പന്തളം: വേനലിന്റെ ആരംഭത്തില്‍ത്തന്നെ അച്ചന്‍കോവിലാറ്റില്‍ വിഷം കലര്‍ത്തി മീന്‍പിടിത്തം തുടങ്ങി. കഴിഞ്ഞദിവസം രാത്രിയില്‍ വിഷം കലര്‍ത്തിയതിനെത്തുടര്‍ന്ന് മീനുകള്‍ മാത്രമല്ല ആമയും നീര്‍ക്കോലിയും വരെ ചത്തുപൊങ്ങി.
വെള്ളം വറ്റിത്തുടങ്ങിയതോടെയാണ് സാമൂഹിക വിരുദ്ധര്‍ വിഷം കലര്‍ത്തല്‍ തുടങ്ങിയത്. വലിയകോയിക്കല്‍ ക്ഷേത്രക്കടവ് മുതല്‍ താഴോട്ടുള്ള ഭാഗത്താണ് കൂടുതലും വിഷം കലര്‍ത്തല്‍ നടക്കുന്നത്.
വിവരമറിഞ്ഞ് പോലീസെത്തുമ്പോഴേക്കും ഇവര്‍ രക്ഷപ്പെടുകയാണ് പതിവ്.മീനുകള്‍ ചത്തുപൊങ്ങുന്നതു കാരണം വെള്ളത്തിന് ദുര്‍ഗന്ധമാണ്.
വെള്ളക്കുറവുള്ള വലിയപാലത്തിന് സമീപത്തും വലിയകോയിക്കല്‍ ക്ഷേത്രക്കടവിലുമാണ് കഴിഞ്ഞ വര്‍ഷം പലതവണ വിഷം കലര്‍ത്തിയത്.
വെള്ളം കുറഞ്ഞതും ഒഴുക്ക് നിലച്ചതും കാരണം ചത്തുപൊങ്ങുന്ന മീന്‍ കെട്ടിക്കിടന്ന് ദുര്‍ഗന്ധം ഉണ്ടാകുന്നുണ്ട്.മുളമ്പുഴയിലുള്ള തടയണയിലും എല്ലാ വര്‍ഷവും മീന്‍ ചത്തുപൊങ്ങി ദിവസങ്ങളോളം ദുര്‍ഗന്ധം വമിക്കാറുണ്ട്.
തീര്‍ഥാടകരുള്‍പ്പെടെ കുളിക്കാനിറങ്ങുന്ന ക്ഷേത്രക്കടവിലുള്ള തടയണയില്‍ ചത്ത മീനുകളുള്പ്പെടെ മാലിന്യം അടിഞ്ഞുകൂടിക്കിടക്കുകയാണ്.
എല്ലാ വര്‍ഷവും വേനല്‍ക്കാലത്ത് പലതവണയാണ് നദിയില്‍ വിഷം കലര്‍ത്തുന്നത്. ഫിഷറീസ് വകുപ്പ് ത്രിതല പഞ്ചായത്തുകളുമായി സഹകരിച്ച് നദിയില്‍ നിക്ഷേപിക്കുന്ന വളര്ത്തുമീനുകളെല്ലാം കൂട്ടത്തോടെ നശിച്ചുപോകാനും ഇതു കാരണമാകുന്നു.