തിരുവനന്തപുരം: കോവിഡ് മഹാമാരികാലത്തെ ആരോഗ്യപ്രവർത്തകരുടെയും പോലീസിന്റെയും സേവനങ്ങളെ പ്രകീർത്തിച്ച് കൊണ്ടുള്ള മ്യൂസിക്കൽ ആൽബം പുറത്തിറങ്ങി.
യു ട്യൂബ് ചാനലിലൂടെയാണ് ഗാനങ്ങളുടെ പ്രകാശനം നടന്നത്.ഈ ആൽബത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തും ഡോ. അഞ്ജലി സുകുമാറുമാണ്.
നിരവധി ആൽബങ്ങൾക്ക് ഗാനരചന നിർവഹിച്ചിട്ടുള്ള തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ രാജേഷ് തെക്കിനേഴത്താണ് ഗാനങ്ങൾ രചിച്ചത്.
പ്രതിസന്ധിഘട്ടങ്ങളിലും രോഗദുരിതകാലത്തും പോലീസും ആരോഗ്യ പ്രവർത്തകരും കാട്ടിയ സേവനങ്ങളാണ് പ്രതിപാദിക്കുന്നത്. ഇവരാണ് നമ്മുടെ കാവൽക്കാർ എന്ന സന്ദേശം നൽകുന്നതാണ് ആൽബം.
കാവലായ് കരുതലായ് കാരുണ്യമായ് എന്ന ഗാനമാണ് എഡിജിപി ശ്രീജിത്ത് ആലപിച്ചിരിക്കുന്നത്. വി.ജെ.ഹിമഗിരി സംഗീതം നിർവഹിച്ചിരിക്കുന്ന ഈ ആൽബത്തിന്റെ നിർമ്മാണം അബ്ര എച്ച് മ്യൂസിക് കന്പനിക്ക് വേണ്ടി റഷീദ് ആണ്.