ന വഴികളിലാണ് ആദ്യഘട്ടത്തിൽ തേനീച്ചപ്പെട്ടികൾ സ്ഥാപിക്കുന്നതെങ്കിലും ഒരു വർഷംകൊണ്ട് വനാതിർത്തിയിൽ മുഴുവൻ ഇവ സ്ഥാപിക്കും.
പരീക്ഷണപദ്ധതിയിൽ 27 പെട്ടികളാണ് സ്ഥാപിച്ചത്. ഗുണമേന്മയേറിയ തേൻ ലഭിക്കുമെന്നത് ഈ പ്രതിരോധമാർഗത്തെ ലാഭകരമാക്കുന്നു.
പെട്ടികളുടെ എണ്ണം വർധിക്കുന്നതോടെ കർഷകരുടെ സംഘം രൂപീകരിച്ച് ഗുണമേന്മയുള്ള തേൻ വിപണിയിലെത്തിക്കുമെന്ന് വാർഡ് മെംബർ സരുൺ തോമസ് പറഞ്ഞു.
ജനകീയാസൂത്രണ രജതജൂബിലിയുമായി ബന്ധപ്പെട്ട് വാർഡിൽ ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. കർഷകർക്കായി പഞ്ചായത്ത് സബ്സിഡി നിരക്കിൽ നൽകിയ തേനീച്ച പെട്ടികൾ വനാതിർത്തിയിലെ സ്ഥലമുടമകളായ കർഷകരിൽനിന്നു പണം കണ്ടെത്തി രണ്ടു കർഷകരെ പരിപാലന ചുമതല ഏൽപ്പിച്ചാണ് പദ്ധതിയുടെ പ്രവർത്തനം.
പെട്ടികൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്ക് വാർഡ് മെംബർ സരുൺ തോമസ്, കർഷകരായ ജയ്പ്രവീൺ കിഴക്കേതകിടിയേൽ, വർഗീസ് ആത്രശേരി, സെബാസ്റ്റ്യൻ തെനംകാലയിൽ, ഇന്നസെന്റ് വടക്കേൽ, ബിനു കല്ലുകുളങ്ങര, അഭിലാഷ് കാരികൊമ്പിൽ, അമൽ ജോസഫ്, സി.ഡി. അമൽ എന്നിവർ നേതൃത്വം നൽകി.
ഇവിടെ വനംവകുപ്പ് സോളാർ വേലി സ്ഥാപിച്ചിരുന്നെങ്കിലും അത് കാടുപിടിച്ചു നശിച്ചിരുന്നു. കഴിഞ്ഞവർഷം നൂറോളം നാട്ടുകാർ ചേർന്ന് സോളാർ വേലി പുനരുദ്ധരിക്കുകയും ജനകീയമായി പണം കണ്ടെത്തി ബാറ്ററി ഉൾപ്പെടെ സ്ഥാപിക്കുകയും ചെയ്തിരുന്നു.