കോട്ടയം: കാണാതായ പ്ലസ് വണ്‍ വിദ്യാർഥിനിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി. ഈരാറ്റുപേട്ടയ്ക്കു സമീപം ഭരണങ്ങാനം മേലന്പാറയിൽ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാർഥിനിയെയാണ് തിരുവനന്തപുരത്തു നിന്നും കണ്ടെത്തിയത്.
ഇന്നു പുലർച്ചെയോടെ പെണ്‍കുട്ടിയെ പോലീസ് ഈരാറ്റുപേട്ടയിൽ എത്തിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ ഇന്നലെ പുലർച്ചെയാണ് കാണാതായത്.
തുടർന്നു വീട്ടുകാർ നല്കിയ പരാതിയെതുടർന്നു ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.പെണ്‍കുട്ടി യാത്ര ചെയ്ത കെഎസ്ആർടിസി ബസിന്റെ കണ്ടക്ടർ നൽകിയ വിവരമാണ് നിർണായകമായത്.
രാവിലെ ആറരയ്ക്ക് മേലന്പാറ ജംഗ്ഷനിൽ നിന്നും കോട്ടയത്തേക്ക് പെണ്‍കുട്ടി തന്റെ ബസിലാണ് യാത്ര ചെയ്തതെന്നും, ടിക്കറ്റെടുക്കാനായി 200 രൂപയാണ് നല്‍കിയതെന്നും കണ്ടക്ടർ പോലീസിനെ അറിയിച്ചു.
ഇതനുസരിച്ച് ഈരാറ്റുപേട്ട പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തിയത്. ഇൻസ്റ്റഗ്രാമിലുടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാനാണ് പെണ്‍കുട്ടി പോയതെന്ന് പോലീസ് പറഞ്ഞു.