കോട്ടയം: ജില്ലയിൽ പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിൽ വൻ വർധന.ജില്ലയിൽ കഴിഞ്ഞവർഷം പെണ്‍കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ (പോക്സോ) കേസുകൾ 142 എണ്ണമാണെന്ന് ജില്ലാ ക്രൈം റിക്കാർഡ്സ് ബ്യൂറോ കണക്കുകൾ സൂചിപ്പിക്കുന്നു.
സംരക്ഷകരിൽനിന്നും പീഡനത്തിനിരയാകുന്നവരാണ് ഇവരിലേറെയും. രണ്ടുദിവസം കൂടുന്പോൾ ഒരു കുട്ടി പീഡനത്തിനിരയാകുവെന്നുവേണം കരുതാൻ.
2020ൽ 131 കുട്ടികൾ പീഡനത്തിനിരയായപ്പോൾ 2019ൽ 194, 2018-157, 2017-145, 2016-112 എന്നിങ്ങനെയാണു പീഡനക്കേസുകളുടെ എണ്ണം. റിപ്പോർട്ട് ചെയ്യുന്നതിലെ എണ്ണം വർധിച്ചതാണു പീഡനക്കേസുകൾ ഉയരാൻ കാരണമെന്നും പറയുന്നവരുമുണ്ട്.
അഞ്ച് വർഷത്തിനിടെ പോക്സോ കേസുകൾ ഇരട്ടിയോളം വർധിച്ചു. കോവിഡ് കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവരാണു പെണ്‍കുട്ടികളെ ഏറ്റവും കൂടുതൽ ചൂഷണത്തിനിരയാക്കിയത്.
വൈക്കം, ഈരാറ്റുപേട്ട, എരുമേലി, മുണ്ടക്കയം, പാലാ, കോട്ടയം വെസ്റ്റ്, കുമരകം, കടുത്തുരുത്തി സ്റ്റേഷനുകളിലാണു കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
സംസ്ഥാനത്ത് പോക്സോ കേസുകളുടെ എണ്ണത്തിൽ 2013ൽ കോട്ടയം 11-ാം സ്ഥാനത്തായിരുന്നെങ്കിൽ കഴിഞ്ഞവർഷം ഒന്‍പതാം സ്ഥാനത്തായി.
പോക്സോ കേസുകളിൽ 80 ശതമാനത്തിനു മുകളിൽ മൊബൈൽ ഫോണുകളാണു പ്രധാനപ്രശ്നം. പത്ത് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികളാണു കൂടുതലും പീഡനക്കേസിൽ അകപ്പെടുന്നത്.
ഓണ്‍ലൈൻ ക്ലാസുകൾക്ക് വാങ്ങിയ ഫോണുകൾ ദുരൂപയോഗം ചെയ്യുന്നത് പീഡനത്തിലേക്ക് നയിക്കുകയാണ്. ഫേസ് ബുക്ക്, വാട്സ് ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ ഗ്രൂപ്പുകളാണു പെണ്‍കുട്ടികളെ പീഡനത്തിലേക്കു നയിക്കുന്നതെന്ന് കേസ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.