കൊച്ചി: കൊച്ചി കോര്പ്പറേഷൻ പള്ളുരുത്തി മേഖല ഓഫീസിലെ ഉദ്യോഗസ്ഥന് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ യുവസംരംഭകയ്ക്ക് ഫ്ളോര്‍ മില്‍ തുടങ്ങാനുള്ള ലൈസന്‍സ് കിട്ടി.
ഇന്നലെ ഉച്ചയോടെയാണ് നഗരസഭയുടെ പളളുരുത്തി ഹെല്‍ത്ത് വിഭാഗത്തില്‍നിന്ന് മിനി ആല്‍ബി ലൈന്‍സന്‍സ് സ്വീകരിച്ചത്. തടസങ്ങളെല്ലാം നീങ്ങിയതോടെ സംരംഭം ഉടന്‍ തുടങ്ങുമെന്ന് മിനി പറഞ്ഞു.
എറണാകുളം പെരുമ്പടപ്പ് സ്വദേശി മിനി ആല്ബിക്കാണ് നഗരസഭാ അധികൃതരില്‍നിന്ന് ദുരനുഭവം ഉണ്ടായത്.
സംരംഭം തുടങ്ങുന്നതിനുള്ള പെര്‍മിറ്റിനായി മിനി ആദ്യം 16,000 രൂപ മുടക്കി പേപ്പറുകള്‍ തയാറാക്കിയിരുന്നു.
14 വര്‍ഷം കുവൈറ്റില്‍ നഴ്സായിരുന്ന മിനി എറണാകുളം പെരുമ്പടപ്പില്‍ വീടിനോടു ചേര്‍ന്നു ഫ്ളവര്‍മില്‍ സ്ഥാപിക്കാനായി സര്‍ക്കാര്‍ ഓഫീസുകളില്‍ ഒന്നരമാസം കയറിയിറങ്ങിയിട്ടും ആവശ്യമായ രേഖകള്‍ ശരിയായി കിട്ടിയില്ല.
അതിനിടെയാണ് കൊച്ചി കോര്‍പറേഷന്റെ പള്ളുരുത്തി മേഖലാ ഓഫീസിലെ ഉദ്യോഗസ്ഥനായ സേവ്യര്‍ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
മിനിയോട് ഫോണില്‍ സംസാരിച്ച മന്ത്രി രാജീവ് ഇനി കോര്‍പറേഷനിലോ മറ്റു സ്ഥാപനങ്ങളിലോ കയറിയിറങ്ങേണ്ടെന്നും പേപ്പറുകള്‍ ശരിയാക്കാനായി നിര്‍ദേശം നല്‍കിയെന്നും അറിയിച്ചിരുന്നു.
എങ്കിലും രേഖകള്‍ക്കായി ആദ്യം മുതലുളള കാര്യങ്ങള്‍ വീണ്ടും ചെയ്യേണ്ടിവന്നുവെന്ന് മിനി പറഞ്ഞു.
പേപ്പര്‍ വര്‍ക്കുകള്‍ വീണ്ടും ചെയ്യുന്നതിനായി ഇതുവരെ 3,000 രൂപ ചെലവായി. താന്‍ തയാറാക്കി നല്കുന്ന പേപ്പറുകള്‍ കോര്പറേഷന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.എ. ശ്രീജിത്ത് ചുമതലപ്പെടുത്തിയ പ്രവര്‍ത്തകര്‍ നഗരസഭ ഓഫീസിലും മറ്റും കൊണ്ടുപോയി ഏല്‍പ്പിച്ച് കാര്യങ്ങള്‍ എളുപ്പത്തിലാക്കിയെന്ന് മിനി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് മിനിയോടു കൈക്കൂലി ആവശ്യപ്പെട്ട പള്ളുരുത്തി ഹെല്‍ത്ത് പത്താം സര്‍ക്കിള്‍ ഓഫീസ് ജീവനക്കാരനായ സേവ്യറിനെ സസ്പെന്‍ഡ് ചെയ്യുകയുണ്ടായി. പള്ളുരുത്തി സോണല്‍ ഓഫീസ് ക്ലര്‍ക്ക് ജിതിനെ സെക്ഷനില്‍നിന്നു മാറ്റിയിരുന്നു.