ജോണ്സണ് വേങ്ങത്തടം
കോട്ടയം: വീൽച്ചെയറിലാണ് ആൽഫിയയുടെ ജീവിതം. പക്ഷേ, അവളുടെ കാലുകൾ മാത്രമേ തളർന്നിട്ടുള്ളൂ. തളരാത്ത മനസുമായി ഈ വീൽച്ചെയറിലിരുന്നു രാജ്യത്തിനുവേണ്ടി സ്വർണക്കൊയ്ത്തു നടത്താനൊരുങ്ങുകയാണ് ആൽഫിയ ജയിംസ് എന്ന പെണ്‍കുട്ടി.
മാർച്ച് ഒന്നിനാരംഭിക്കുന്ന സ്പെയിൻ ഇന്റർനാഷണൽ പാരാ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിലും തുടർന്നു നടക്കുന്ന ദുബായ് ഓപ്പണ്‍ പാരാ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിലും ബഹ്റിൻ പാരാ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിലും പങ്കെടുക്കാൻ ലക്നോവിലെ ഇന്ത്യൻക്യാന്പിൽ പരിശീലനത്തിലാണ് ആൽഫിയ. കേരളത്തിൽ നിന്നു ആൽഫിയ മാത്രമേ ഇന്ത്യൻ സംഘത്തിലുള്ളൂ.
ചൈനയിൽ അരങ്ങേറുന്ന ഏഷ്യൻ ഗെയിംസിലും ബർമിംഹാമിൽ നടക്കുന്ന കോമണ്‍ വെൽത്ത് ഗെയിംസിലും അടുത്ത വർഷം പാരീസിൽ നടക്കുന്ന പാരാലിന്പിക്സിലേക്കുള്ള മത്സരത്തിലും പങ്കെടുക്കാനുള്ള യോഗ്യതയും ആൽഫിയ ജയിംസിനു ലഭിച്ചു .
മൂവാറ്റുപുഴ തിരുമാറാടി കൊച്ചുകുന്നേൽ ജയിംസിന്റെയും ബിജിയുടെയും മകൾ ആൽഫിയ, ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന നാലാമത് ദേശീയ പാരാ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ വനിതകളുടെ വീൽചെയർ1 വിഭാഗത്തിൽ സിംഗിൾസിലും ഡബിൾസിലും സ്വർണം നേടിയാണ് ലക്ഷ്യത്തിലേക്കു കുതിക്കുന്നത്.
രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് 20 വയസുകാരി പാരാ നാഷണൽ ബാഡ്മിന്റണിൽ സ്വർണമണിയുന്നത്.ആൽഫിയായെ രാജ്യത്തിന്റെ സുവർണഗേൾ എന്ന വിശേഷണം നൽകി പാരാലിന്പിക് കമ്മിറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ഡോ. ദീപ മാലിക് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്, സ്പോർട്സ് അതോറിറ്റിഓഫ് ഇന്ത്യ, പാരാലിബിക് കമ്മിറ്റി ഓഫ് ഇന്ത്യ തുടങ്ങിയ ഒൗദ്യോഗിക വെബ് പോർട്ടലുകളിൽ കുറിപ്പിട്ടു.
ദ്രോണാചാര്യ അവാർഡ് ജേതാവും ദേശീയ കോച്ചുമായ ഗൗരവ് ഖന്ന, ആൽഫിയയെ രാജ്യത്തിന്റെ അഭിമാനം എന്നാണ് രേഖപ്പെടുത്തിയത്.ആൽഫിയ എല്ലാവരെയും പോലെ ഓടി നടന്ന പെണ്‍കുട്ടിയാണ്. തൊടുപുഴ മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിലെ ഉൗർജ്വസ്വലയായ വിദ്യാർഥിനി. അധ്യാപകർക്കും സഹപാഠികൾക്കുമെല്ലാം പ്രിയങ്കരി.
സ്കൂളിലെ ഒന്നാംതരം ബാസ്ക്കറ്റ് ബോൾ പ്ലെയർ. സിബിഎസ്ഇ നാഷണൽ ബാസ്ക്കറ്റ്ബോൾതാരം. എന്നാൽ കുറച്ച് വർഷങ്ങൾക്കു മുന്‍പുണ്ടായ അപകടത്തിൽ നട്ടെല്ലിനു പരിക്കുപറ്റുകയും രണ്ടു കാലുകളും തളരുകയും ചെയ്തു. ആൽഫിയയുടെ ഏഴാംവയസിൽ അച്ഛൻ ജെയിംസ് അപകടത്തിൽ മരിച്ചു.അമ്മയും ഇളയ സഹോദരനും മാത്രം.
അച്ഛനില്ലാത്ത അവസ്ഥയിൽ തന്നെയും സഹോദരനെയും പഠിപ്പിച്ചു ഒരു കരയ്ക്കെത്തിക്കാൻ പാടുപെടുന്ന അമ്മയെ കണ്ടു വളർന്ന ഈ പെണ്‍കുട്ടിക്ക് പഠിച്ച് എത്രയും വേഗം ജോലി സന്പാദിച്ച് അമ്മയ്ക്കും സഹോദരനും താങ്ങാകണമെന്ന ചിന്തയായിരുന്നു എപ്പോഴും.
അതിനായി പഠനത്തോടൊപ്പംതന്നെ കലാ- കായിക ഇനത്തിലും സ്കൂളിലെ സജീവ സാന്നിധ്യമായിരുന്നു ഈ കൊച്ചു മിടുക്കി.കഴിഞ്ഞ വർഷം ബംഗളൂരുവിൽ നടന്ന ദേശീയ പാരാ പവർലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ വെള്ളി മെഡലും കേരള സ്റ്റേറ്റ് പവർലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ ഓപ്പണ്‍ വിഭാഗത്തിൽ സ്വർണ മെഡലും നേടിയിരുന്നു.
വീൽച്ചെയർ ബാസ്കറ്റ് ബോളിലും താരമാണ്.ജയ്ൻ യൂണിവേഴ്സിറ്റിയിൽ ബികോം ഫൈനൽ ഇയർ വിദ്യാർഥിനിയാണ് ആൽഫിയ. സഹോദരൻ ആൽഫിൻ പ്ലസ്ടു വിദ്യാർഥിയും.