കാട്ടാക്കട : സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ മാലിന്യ നിക്ഷേപത്തോടൊപ്പം കൊല്ലം ഇരവിപുരം പോലീസ് സ്റ്റേഷനിലെ ഫയലുകളും വിവിധ രേഖകളുടെ ഫയൽ കോപ്പികളും കണ്ടെത്തി.
ബുധനാഴ്ച പുലർച്ചെയാണ് മേപ്പൂക്കട താലൂക്ക് ആശുപത്രി റോഡിലെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ സാമൂഹ്യവിരുദ്ധർ ലോറിയിൽ മാലിന്യം കൊണ്ട് തള്ളിയത്.
നാട്ടുകാർ നടത്തിയ പരിശോധനയിൽ മാലിന്യത്തോടൊപ്പം കിടന്ന പേപ്പർ കെട്ടിൽ ഇരവിപുരം സ്റ്റേഷനിൽ നിന്നുള്ള വിവിധ ഫയലുകളുടെ കോപ്പിയും കണ്ടെത്തി.
മുൻ ഡിജിപി ലോക്നാഥ് ബെഹ്റ പുറപ്പെടുവിച്ച ഉത്തരവുകളും, വിജിലൻസ് മെസേജുകളുടെ ഫയൽ, കൊല്ലം മജിസ്ട്രേറ്റ് കോടതിയിൽ ഇരവിപുരം സ്റ്റേഷനിൽ നിന്ന് നൽകിയ റിപ്പോർട്ടുകളുടെ കോപ്പി എന്നിവയാണ് കണ്ടെത്തിയത്.
2018- 19 ലെ രേഖകൾ ആണെങ്കിലും പോലീസ് വകുപ്പിൽ മാത്രം കൈമാറുന്ന രേഖകൾ മാലിന്യ കൂമ്പാരത്തിൽ കണ്ടത് ഗൗരവമുള്ളതാണെന്നും നാട്ടുകാർ പറയുന്നു .
മാലിന്യ നിക്ഷേപം അറിഞ്ഞു എത്തിയ പാഞ്ചായത്ത് അധികൃതരും സ്ഥലത്തുണ്ടായിരുന്ന റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും ഇരവിപുരം സ്റ്റേഷനിൽ ബന്ധപ്പെട്ടു വിവരം ധരിപ്പിച്ചു.
അന്വേഷിക്കാം എന്ന മറുപടി മാത്രമാണ് ലഭിച്ചത്.ലഭിച്ച രേഖകൾ ബന്ധപ്പെട്ടവർ അന്വേഷിച്ചു എത്തുമ്പോൾ കൈമാറും എന്ന് മലയിൻകീഴ് പാഞ്ചായത്ത് സെക്രട്ടറി, വൈസ് പ്രസിഡന്റ്,റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്, തുടങ്ങിയവർ പറഞ്ഞു.