സ്വന്തം ലേഖകൻ
കണ്ണൂർ: തമിഴ്നാട്ടിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് അംഗീകാരം നേടിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു കോടിയുടെ തട്ടിപ്പ്. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ വ്യവസായ പ്രമുഖനിൽ നിന്നാണ് പണം തട്ടിയെടുത്തിട്ടുളളത്.
കണ്ണൂർ ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവ് ഇടനിലക്കാരനായി നടത്തിയിട്ടുള്ള തട്ടിപ്പിൽ തമിഴ്നാട്ടിലെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരും കണ്ണികളാണെന്ന് റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്.
കുഴൽപ്പണമായാണ് ഒരു കോടി രൂപ ചെന്നൈയിൽ എത്തിച്ചത്. തുടർന്ന് കോൺഗ്രസ് നേതാവ് ഉൾപ്പെട്ട സംഘം ചെന്നൈയിൽ പാർട്ടിയും നടത്തി. വനാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കോളജിന് നിയമ ഭേദഗതിയെ തുടർന്ന് അംഗീകാരം നഷ്ടപ്പെടുകയായിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രിയായി സ്റ്റാലിൻ അധികാരമേൽക്കുന്നതിന് ആറ് മാസം മുമ്പാണ് ഒരു കോടി രൂപ സംഘം കൈപ്പറ്റിയത്. എന്നാൽ, പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ അംഗീകാരം നേടാനുള്ള നീക്കം പരാജയപ്പെടുകയായിരുന്നു.
തുടർന്ന് പണം നഷടപ്പെട്ട പള്ളിക്കുന്ന് സ്വദേശി പണം തിരിച്ച് നൽകണമെന്നാവശ്യപ്പെട്ടിട്ടും സംഘം പണം തിരിച്ചു നൽകാൻ തയാറായില്ല. തുടർന്ന് വ്യവസായി കണ്ണൂരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന് പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസിൽ സുധാകര വിരുദ്ധനായ നേതാവാണ് തട്ടിപ്പിന് ഇടനിലക്കാരനായി നിന്നിട്ടുള്ളതെന്നും സമാനമായ പല ഇടപാടുകളിലും ഇയാൾ പങ്കാളിയാണെന്നും സുധാകര വിഭാഗത്തിലെ പ്രമുഖ നേതാവ് പറഞ്ഞു.